പനി ബാധിച്ച് നാലു വയസ്സുകാരി  മരിച്ച സംഭവം:മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍

 

വയനാട്:   പനി ബാധിച്ച് നാലു വയസ്സുകാരി  മരിച്ച സംഭവം:മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍

പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി രുദ്ര അശോകിന്റെ മരണം വയനാട് മാനന്തവാടി മെഡി. കോളേജില്‍ നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനാലാണെന്ന് ബന്ധുക്കള്‍ ഇന്ന് ആരോപിച്ചു. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച രാവിലെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാണിച്ചിരുന്നു. പരിശോധിച്ച് മരുന്നു നല്‍കി വിട്ടെങ്കിലും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാത്രിയോടെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരിച്ചെത്തിച്ച് കിടത്തിച്ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. ആശുപത്രിയിലെ ത്തുമ്പോള്‍ കുട്ടിക്ക് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു.  അപസ്മാരത്തിന്റെ മരുന്ന് രാത്രി നല്‍കിയിട്ടും പുലര്‍ച്ചെ വരെ കുട്ടി പ്രതികരിച്ചിരുന്നില്ല. ഇവിടെ നിന്ന് മറ്റു ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെടാതെ തിങ്കളാഴ്ച രാവിലെ 7.30വരെ മെഡിക്കല്‍ കോളേജില്‍ നിര്‍ത്തിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിംസ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. മരുന്നുകളോട് പ്രതികരിച്ചിരുന്നുമില്ല. വെന്റിലേറ്ററിലായിരുന്ന കുട്ടി ഇന്ന് രാവിലെ  മരിക്കുകയായിരുന്നു.എന്നാല്‍  മെഡി. കോളേജില്‍ ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.പി. രാജേഷ് പറഞ്ഞു.