ലഹരി വിരുദ്ധ കാമ്പയിന്‍ ജനങ്ങളെ കബളിപ്പിക്കുന്ന നടപടി മാത്രമാണ്‌.വി എം സുധീരൻ

 

ഇന്ന് ജൂൺ 26,ലോക ലഹരി വിരുദ്ധ ദിനമായി നമ്മൾ ആചരിക്കുന്നു.എന്നാൽ ലഹരിയുടെ ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തിൽ .എംഡി എം എ പോലെയുള്ള മാരകമായ ലഹരി വസ്തുക്കളാണ് പല മേഖലകളിലും സിനിമയിലും വിദ്യാർത്ഥികളുടെ ഇടയിലും കുടുംബത്തിലും ഒരു മഹാവിപത്തായി ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നത്.വിദ്യാർത്ഥികളുടെ ഇടയിൽ കഞ്ചാവിനെ കുറിച്ച് ചോദിച്ചാൽ അതുക്കും മേലെ എന്നാണ് അവർ തരുന്ന ഉത്തരം.വി എം സുധീറിന്റെ ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് ഒന്ന് വായിക്കാം.കോൺഗ്രസിൽ വിഎം സുധീരൻ മാത്രമാണുള്ളത് ഈ ലഹരിക്കെതിരെയുള്ള ഒറ്റയാൾ പോരാട്ടത്തിൽ .അപ്പോൾ എന്തുകൊണ്ടും ഈ പോസ്റ്റ് ഇടാൻ അർഹനായത് സുധീരൻ തന്നെയാണ്.അദ്ദേഹത്തിൻറെ വാക്കുകളിലേക്ക് സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന മഹാ വിപത്തായ ലഹരിക്കെതിരേ ലോകജനതയെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഐക്യരാഷ്‌ട്രസഭ എല്ലാ വര്‍ഷവും ജൂണ്‍ 26 രാജ്യാന്തര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നത്‌.കോവിഡിനെ പോലെതന്നെയുള്ള മാരക വിപത്താണു മദ്യം, മയക്കുമരുന്ന്‌ തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍. ഇതെല്ലാം തിരിച്ചറിയുന്ന ഭരണകൂടങ്ങള്‍ തന്നെ മദ്യത്തിന്റെ വ്യാപനത്തിനായി സര്‍വ ശ്രമങ്ങളും നടത്തുന്നു എന്നത്‌ വിചിത്രമാണ്‌. നാടിനെ സര്‍വ നാശത്തിലേക്ക്‌ നയിക്കുന്ന മദ്യവ്യാപനത്തിന്റെ നടത്തിപ്പുകാരായ സംസ്‌ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന ലഹരി വിരുദ്ധ കാമ്ബയിന്‍ ജനങ്ങളെ കബളിപ്പിക്കുന്ന നടപടി മാത്രമാണ്‌.
മദ്യം ഒരു അവശ്യവസ്‌തുവല്ലെന്നത്‌ കഴിഞ്ഞ ലോക്‌ഡൗണ്‍ കാലത്ത്‌ (ഏപ്രില്‍-മേയ്‌ 2020) തെളിയിക്കപ്പെട്ടതാണ്‌. ആ 64 ദിവസം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തില്‍ മദ്യനിരോധനമായിരുന്നു.
ആ ഇടവേളയില്‍ മദ്യശാലകള്‍ സമ്ബൂര്‍ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്‌ഥാനത്തുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാകില്ല.
ലോക്‌ഡൗണ്‍ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍വന്ന ഗണ്യമായ കുറവ്‌ പോലീസിന്റെ സ്‌റ്റേറ്റ്‌ ൈക്രം റെക്കോഡ്‌സ്‌ ബ്യൂറോയില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. മദ്യഉപയോഗം ഇല്ലാതായതിനെത്തുടര്‍ന്ന്‌ അതില്‍പ്പെട്ടിരുന്നവരുടെ കുടുംബങ്ങള്‍ക്കുണ്ടായ സാമ്ബത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. 3,978 കോടി രൂപയുടെ സാമ്ബത്തിക നേട്ടം ഇത്തരം കുടുംബങ്ങള്‍ക്ക്‌ ഉണ്ടായതായി അഡിക്‌ ഇന്ത്യയുടെ പഠനം വ്യക്‌തമാക്കുന്നുണ്ട്‌.മദ്യം ഇല്ലാതായാല്‍ മയക്കുമരുന്ന്‌ ഉപയോഗം വര്‍ധിക്കും, വ്യാജവാറ്റ്‌ പെരുകും, മദ്യം ഉപയോഗിച്ചിരുന്നവര്‍ക്ക്‌ അതില്ലാതായാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നിങ്ങനെ മദ്യവ്യാപനനയത്തിന്‌ ആധാരമായി നേരത്തേമുതല്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന വാദഗതികളും പ്രചരണങ്ങളും അസ്‌ഥാനത്താണെന്നു ലോക്‌ഡൗണ്‍ കാലത്ത്‌ തെളിയിക്കപ്പെട്ടു.
മയക്കുമരുന്ന്‌ കേസുകള്‍ 2020 വര്‍ഷത്തിലെ മാസ ശരാശരി 305.5 ആയിരുന്നുവെങ്കില്‍ ലോക്‌ഡൗണ്‍ കാലത്ത്‌ രണ്ടുമാസത്തെ ശരാശരി കേവലം 97.5 കേസുകളായി കുറഞ്ഞുവെന്നത്‌ ശ്രദ്ധേയമാണ്‌.
സ്‌പിരിറ്റിന്റെ കാര്യത്തിലും ഈ വ്യത്യാസം കാണാം. 2020ല്‍ സ്‌പിരിറ്റ്‌ പിടികൂടിയതിന്റെ മാസ ശരാശരി 1932 ലിറ്ററായിരുന്നെങ്കില്‍ ലോക്‌ഡൗണ്‍കാലത്ത്‌ രണ്ടുമാസത്തെ ശരാശരി കേവലം 59.5 ലിറ്റര്‍ മാത്രമായിരുന്നു. (എക്‌സൈസ്‌ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനെ ആധാരമാക്കി അഡിക്‌ ഇന്ത്യ തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍നിന്ന്‌)
മദ്യമില്ലാതിരുന്ന ലോക്‌ഡൗണ്‍ കാലത്ത്‌ മയക്കുമരുന്ന്‌ കേസുകളും സ്‌പിരിറ്റ്‌ ലഭ്യതയും നന്നേ കുറഞ്ഞിരുന്നുവെന്ന വസ്‌തുത സര്‍ക്കാര്‍ സൗകര്യപൂര്‍വം തമസ്‌കരിക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ മദ്യവ്യാപനം വന്‍തോതില്‍ ഉണ്ടായപ്പോഴാണു മയക്കുമരുന്നുവ്യാപനവും വര്‍ധിച്ചതെന്ന യാഥാര്‍ത്ഥ്യം വ്യക്‌തമാണ്‌.മദ്യലഭ്യതയും പ്രാപ്യതയും ഇല്ലാതായാല്‍ മദ്യഉപയോഗം ഇല്ലാതാകുമെന്നു തെളിയിക്കുന്നതായിരുന്നു 64 ദിവസത്തെ ലോക്‌ഡൗണ്‍കാലം. മദ്യത്തില്‍നിന്നുള്ള വരുമാനത്തിന്റെ ഇരട്ടിയിലേറെ മദ്യംമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും കെടുതികള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നതിനു സര്‍ക്കാരിനുതന്നെ ചെലവിടേണ്ടിവരുന്നുണ്ട്‌. മദ്യപാനംമൂലം വര്‍ധിച്ചുവരുന്ന മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍, അതിനെല്ലാം വേണ്ടിവരുന്ന മരുന്ന്‌, ചികിത്സ, ആശുപത്രിസംവിധാനം എന്നിവയ്‌ക്കുവേണ്ട ചെലവുകള്‍ കുടുംബസമാധന തകര്‍ച്ച, കുടുംബന്ധങ്ങളിലെ വിള്ളലുകള്‍, വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍, തൊഴില്‍ മേഖലയിലെ പ്രത്യാഘാതങ്ങള്‍ അതുമൂലമുണ്ടാകുന്ന സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഇതെല്ലാം സംസ്‌ഥാനത്തിനു വരുത്തിവയ്‌ക്കുന്ന സാമ്ബത്തികഭാരവും സാമൂഹിക പ്രശ്‌നങ്ങളും വളരെയേറെയാണ്‌. ഇപ്പോള്‍ത്തന്നെ കേരളത്തില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെയുള്ള അതിക്രമങ്ങള്‍ പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുകയാണ്‌. മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവനെടുക്കുന്ന സംഭവങ്ങള്‍വരെ ഉണ്ടാകുന്നു. ക്വട്ടേഷന്‍ ഗുണ്ടാമാഫിയാസംഘങ്ങളും പെരുകിവരുന്നു.ഇതിന്റെയെല്ലാം ഊര്‍ജസ്രോതസ്‌ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിതന്നെയാണ്‌.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വളര്‍ന്നുവരുന്ന സാമൂഹിക അരാജകാവസ്‌ഥയ്‌ക്കും പ്രധാന കാരണം മദ്യവും മറ്റുലഹരിവസ്‌തുക്കളുമാണെന്ന തിരിച്ചറിവ്‌ എല്ലാവര്‍ക്കുമുണ്ട്‌. എന്നാല്‍ ഇതെല്ലാം സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭ്യമാകുന്ന സര്‍ക്കാരാകട്ടെ അറിഞ്ഞുകൊണ്ടുതന്നെ മദ്യവ്യാപനത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെയും മറ്റ്‌ ലഹരിവസ്‌തുക്കള്‍ ഫലപ്രദമായി തടയുന്നതില്‍ വീഴ്‌ചവരുത്തുന്നതിലൂടെയും പൊറുക്കാനാകാത്ത കുറ്റകൃത്യമാണു ചെയ്‌തുകൊണ്ടിരിക്കുന്നത്‌.
ഇനിയെങ്കിലും തെറ്റുതിരുത്താനും കേരളീയ സമൂഹത്തെയും തലമുറകളെയും തകര്‍ച്ചയിലേക്ക്‌ നയിക്കുന്ന മദ്യം, മയക്കുമരുന്ന്‌ ഉള്‍പ്പെടെയുള്ള ലഹരിവിപത്തില്‍നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനും പര്യാപ്‌തമായ നയങ്ങളും നടപടികളും ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ അത്‌ കൃത്യവിലോപമാകും.ഇത്തരത്തില്‍ സമൂഹനന്മ മുന്നില്‍ കണ്ടുകൊണ്ടുള്ള നയവ്യതിയാനത്തിനു മുതിരാതെ വീണ്ടും മദ്യാസക്‌തരെ മദ്യ ഉപയോഗത്തിലേക്ക്‌ തിരിച്ചു കൊണ്ടുപോകാനുള്ള നടപടികളാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.
2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്ബോള്‍ കേവലം 29 ബാറുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. അത്‌ പിന്നീട്‌ 859 ആയി വര്‍ധിച്ചു. തുടര്‍ന്നും അനുവദിച്ചുകൊണ്ടിരിക്കുകയാണ്‌. നേരത്തേ ഇതെല്ലാം എക്‌സൈസ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും ജനങ്ങള്‍ അറിയാവുന്ന നിലയില്‍ പുറത്തുവിടുന്നില്ല. രഹസ്യമായ അജന്‍ഡയുമായിട്ടാണ്‌ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. ഇപ്പോള്‍ ആയിരത്തിലധികം ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ്‌ അനൗപചാരികമായി അറിയുന്നത്‌. ബെവ്‌കോയുടെ 270, കണ്‍സ്യൂമര്‍ ഫെഡിന്റെ 36 നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകള്‍, നാലായിരത്തില്‍പ്പരം കള്ളുഷാപ്പുകള്‍ ഇതിനെല്ലാം പുറമെയാണ്‌ ഇത്രയേറെ ബാറുകള്‍ അനുവദിച്ചിട്ടുള്ളത്‌.ഐ.ടി.മേഖലയില്‍ മദ്യവ്യാപനത്തിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്‌. വീര്യംകുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികളും മുന്നോട്ടുതന്നെ. കേരളത്തെ സാമൂഹിക അരാജകാവസ്‌ഥയിലേക്ക്‌ എത്തിക്കാന്‍ പര്യാപ്‌തമായ മദ്യവ്യാപന നടപടികള്‍ നാടിനെ സര്‍വനാശത്തിലേക്ക്‌ നയിക്കുമെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌.
ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്റെ മുന്തിയ മുന്‍ഗണന മദ്യംമയക്കുമരുന്ന്‌ വ്യാപനത്തിനാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു.
സര്‍ക്കാരിന്റെ മദ്യവ്യാപന നടപടികളെല്ലാം ഭരണഘടനയുടെ അന്തസത്തയ്‌ക്ക്‌ വിരുദ്ധമാണ്‌. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളുടെ 47ാം അനുചേ്‌ഛദത്തിന്റെ നഗ്‌നമായ ലംഘനവുമാണ്‌. മദ്യക്കച്ചവടവും മദ്യഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്‌തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിയ്‌ക്ക്‌ വിരുദ്ധവുമാണ്‌ സര്‍ക്കാര്‍ നടപടികള്‍.
ഇതിനെല്ലാം പുറമെ ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016ലും 2021ലും നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളെ തകിടം മറിക്കുന്നതുമാണ്‌.മദ്യം കേരളത്തില്‍ ഒരു സാമൂഹിക വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ജനങ്ങള്‍ക്ക്‌ ഉറപ്പുനല്‍കിയ അതേ നേതാക്കളാണ്‌ ഈ വാഗ്‌ദാനലംഘനം നടത്തുന്നതെന്നത്‌ തികച്ചും വിചിത്രമാണ്‌.
ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍നിന്നും ജനങ്ങളെയും തലമുറകളെയും രക്ഷിക്കുന്നതിന്‌ കൂട്ടായ പ്രവര്‍ത്തനം കൂടുതല്‍ സംഘടിതമായും ഊര്‍ജിതമായും മുന്നോട്ടു കൊണ്ടു പോകാന്‍ നമുക്ക്‌ കഴിയേണ്ടിയിരിക്കുന്നു. അതിനുള്ള പ്രതിജ്‌ഞ പുതുക്കലാണ്‌ ഈ ലഹരി വിരുദ്ധ ദിനത്തില്‍ കരണീയമായിട്ടുള്ളത്‌. ഇതാണ് വി എം സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് നന്ദി