തെരുവ് നായ്ക്കൾ മനുഷ്യരെ കൂട്ടമായി കടിക്കുന്നപോലെ ….
ഇവിടെ നമ്മുടെ ഡോക്ടർമാർ ആക്രമിക്കപ്പെടുന്നു…? . ഹോ…എന്തൊരു നാണക്കേട്…
നമ്മുടെ കേരളത്തിന് ഇപ്പോൾ എന്താണ് പറ്റിയത്. തെരുവ് നായ്ക്കൾ മനുഷ്യരെ കൂട്ടമായി ആക്രമിക്കുന്നതുപോലെ ചില സാമൂഹ്യവിരുദ്ധർ ഒന്നിന് പിറകെ ഒന്നായി ഡോക്ടർമാരെ ആക്രമിക്കുന്ന കാഴ്ചകൾക്കാണ് ഇവിടുത്തെ മനുഷ്യർ ദൃക് സാക്ഷിയാകേണ്ടിവരുന്നത്. കൊട്ടാരക്കരയിൽ മിടുക്കിയായ യുവ ഡോക്ടർ വന്ദന ദാസ് ഒരു കൊടും ക്രിമിനലിനാൽ കൊല്ലപ്പെട്ടത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു. ആക്രമി ഒരു അധ്യാപകൻ ആണെന്ന് കേൾക്കുമ്പോൾ സമൂഹം ലഞ്ജിച്ച് തലതാഴ്ത്തിപോകും. ഇപ്പോൾ കേൾക്കുന്നത് എറണാകുളത്ത് ജില്ലാ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഡോക്ടേഴ്സ് ദിനത്തിൽ ഒരു യുവ ഡോക്ടർ സാമൂഹ്യ വിരുദ്ധരാൽ ആക്രമിക്കപ്പെട്ടെന്നാണ്. ശരിക്കും പറഞ്ഞാൽ ഈ സാക്ഷരകേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന വാർത്തയാണ് ഒരോ ദിവസവും ഇവിടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. ഹാരിസ് മുഹമ്മദ് ആണ് ആക്രമിക്കപ്പെട്ടത്. കൂട്ടത്തിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറോട് സാമൂഹ്യവിരുദ്ധർ അപമര്യാദയായി പെരുമാറിയപ്പോൾ ചോദ്യം ചെയ്തതിന് ആണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. ഡോ. വന്ദനാ ദാസിൻ്റെ കൊലപാതകത്തിൽ ആയാലും ഡോ.ഹാരിസ് മുഹമ്മദിനെ ആക്രമിച്ച കേസിൽ ആയാലും ഒന്ന് മനസിലാകും പ്രതികളെ പരിശോധിക്കുമ്പോൾ അവർ മദ്യത്തിനും മയക്കുമരുന്നിനും അടിമകൾ ആയിരുന്നെന്ന്. പണ്ടൊക്കെ ആകുമ്പോൾ ഇത്തരത്തിൽ ഒരു പ്രതിയെ പിടികൂടുമ്പോൾ അവർ ഒരു പ്രത്യേകസമുദായത്തിൻ്റെ ആളുകളാണെന്ന് കാണിക്കുവാനാണ് പലരും വ്യഗ്രത പൂണ്ടിരുന്നത്. ഇപ്പോൾ ആ സാഹചര്യവും മാറിയിരിക്കുകയാണ്. ഇത്തരം ക്രിമിനലുകൾ ഇപ്പോൾ എല്ലാ സമുദായത്തിലും ഉണ്ടെന്നാണ് അവരുടെ പേരുകൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ പറ്റുന്നത്. അല്ലെങ്കിൽ ഇവിടെ ഒരു വർഗ്ഗിയത കൊട്ടിഘോഷിക്കാനുള്ള വേദിയാകുമായിരുന്നു ഇത്തരം കേസുകൾ ഒക്കെ. ചിലരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ കോപ്പുകൂട്ടാമായിരുന്നു ചിലർക്കൊക്കെ. എന്തായാലും അത്രയെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ ആശ്വാസമായിരിക്കുകയാണ്. രോഗികൾക്ക് എല്ലാവിധ പരിരക്ഷയും നൽകേണ്ട നമ്മുടെ ഹോസ്പിറ്റലുകൾ ഒക്കെ ഇപ്പോൾ ഭീകരുടെ ഒളിത്താവളമായിരിക്കുകയാണോ എന്ന് സാധാരണ മനുഷ്യർ ചോദിച്ചാൽ അവരെ കുറ്റം പറയാൻ എങ്ങനെ സാധിക്കും. ഒരു ഡോക്ടർക്ക് ഹോസ്പിറ്റലിൽ സുരക്ഷയില്ലെങ്കിൽ അസുഖം ബാധിച്ച് വരുന്ന രോഗികൾക്ക് കേരളത്തിലെ ആശുപത്രികളിൽ എന്ത് സുരക്ഷയാണെന്ന് സർക്കാരും ഇവിടുത്തെ ഭരണകൂടവും ഓർക്കുന്നത് നല്ലതായിരിക്കും. മദ്യവും മയക്കുമരുന്നു മൊക്കെ ആരും അറിയാതെ സുരക്ഷിതമായി സേവിക്കാൻ പറ്റുന്ന ഒരിടമാകരുത് നമ്മുടെ ഹോസ്പിറ്റലുകൾ. പണ്ടൊക്കെ ആതുരശ്രുശൂഷ ചെയ്യുന്നവർക്ക് ദൈവത്തിൻ്റെ സ്ഥാനം കൽപ്പിച്ചിരുന്നവരാണ് കേരളീയ സമൂഹം. ഒരു ഡോക്ടറിനെ ആയാലും നേഴ്സിനെ ആയാലും വലിയ ബഹുമാനത്തോടെ കണ്ടിരുന്നു. ഒരു ഡോക്ടർ ദൂരെ നിന്ന് വരുമ്പോൾ തന്നെ എണീറ്റ് നിൽക്കുന്ന കാലമുണ്ടായിരുന്നു. അതിൽ നിന്നാണ് ഇപ്പോൾ ഡോക്ടർമാരെ കമൻ്റ് അടിക്കാനും കൊല്ലാനും ആക്രമിക്കാനുമുള്ള വാസനയിലേയ്ക്ക് സാഹചര്യങ്ങൾ എത്തി നിൽക്കുന്നത്. ഈ രീതിയിൽ രാത്രികാലങ്ങളിൽ പോലും നമ്മുടെ രോഗികൾ ഹോസ്പിറ്റലിൽ എങ്ങനെ സുരക്ഷിതരായിരിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും ഒത്താശചെയ്തു കൊടുക്കുന്നവർ നമ്മുടെ ആശുപത്രികളിൽ തന്നെ ഉണ്ടെന്ന് വ്യക്തമാക്കുന്നത് അല്ലെ ഇപ്പോൾ നമ്മുടെ ഹോസ്പിറ്റലിൽ നടക്കുന്ന ഒരോ സംഭവ വികാസങ്ങളും സൂചിപ്പിക്കുന്നത്. പകൽ മാന്യനായി കൊച്ചു കുട്ടികളെ പഠിപ്പിച്ചു നടന്ന ഒരു അധ്യാപകൻ ആയിരുന്നു ഡോ. വന്ദനാ ദാസിൻ്റെ കൊലപാതകത്തിലെ മുഖ്യപ്രതി. അതുപോലെ സ്വന്തം നാട്ടിൽ മാന്യമായി ഇടപെട്ട് നടന്നിരുന്ന വ്യക്തി. വൈകിട്ട് ആരും അറിയാതെ ലഹരിക്ക് അടിമയാകുന്നു. അതായത് മയക്കുമരുന്നിന്. പിന്നീട് കൊലപാതകം പോലും ഇവർ ആഘോഷമാക്കുകയാണ്. ഇതിൻ്റെ യൊക്കെ അർത്ഥം ഇന്ന് ഹോസ്പിറ്റലിൽ ആയാലും സ്ക്കുളിൽ ആയാലും ലഹരിവസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന ഒരു മാഫിയാ സംഘം പ്രവർത്തിക്കുന്നു എന്നല്ലെ.. ?. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ പോലും ഇതിന് കുടപിടിക്കുകയും ചെയ്യുന്നു. ഇന്ന് ഇവിടെ കഴിവുള്ള ഡോക്ടർമാർ വളരെ കുറവാണ്. കഴിവുള്ള ഡോക്ടർമാർ എന്ന് മാത്രമല്ല..ഒരോ ഹോസ്പിറ്റലിലും ഡോക്ടർമാർ തന്നെ കുറവുള്ള സാഹചര്യമാണ്. പലവിധ വലിയ രോഗങ്ങൾക്കും വിദഗ് ധ ചികിത്സയ്ക്ക് നാം വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വിദേശത്ത് പോയി മെഡിസിൻ പഠിച്ചിറങ്ങുന്ന മലയാളികളിൽ പലരും വിദേശത്ത് തന്നെ ജോലിക്ക് ശ്രമിക്കുന്ന സ്ഥിയാണ് ഇപ്പോൾ ഉള്ളത്. മലയാളി യുവ ഡോക്ടർമാർക്ക് കേരളത്തിൽ നിൽക്കാൻ താല്പര്യമില്ല. കാരണം, വലിയ തുക ഫീസ് കൊടുത്ത് പഠിച്ചിറങ്ങുന്ന പലർക്കും ആവശ്യമായത് കൊടുത്ത് ഇവിടെ നിർത്താൻ വേണ്ട സാഹര്യം ഇവിടുത്തെ ഭരണകൂടത്തിന് ഇല്ലായെന്നത് തന്നെ കാരണം. ഭരിക്കുന്ന സർക്കാരുകൾ ആയാലും ജനങ്ങളുടെ നികുതി പണം ധൂർത്ത് അടിച്ച് നടക്കുന്നതല്ലാതെ ഇക്കാര്യത്തെപ്പറ്റിയൊന്നും ചിന്തിക്കാൻ മെനക്കെടാറുമില്ല. അവർക്ക് 5 വർഷം ഭരണം കൈയ്യിൽ കിട്ടിയാൽ പരസ്പരം ചെളിവാരിയെറിഞ്ഞ് അടിച്ചു മാറ്റി സ്വയം വികസിക്കുക. അല്ലാതെ സമൂഹത്തിൻ്റെ നന്മയ്ക്ക് സ്വന്തമായി എന്ത് പോളിസി. ശരിയാണ് പണ്ട് ഒരു നേതാവ് പറഞ്ഞതുപോലെ കേരളത്തിൽ അഴിമതി ഇല്ലാതെ വികസമില്ല എന്ന്. ഇത് എത്രയോ സത്യം. എന്തായാലും എം.ബി.ബി.സും മറ്റും പഠിച്ച് ഇറങ്ങി കേരളത്തിൽ എത്തുന്ന മലയാളി ഡോക്ടർമാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ഇവിടെ ഭരിക്കുന്ന സർക്കാർ ബാധ്യസ്ഥർ ആണ്. രോഗികൾക്ക് ആയി കണ്ണും കാതും കൂർച്ചിച്ച് നിർത്തേണ്ട നമ്മുടെ ഹോസിപ്റ്റലുകൾ കലാപ വിമുക്തമാക്കേണ്ടത് ഏവരുടെയും കടമയുമാണ്. ഇനിയും ഡോക്ടർമാർക്ക് നേരെ ആക്രമണം ഉണ്ടായാൽ അത് കേരളത്തിൽ മാത്രമല്ല, ലോകം മുഴുവൻ കേരളത്തിലെ ഹോസ്പിറ്റലുകളിലെ ഭീകരാന്തരീക്ഷത്തേക്കുറിച്ചുള്ള വാർത്തയാകും സൃഷ്ടിക്കുക. ശരിക്കും ഇത് സമൂഹത്തിൽ ചലനം സൃഷ്ടിക്കും. നമ്മുടെ നാട്ടിൽ സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ ഡോക്ടർമാർ പോലും ഇങ്ങോട്ട് വരുന്നതിൽ നിന്ന് പിൻതിരിയും. സ്വന്തം നാട്ടിലേ ഡോക്ടർമാർ വിദേശ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കാൻ വിമാനം കയറും. അങ്ങനെ വരുമ്പോൾ പണക്കാരനു വേണ്ടിയുള്ള വൻകിട ഹോസ്പ്റ്റലുകൾ ഇവിടെ ഉയർന്നു പൊന്തും . പാവങ്ങളുടെ എക്കാലത്തെയും അത്താണിയായ സർക്കാർ ആശുപത്രികൾ പൂട്ടേണ്ട ഗതികേടിൽ എത്തും. ഇവിടെ പാവപ്പെട്ടവൻ്റെ നടുവ് ആണ് ഒടിയാൻ പോകുന്നത്. ഈ അവസ്ഥ ഉണ്ടാകാതെ നമ്മുടെ ഹോസ്പിറ്റലുകളിൽ ശാന്തിയുടെയും സമാധാനത്തിൻ്റെയും അന്തരിക്ഷം ഉണ്ടാക്കുവാൻ എല്ലാവരും പ്രതിഞ്ജാ ബദ്ധരാണ്. അല്ലെങ്കിൽ തകർക്കപ്പെടുന്നത് പാവപ്പെട്ടവൻ്റെ മനസമാധാനം ആകും. നിവർത്തിയില്ലാതെ വലിയ പണം കൊടുത്ത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിൽ എത്തും ഇവിടുത്തെ ഒരോ പാവപ്പെട്ട മനുഷ്യനും. അതിന് ഇടവരുത്താതെ നമ്മുടെ ആതുരാലായങ്ങളെ സുരക്ഷിതമാക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം. ഒന്നിച്ച് ഹോസ്പിറ്റലുകൾ ലഹരിമുക്തമാക്കാൻ പരിശ്രമിക്കാം. ഇനിയൊരു വന്ദനാ ദാസ് ഹോസ്പിറ്റലിൽ ഉണ്ടാകാതിരിക്കുവാൻ നമുക്ക് ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സംരക്ഷകരാകാം….കാരണം, അവരും നമ്മുടെ സഹോദരങ്ങളാണ്…