തിരുവനന്തപുരത്ത് ആശ്വാസം; നിരീക്ഷണത്തിലാക്കിയ വയോധികയ്ക്കും നിപയില്ല
തിരുവനന്തപുരം: നിപ വൈറസ് രോഗലക്ഷങ്ങളെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നിരീക്ഷണത്തിലാക്കിയ വയോധികയുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഐരാണിമുട്ടം ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ കാട്ടാക്കട സ്വദേശിനിക്കാണ് നിപയില്ലെന്ന് കണ്ടെത്തിയത്. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലായിരുന്നു സാംപിൾ പരിശോധന നടന്നത്. ഇവരുടെ അടുത്ത ബന്ധുക്കൾ കോഴിക്കോടുനിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെ ഇവർക്ക് പനിയുണ്ടാകുകയും മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിലാക്കുകയുമായിരുന്നു. നിരീക്ഷണത്തിലാക്കിയിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥിയായ കോഴിക്കോട് സ്വദേശിക്കും നിപയില്ലെന്നു കണ്ടെത്തിയിരുന്നു.