വയനാട് : രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എം.പി.ഓഫീസ് പൂർണ്ണമായും അടച്ചു. ഓഫീസ് സ്റ്റാഫിനെ പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതോടെയാണ് ഓഫീസ് അടച്ചത്.ഇവിടെ സുരക്ഷക്കായി ജില്ലാ പോലീസ് മേധാവി നിയോഗിച്ച പോലീസ് സേനയെ നേരത്തെ പിൻവലിച്ചിരുന്നു.
രാഹുൽ ഗാന്ധി എം.പി. ആയതോടെ കൽപ്പറ്റ സിവിൽ സ്റ്റേഷനും കൈ നാട്ടിക്കും ഇടക്കായി ആരംഭിച്ച എം – പി.ഓഫിസാണ് പൂർണ്ണമായും അടച്ചു പൂട്ടിയത്. എം.പി. എന്ന നിലയിൽ രാഹുൽ ഗാന്ധി ക്ക് അനുവദിച്ചിരുന്ന രണ്ട് സ്റ്റാഫംഗങ്ങളെയും പിൻവലിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതോടെയാണ് ഓഫീസിൻ്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചത് .ആളും ആരവങ്ങളുമുണ്ടായി ഓഫീസ് പരിസരവും ഇടനാഴികളും ആളനക്കമില്ലാത്ത വിജന പ്രദേശങ്ങളായി. എസ്.എഫ്.ഐ.ആക്രമണത്തിന് ശേഷം ഓഫീസിന് കേരള പോലീസ് ഏർപ്പെടുത്തിയ പോലീസ് കാവൽ നേരത്തെ പിൻവലിച്ചിരുന്നു. കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൻ്റെ പേരിൽ ലോക് സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷവും ഇവിടെ പോലീസ് കാവൽ തുടരുകയും സ്റ്റാഫ് ഓഫീസിലെത്തുകയും ചെയ്തിരുന്നു. പൊതുജനങ്ങൾ നൽകിയ പരാതികളിലും എം.പി. എന്ന നിലയിൽ രാഹുൽ ഗാന്ധി ഇടപെട്ട വികസ കാര്യങ്ങളിലും തുടർ പ്രവർത്തനങ്ങൾ ഇതോടെ നിലച്ചു.