കര്‍ണാടകയില്‍ സസ്‌പെന്‍സ്; സിദ്ധനോ..ഡികെയോ? മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ചകള്‍

ബംഗളുരു: തിളക്കമാര്‍ന്ന വിജയത്തിന് ശേഷം കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ന്യൂഡല്‍ഹിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ മാരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഹൈക്കമാന്‍ഡ് നിരീക്ഷകന്‍ സുഷീല്‍ കുമാര്‍ ഷിന്‍ഡെ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവരുമായും കൂടിയാലോചനകള്‍ നടത്തിയതിന് ശേഷം ഹൈക്കമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഐക്യകണ്ഠേനയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിയത്. എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രണ്‍ന്ദീപ് സിംഗ് സുര്‍ജെവാല എന്നിവര്‍ ഇപ്പോഴും ബെംഗളൂരുവില്‍ തുടരുന്നുണ്ട്. ജനഹിതം പോലെ തന്നെ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഇല്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് നേതൃത്വം ശ്രമം നടത്തി വരുന്നത. നിലവില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്കുണ്ട്. അങ്ങനെയെങ്കില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനാണ് ഏറെ സാധ്യത. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാക്കി ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവും ഹൈക്കമാണ്ടിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്. അടുത്ത ടേമില്‍ ശിവകുമാറിനെ പരിഗണിക്കാമെന്ന ഉറപ്പും ഹൈക്കമാന്റ് നല്‍കിയേക്കുമെന്നാണ് സൂചന. ഇതിനിടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. മലയാളികളായ കെ ജെ ജോര്‍ജിനും എന്‍.എ ഹാരിസിനും നറുക്ക് വീഴാന്‍ സാധ്യതയുണ്ട്. അടുത്തിടെ കോണ്‍ഗ്രസിലെത്തി തെരഞ്ഞെടുപ്പില്‍ തോറ്റ ബി.ജെ.പി-യുടെ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാറിനെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തര്‍ക്കങ്ങള്‍ നീണ്ടുപോകാതെ പ്രശ്‌നം പരിഹരിച്ച് മുന്നോട്ടു പോയാല്‍ നിശ്ചയ പ്രകാരം വ്യാഴാഴ്ച്ച തന്നെ സത്യപ്രതിജ്ഞ നടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.