പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം വിവാദത്തില്‍; പരാതിയുടെ പൊതുപ്രവര്‍ത്തകര്‍

തിരുവനരപുരം: പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പരാതി. പൊതുപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫനാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്. ഉദ്ഘാടനം പ്രധാനമന്ത്രിക്കു പകരം ഇന്ത്യന്‍ രാഷ്ട്രപതി നിര്‍വഹിക്കുക, ഉദ്ഘാടനം മതേതര രീതിയില്‍ നടത്തുക കൂടാതെ ഉദ്ഘാടനത്തിനായി നിലവില്‍ നിശ്ചയിച്ചിരിക്കുന്ന തീയതി മാറ്റി മറ്റൊരു തീയതി തെരഞ്ഞെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സാബു പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന്റെ കാരണങ്ങളും സാബു പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു വേണ്ടിയുള്ള തറക്കല്ലിടല്‍ അതായത് ഭൂമി പൂജ 2020 ഡിസംബര്‍ 10-നാണ് നടന്നത്. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഹിന്ദുമത ചടങ്ങുകളോടെയാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ഒരു പ്രത്യേക മതത്തിന് പരിഗണന നല്‍കുന്ന സമ്പ്രദായം ഇന്ത്യയില്‍ ഇല്ലെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണനയാണ് ഭരണഘടന അനുശാസിക്കുന്നതെന്നും സാബു പരാതിയില്‍ ബോധിപ്പിക്കുന്നു. രാഷ്ട്ര നിര്‍മാണത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായ സി. രാജഗോപാലാചാരിയുടെ ജന്മദിനമാണ് ഡിസംബര്‍ മാസം 10-ാം തീയതി. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ബ്രിട്ടീഷ്-ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണ്ണര്‍ ജനറലും ഇന്ത്യക്കാരനും  ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറലുമായ അദ്ദേഹത്തിന്റെ ജന്‍മദിനം ഉദ്ഘാടന ദിനമായി പരിഗണിച്ചത്. എന്നാല്‍ പുതിയ പാര്‍ലമെന്റ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള തിയതി നിശ്ചയിച്ചിരിക്കുന്നത് സവര്‍ക്കറുടെ ജന്മദിനായ ഈ മാസം 28-നാണ്. ഇന്ത്യന്‍ രാഷ്ട്ര നിര്‍മാണവുമായി യാതൊരു ബന്ധവുമില്ലാത്ത സവര്‍ക്കറുടെ ജന്മദിനം തിരഞ്ഞെടുത്തത് ഇന്ത്യന്‍ ഭരണഘടന മൂല്യങ്ങള്‍ക്കെതിരാണെന്നും ആയതിനാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും സാബു സ്റ്റീഫന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി എത്തിയിരിക്കുകയാണ്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് നടത്തിക്കാന്‍ നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അഭിഭാഷകനായ സി.ആര്‍ ജയ സുകിനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനയുടെ 79-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമ പൗരന്‍ എന്നും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവയ്ക്കാനും രാഷ്ട്രപതിയ്ക്കാണ് അധികാരം. പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നതും അദ്ദേഹമാണ്. എല്ലാ ഭരണനിര്‍വഹണ നടപടികളും രാഷ്ട്രപതിയുടെ പേരിലാണ്. ചടങ്ങില്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അപമാനകരവും ഭരണഘടനാ ലംഘനവുമാണെന്ന വാദം നിലനില്‍ക്കുന്നതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഏകപക്ഷീയമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.