പത്തനംതിട്ടയിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു
പത്തനംതിട്ട : പത്തനംതിട്ടയിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ സഞ്ചരിച്ച പൊലീസ് ജീപ്പാണ് മൈലപ്രയിൽ വെച്ച് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. ഇദ്ദേഹം മാത്രമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. ജീപ്പ് നിയന്ത്രണം തെറ്റി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. ഡിവൈഎസ്പിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്നും അദ്ദേഹം മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികളായ നാട്ടുകാർ ആരോപിച്ചു.
എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ബൈക്കിന് സൈഡ് കൊടുത്തപ്പോൾ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയെന്നാണ് ഔദ്യോഗിക ഭാഷ്യം. മദ്യപിച്ചിരുന്നോ എന്നറിയാൻ വൈദ്യ പരിശോധനയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കൊട്ടാരക്കര കോടതിയിൽ പോകാനായി കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുമ്പോഴാണ് രാത്രി അപകടം ഉണ്ടായത്