ഇടുക്കി: നാടുകടത്തിയെങ്കിലും പൂര്‍വാധികം ഊര്‍ജസ്വലതയോടെ അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആകാശദൂരം കണക്കാക്കുമ്പോള്‍ അരിക്കൊമ്പന്‍ ഇടുക്കി ജില്ലയില്‍ കുമളിക്ക് ആറു കിലോമീറ്റര്‍ അരികില്‍വരെ കഴിഞ്ഞ ദിവസം എത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചു. ആനയുടെ ജി.പി.എസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ യഥാസമയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇറക്കിവിട്ട സ്ഥലമായ മേദകാനം ഭാഗത്തേക്ക് ആന മടങ്ങിയെങ്കിലും കുമളിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി അരിക്കൊമ്പന്‍ എത്തിയെന്ന വാര്‍ത്ത പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതേസമയം അരിക്കൊമ്പന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നിലവില്‍ പെരിയാര്‍ കടുവ സാങ്കേതത്തിന്റെ ഭാഗമായ വനത്തിനുള്ളില്‍ തന്നെയാണ് ആനയുള്ളതെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വനം വകുപ്പ് അറിയിച്ചു.
ജനവാസ മേഖലയില്‍ ഭീതി പരത്തി ജനങ്ങളെ ആക്രമിക്കുകയും അവരുടെ വീടും കൃഷിയും നശിപ്പിക്കുന്നതും പതിവാക്കിയ അരിക്കൊമ്പനെ ഗത്യന്തരമില്ലാതെയാണ് ഹൈക്കോടതി ഉത്തരവോടെ മയക്കുവെടിവച്ച് പിടികൂടിയത്. നിരന്തരം ഭീഷണിയായി മാറിയ അരിക്കൊമ്പന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകിയതില്‍ വന്‍ ജനകീയ പ്രക്ഷോഭത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. തുടര്‍ന്നാണ് ചിന്നക്കനാലില്‍ നിന്നും ആനയെ മയക്കുവെടിവച്ച് പിടികൂടി അകലെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ച് സുരക്ഷിതമായി തുറന്നുവിട്ടത്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആന തമിഴ്‌നാട്ടിലെ ജനവാസമേഖലയില്‍ എത്തിയതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ആ മേഖലയില്‍ ചുറ്റിക്കറങ്ങിയ അരിക്കൊമ്പന്‍ വീടുകള്‍ക്ക് നേരേ ആക്രമണം നടത്തിയതായും കടകള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. വനപാലകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡ് അരിക്കൊമ്പന്‍ തകര്‍ത്തതായും ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടുവെന്നും തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.
അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്നാട്ടിലെ വനമേഘലയില്‍ വിനോദസഞ്ചാരികള്‍ക്ക് അവിടുത്തെ വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇപ്പോഴും തുടരുകയാണ്. തമിഴ്‌നാട് വനമേഖല വിട്ട് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് ആന കടന്നെങ്കിലും തങ്ങളുടെ വനമേഖലയില്‍ തമിഴ്‌നാട് ഇപ്പോഴും ശക്തമായ നിരീക്ഷണം തുടരുകയാണ്. നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന സംഘത്തോട് അവിടെത്തന്നെ തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആന മടങ്ങിവരാനുള്ള സാദ്ധ്യത പരിഗണിച്ചാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുമ്പാണ് അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്.