സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടികയില്‍ ഇടപെട്ടെന്ന വിവാദത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.
നിയമനപട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനാണ് താന്‍ നിര്‍ദേശം നല്‍കിയതെന്നും വിഷയത്തില്‍ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. യുജിസി ചട്ടങ്ങളും സ്‌പെഷ്യല്‍ റൂള്‍സ് നിബന്ധനകളും പാലിച്ചാണ് നിയമനം നടന്നതെന്നും മന്ത്രി പ്രതികരിച്ചു.
സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ച 47 പേരുടെ അന്തിമ പട്ടികയില്‍ അയോഗ്യരായവരെ കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രി ഇടപെടല്‍ നടത്തിയെന്ന് വിവരാവകാശ രേഖ പ്രകാരം വ്യക്തമായിരുന്നു. എന്നാല്‍ ഈ പട്ടിക തയ്യാറാക്കിയതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. 55 ഒഴിവുകള്‍ ഉണ്ടായിരുന്നതിലേക്ക് സെലക്ഷന്‍ കമ്മിറ്റി 67 പേരുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. പിന്നീട് സബ് കമ്മിറ്റി ഈ പട്ടികയില്‍ നിന്നും 20 പേരെ ഒഴിവാക്കി 47 പേരായി ചുരുക്കി. ഈ സബ് കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റ് താന്‍ കണ്ടിട്ടില്ലെന്നും പ്രിന്‍സിപ്പല്‍മാരുടെ നിയമനം സംബന്ധിച്ച അന്തിമ പട്ടിക തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.