തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പ്രഖ്യാപിത നയത്തില്‍ നിന്ന് മൂന്ന് നിബന്ധനകള്‍ ലംഘിച്ചാണ് കെ-ഫോണിന് ആവശ്യമായ കേബിള്‍ ഇടുന്നതെന്നും ഈ കേബിളുകള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും ഇതിന്റെ ഗുണമേന്മയില്‍ ഒരു ഉറപ്പുമില്ലെന്നും പ്രതിപക്ഷനേതാവ് വിശദമാക്കി. മാത്രമല്ല നിലവില്‍ ഉപയോഗിക്കുന്നത് വില കുറഞ്ഞ കേബിളുകളാണെന്നും സംസ്ഥാനത്തുടനീളം എത്ര കണക്ഷന്‍ ഇതുവരെ നല്‍കിയെന്നും സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. പതിനായിരം പേര്‍ക്ക് കണക്ഷന്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍ ഈ വാദം തെറ്റാണെന്നും ജില്ല തിരിച്ചു സര്‍ക്കാര്‍ അടിയന്തിരമായി കണക്ക് പുറത്തു വിടണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സ്വാന്‍ പദ്ധതി നടപ്പാക്കുന്നതും, കെ-ഫോണ്‍ കൊണ്ടുവരുന്നതും കറക്ക് കമ്പനിയായ SRIT-യാണ്. ഇതിനുപുറമേ നാലു കോടിയില്‍ അധികം രൂപ ഉദ്ഘാടന മഹാമാഹത്തിനായി ചിലവാക്കുന്നത് തന്നെ വന്‍ ധൂര്‍ത്താണ്. ഈ അഴിമതിക്ക് ജനങ്ങള്‍ പണം നല്‍കേണ്ടി വരുമെന്നും വി.ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ബോധപൂര്‍വം ജനത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വന്‍ അഴിമതിയുടെ രണ്ട് പദ്ധതികളായ കെ-ഫോണിലും എ.ഐ ക്യാമറയിലും വരും ദിവസങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഇതിനുവേണ്ടുന്ന രേഖകള്‍ ശേഖരിച്ചു വരികയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.