നീതിന്യായ വ്യവസ്ഥയടക്കം ഇന്ത്യയിലെ എല്ലാ സംവിധാനങ്ങളും തകര്‍ച്ചയുടെ വക്കിലാണ്.ഈ തകര്‍ച്ചയിലേക്കു വഴിവച്ചത് കുറച്ചാളുകളില്‍ മാത്രം

നീതിന്യായ വ്യവസ്ഥയടക്കം ഇന്ത്യയിലെ എല്ലാ സുപ്രധാന സ്ഥാപനങ്ങളും സംവിധാനങ്ങളും തകര്‍ച്ചയുടെ വക്കിലാണ്.ഈ തകര്‍ച്ചയിലേക്കു വഴിവച്ചത് കുറച്ചാളുകളില്‍ മാത്രം അധികാരം നിക്ഷിപ്തമാകുന്ന പ്രവണതയാണെന്നിരിക്കേ ഇതിനുള്ള മറുമരുന്ന് അധികാര വികേന്ദ്രീകരണം മാത്രമാണ്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആ അര്‍ഥത്തില്‍ ശുഭസൂചകം തന്നെയാണ്. എന്നാല്‍, ഇതിനെ ഇന്ത്യൻ സമൂഹത്തിനനുയോജ്യമായി ബലപ്പെടുത്തേണ്ടതുണ്ട്.
2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലിരുന്ന നരേന്ദ്രമോദിയുടെ പരാതി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഭരണകൂടം അധികാര കേന്ദ്രീകരണത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നായിരുന്നു.2014ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരിക്കെ നരേന്ദ്രമോദി വാഗ്ദാനം ചെയ്തത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുമെന്നാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ പറയുന്നത്: ‘കേന്ദ്ര-സംസ്ഥാന ബന്ധം സുസ്ഥിരമാക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്നുമാണ്’. എന്നാല്‍, മോദി സര്‍ക്കാര്‍ ഇന്നു നടപ്പിലാക്കുന്ന നയങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പരസ്പരവിരുദ്ധമാണ്. 101ാം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കിയ ചരക്കു സേവന നികുതിക്കു പോലും അധികാര കേന്ദ്രീകരണത്തിന്റെ തീവ്രസ്വഭാവമുണ്ട്. വില്‍പന നികുതി പോലെ ഭാഗികമായി സംസ്ഥാനങ്ങള്‍ ശേഖരിച്ചു പോന്ന പല നികുതികളും ഒരൊറ്റ വ്യവസ്ഥക്കു കീഴില്‍ കൊണ്ടുവരികയാണ് ജി.എസ്.ടി സംവിധാനത്തില്‍ ഉണ്ടായത്.
ഇതിനു മേല്‍നോട്ടം വഹിക്കുന്ന സമിതിയില്‍ ആകെ മൊത്തം സംസ്ഥാനങ്ങള്‍ക്കുമായുള്ള വോട്ടവകാശം മൂന്നില്‍ രണ്ടു ശതമാനം മാത്രമാണ്. ബാക്കി ഒരു ശതമാനം വോട്ടവകാശം പൂര്‍ണമായും കേന്ദ്രത്തില്‍ നിക്ഷിപ്തമാണ്. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി 75 ശതമാനം ഭൂരിപക്ഷം വേണമെന്നിരിക്കേ നിലവിലെ വോട്ട് അനുപാതം പ്രത്യക്ഷമായി തന്നെ കേന്ദ്രഭരണകൂടത്തിനു അനുകൂലമാണ്.അന്തര്‍സംസ്ഥാന കൗണ്‍സില്‍ പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനം ബി.ജെ.പിയില്‍ നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്കിടയിലെ സഹകരണം ശക്തമാക്കുന്നതിനായുള്ള ഈ സമിതിയുടെ യോഗം മോദിയുടെ ആദ്യ ഭരണഘട്ടത്തില്‍ ഒരൊറ്റത്തവണയാണ് നടന്നത്. മുൻ പ്രധാനമന്ത്രിമാര്‍ ആരംഭിച്ച പല കേന്ദ്രപദ്ധതികളോടും വെറുപ്പ് പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി താൻ തുടങ്ങിവച്ച പദ്ധതികളെയാണ് കൂടുതലായും പ്രോത്സാഹിപ്പിക്കുന്നത്. സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന, ജൻ ധൻ യോജന, ഉജ്ജ്വല യോജന എന്നിവ ഉദാഹരണം. ഈ പദ്ധതികളുടെ പേരുകള്‍ സൂചിപ്പിക്കുന്നതു പോലെത്തന്നെ ഇവ നരേന്ദ്രമോദിയുടെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തിക്കൊണ്ടും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുമാണ് ഇവയുടെ പരസ്യങ്ങള്‍ പോലും പുറത്തുവരുന്നത്.
കൂടാതെ, രാജ്യത്തെ തന്ത്രപ്രധാനമായ പല കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുമ്ബോള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടു കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുകയും അതു പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതിയാണ് മോദിക്കുള്ളത്. നോട്ടു നിരോധനം, കൊവിഡ് കാലത്തെ ആദ്യഘട്ട ലോക്ഡൗണ്‍ എന്നീ സാഹചര്യങ്ങളിലൊന്നും യാതൊരു വിധത്തിലും രാജ്യത്തെ മുഖ്യമന്ത്രിമാരുമായി മോദിയോ മോദി ഭരണകൂടമോ കൂടിയാലോചനകള്‍ നടത്തിയിട്ടില്ല.
പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമാതീതമായൊരു കേന്ദ്രാധികാര അധീശത്വം മോദി സര്‍ക്കാര്‍ സ്ഥാപിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളുമായുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധങ്ങളെയും വിനിമയങ്ങളെയും ഇല്ലാതാക്കുന്ന നടപടികളായിരുന്നു അവയില്‍ പലതും.
2018ലെ പ്രളയാനന്തരമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ കേരളത്തിനു 700 കോടി സഹായധനം പ്രഖ്യാപിക്കുകയും കേരളം അതു സ്വീകരിക്കാൻ തയാറാവുകയും ചെയ്തു. എന്നാല്‍, വിഷയത്തില്‍ ഇന്ത്യക്ക് വിദേശരാജ്യങ്ങളുടെ സഹായധനം ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. 2022ല്‍ സിംഗപ്പൂരില്‍ നടന്ന വേള്‍ഡ് സിറ്റീസ് മീറ്റില്‍ പങ്കെടുക്കാൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു ക്ഷണമുണ്ടായിരുന്നു. എന്നാല്‍, വിദേശകാര്യമന്ത്രാലയം ഇദ്ദേഹത്തിനു അനുമതി നിഷേധിക്കുകയും പിന്നീട് സിംഗപ്പൂര്‍ സര്‍ക്കാര്‍ കെജ്രിവാളിനുള്ള അനുമതി പിൻവലിക്കുകയും ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു സംസ്ഥാനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണകൂടത്തില്‍ നിന്നുണ്ട്.ഭരണഘടനയനുസരിച്ച്‌ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സജീവബന്ധം നിലനിര്‍ത്താൻ നിയുക്തരാണ് ഗവര്‍ണര്‍ പദവിയിലുള്ളവര്‍. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ങ്ങളായി ഗവര്‍ണറും സംസ്ഥാന ഭരണകൂടങ്ങളും തമ്മിലുള്ള പോര് വര്‍ധിക്കുന്നതായാണ് കാണുന്നത്. 2017ലെ ഗോവ അസംബ്ലി തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനു കൂടുതല്‍ എം.എല്‍.എമാര്‍ ഉണ്ടായിട്ടും ബി.ജെ.പിയോടാണ് സര്‍ക്കാര്‍ രൂപീകരിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. കൂടാതെ ഡല്‍ഹിയിലെ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഇടപെടലുകള്‍ എന്നും വിവാദപരമാണ്.
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടു പോലും കോണ്‍ഗ്രസിനകത്തു വിള്ളലുണ്ടാക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും ബി.ജെ.പിക്കു സാധിച്ചു. അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ രാഷ്ട്രപതി ഭരണം നിലനില്‍ക്കേ രാഷ്ട്രപതി അധികാരത്തെ ദുരുപയോഗം ചെയ്തതായും മോദി സര്‍ക്കാരിനെതിരേ ആരോപണമുണ്ട്. ഈ രണ്ടിടങ്ങളിലും ഈ തീരുമാനം പുനഃപരിശോധിക്കാൻ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി.
അരുണാചല്‍ പ്രദേശ് വിഷയത്തില്‍ സുപ്രിംകോടതി ഗവര്‍ണറെ നിശിതമായി വിമര്‍ശിച്ചിരുന്നു.ഇന്ത്യയില്‍ മോദി ഭരണകൂടത്തിനു കീഴില്‍ നടന്ന ഈ സംഭവവികാസങ്ങളല്ലാം ആശങ്കാജനകമായ ചോദ്യം ഉന്നയിക്കുന്നുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ അധീശത്വ പ്രവണതകളെ ചെറുക്കാൻ ഇവിടുത്തെ ഫെഡറല്‍ സംവിധാനം പ്രാപ്തമാണോ എന്നതാണ് ആ ചോദ്യം.
പ്രതിപക്ഷ കക്ഷികളുടെ ഭരണനേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ അധികാര കേന്ദ്രീകരണത്തെ ചെറുക്കാൻ സാധിക്കുക എന്നതാണ് വാസ്തവം. എന്നാല്‍, പ്രതിപക്ഷ കക്ഷികളെല്ലാം ഈ ലക്ഷ്യത്തിനു വേണ്ടി ഒന്നിക്കുമോ അതോ 2024ലെ തെരഞ്ഞെടുപ്പിനു മുമ്ബായോ ശേഷമായോ അവരും ബി.ജെ.പിയോട് വിലപേശുമോ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു ചോദ്യമാണ്. നന്ദി