ഡൽഹി: തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യം കൊണ്ട് മാത്രം കാര്യമില്ലെന്ന് കണക്കുകള്‍. ‘എന്‍ഡിഎ’യെ നേരിടാന്‍ ‘ഇന്ത്യാ മുന്നണി’ വന്നതോടെ 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന പോര് തീരുമാനമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെങ്കിലും പ്രതിപക്ഷ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസ് പ്രതാപത്തിലേക്ക് മടങ്ങിവരാതെ ഇന്ത്യാ മുന്നണി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ക്ലച്ച് പിടിക്കില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. നിലവില്‍ 50 സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസ് 150 സീറ്റ് നേടിയില്ലെങ്കില്‍ ഇന്ത്യാ മുന്നണി ഒരു പ്രതീക്ഷയും വയ്ക്കേണ്ട. എന്നും കോണ്‍ഗ്രസിന് പുറമെ ലോക്സഭയില്‍ രണ്ടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ(24 സീറ്റ്), തൃണമൂല്‍ കോണ്‍ഗ്രസ്(23), ജെഡിയു(16) തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളാണ്. ഡിഎംകെയ്ക്ക് തമിഴ്നാട്ടിലും പുതുച്ചേരിയിലും തൃണമൂലിന് പശ്ചിമബംഗാളിലും ജനതാദള്‍ യുണൈറ്റഡിന് ബിഹാറിലുമേ കരുത്തുറ്റ സാന്നിധ്യമുള്ളൂ. ബംഗാളിലെ 42 ഉം ബിഹാറിലെ 40 ഉം തമിഴ്നാട്ടിലെ 39 ഉം ഇന്ത്യാ മുന്നണി തൂത്തുവാരിയാലും ആകെ 121 സീറ്റുകളേ ഈ പാര്‍ട്ടികള്‍ക്ക് ഇന്ത്യാ മുന്നണിയിലേക്ക് ചേര്‍ക്കാനാകൂ. ശിവസേനയും എന്‍സിപിയും മഹാരാഷ്ട്രയിലും എസ്പി യുപിയിലും കൂടുതല്‍ സീറ്റ് ലഭിക്കാതെ ഇന്ത്യാ മുന്നണിക്ക് നിലനില്ക്കാനാവില്ല. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള(80) യുപിയില്‍ പ്രധാനപാര്‍ട്ടിയായിരുന്ന എസ്പിക്ക് നിലവില്‍ മൂന്ന് അംഗങ്ങള്‍ മാത്രമേയുള്ളൂ എന്നതാണ് വലിയ തിരിച്ചടികളിലൊന്ന്. ഉത്തർപ്രദേശിലെ സീറ്റ് നില വര്‍ധിപ്പിക്കാതെ ഇന്ത്യാ മുന്നണിക്ക് മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തം. യുപി പിടിച്ചാല്‍ ഇന്ത്യ പിടിക്കാം എന്ന ആപ്തവാക്യം കാലങ്ങളായി ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളുടെ ഭാഗമാണ്.