ഭരണം എന്നത് എങ്ങനെയും പണം വാരിക്കൂട്ടാനുള്ള അവസരമായി കണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ സഖാക്കൾ മാസങ്ങൾക്ക് മുൻപ് മാസപ്പടി കേസിൽ പുറത്തുവന്ന മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ അഴിമതി കേസിൽ തുടങ്ങിയ സംഭവങ്ങൾ സംസ്ഥാനത്തെ പല ജില്ലകളിലെയും പാർട്ടി നേതാക്കളെ ചുറ്റി പിണഞ്ഞ് ഒടുവിൽ കാസർഗോഡ് ജില്ലയിലെ ഉദുമ ഏരിയാ കമ്മറ്റിയിലെ ഒരു സഖാവിൻറെ അടുക്കൽ വരെ എത്തിയിരിക്കുകയാണ്.
ഈ ഏരിയ കമ്മിറ്റി അംഗം വരവിന്റെ എത്രയോ ഇരട്ടി സമ്പാദിച്ചു എന്നും ഇതിൻറെ പിന്നിലെ കാര്യങ്ങൾ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടത് ജില്ലയിലെ സഖാക്കൾ തന്നെയാണ്. ഒരു ജില്ലയിലെ ഏരിയ കമ്മിറ്റി അംഗം കോടീശ്വരനായി മാറി എങ്കിൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഭരണത്തിന്റെ തണലിൽ കുറഞ്ഞപക്ഷം ശത കോടീശ്വരൻ എങ്കിലും ആയില്ലെങ്കിലേ അത്ഭുതമുള്ള സിപിഎം എന്ന പാർട്ടിയിൽ മാത്രമല്ല കേരളത്തിൻറെ പൊതു അന്തരീക്ഷത്തിൽ ഇപ്പോൾ ഗൗരവമായി ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സിപിഎം നേതാക്കളുടെ പലതരത്തിലുള്ള അഴിമതി കഥകളും സാമ്പത്തിക തട്ടിപ്പുകളും തിരിമറികളും ഒക്കെയാണ് ഓരോ തട്ടിപ്പ് കഥകളും പുറത്തുവരുമ്പോൾ പാർട്ടി സെക്രട്ടറിയും മറ്റു നേതാക്കളും ഇപ്പോൾ തിരുത്തി കളയും എന്ന് ഉറക്കെ പറയുന്നുണ്ട്. എവിടെയാണ് തിരുത്തൽ നടക്കുന്നത് എന്ന് മാത്രം പൊതുജനത്തിന് പിടികിട്ടുന്നില്ല അത്രയ്ക്ക് ദുർഘടമായ ഒരു അവസ്ഥയിലാണ് തൊഴിലാളി പാർട്ടി എന്ന അഭിമാനിച്ചിരുന്ന കേരളത്തിലെ സിപിഎം എത്തിച്ചേർന്നിരിക്കുന്നത്.
പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി നിയമിക്കാം എന്ന് പറഞ്ഞുകൊണ്ട് കോഴിക്കോട് ഒരു സിപിഎം നേതാവ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കഥകൾ കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമെയാണ് ഇപ്പോൾ കാസർഗോഡ് നിന്ന് പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. അവിടുത്തെ ഒരു ഏരിയ കമ്മിറ്റി അംഗം ആഡംബര രീതിയിലുള്ള രണ്ടുനില വീട് നിർമ്മിച്ചു. സ്വന്തം ജോലിക്ക് വേണ്ടി 50 ലക്ഷം രൂപ കൈക്കൂലി കൊടുത്തു. ഇതിനും പുറമേ ഈ പറയുന്ന തൊഴിലാളി പാർട്ടിയുടെ നേതാവായ സഖാവ് നടക്കുന്നത് 22 ലക്ഷം രൂപ വിലയുള്ള കാറിലാണ്. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഉദുമയിലെ സാധാരണ പാർട്ടി പ്രവർത്തകർ ജില്ലാ നേതാക്കൾക്ക് പരാതി നൽകി. അവർ പ്രത്യക്ഷത്തിൽ ഒരു അന്വേഷണം നടത്തിയപ്പോൾ കുറ്റാരോപിതനായ സഖാവ് വരവിനേക്കാൾ വലിയ സ്വത്ത് സമ്പാദിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വിശദമായ അന്വേഷണത്തിന് ജില്ലാ കമ്മിറ്റി മൂന്നുപേരുടെ കമ്മീഷനെ വെച്ചിരിക്കുകയാണ്. ആരോപിക്കപ്പെട്ട സഖാവ് രണ്ടുവർഷം മുമ്പ് ബേക്കൽ കോട്ടയിൽ നടന്ന ബീച്ച് ഫെസ്റ്റിവലിൽ വാഹന പാർക്കിംഗ് ചുമതല ഏറ്റെടുക്കുകയും ഇതിൽ കിട്ടിയ തുക ബന്ധപ്പെട്ടവർക്ക് കൈമാറാതെ അടിച്ചുമാറ്റി എന്നുള്ള പരാതിയും അന്വേഷിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
പല ജില്ലകളിലും ആയി സിപിഎം നേതാക്കൾ ഇടപെട്ട് നടത്തിയിട്ടുള്ള പലതരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളുടെ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഓരോ വാർത്ത പുറത്തുവരുമ്പോഴും നേതാക്കൾ തെറ്റു തിരുത്തൽ വീരവാദം ആവർത്തിക്കും ഇതാണ് ഇപ്പോൾ നടക്കുന്നത്.
സിപിഎം എന്ന പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ തുടങ്ങി ഏറ്റവും താഴെയുള്ള പാർട്ടിയെ ഘടകമായ ബ്രാഞ്ച് കമ്മിറ്റികളെ നിയന്ത്രിക്കുന്ന സഖാക്കൾ വരെ ഓരോ തരത്തിലുമുള്ള സാമ്പത്തിക തട്ടിപ്പുകളിൽ അകപ്പെട്ടിരിക്കുന്നു എന്ന് പറയാവുന്ന സ്ഥിതിയാണ്. ഇപ്പോൾ കേരളത്തിൽ ഉള്ളത് ഇതിനുപുറമേ ആണ്. പിടിപ്പുകട്ട രീതിയിൽ സംസ്ഥാന സർക്കാരിൻറെ ഭരണം തുടർന്നുകൊണ്ടിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ച സർക്കാരിന് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങളും ശൈലിയും ജനങ്ങളിൽ വലിയ അതൃപ്തി ഉണ്ടാക്കിയെന്നത് പരസ്യമായ കാര്യമാണ്. ഇതൊക്കെ തിരിച്ചറിയുന്ന ചുരുക്കം ചില ആത്മാർത്ഥതയുള്ള സിപിഎം നേതാക്കൾ തെറ്റ് തിരുത്തിയില്ലെങ്കിൽ ഭാവിയിൽ കമ്മ്യൂണിസം പൂർണമായി തകരും എന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ മുൻ മന്ത്രി എം എ ബേബി കഴിഞ്ഞ ദിവസം സത്യസന്ധമായ വിലയിരുത്തൽ നടത്തി. തെറ്റുതിരുത്തുന്നു എന്ന് പറഞ്ഞാൽ പോരാ അത് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്യണം എന്നും, അതല്ല എങ്കിൽ സിപിഎം എന്ന പാർട്ടിയോട് അകന്നു നിൽക്കുന്ന സമൂഹം കൂടുതൽ അകലുന്ന സ്ഥിതി ഉണ്ടാകുമെന്നും ബേബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അഴിമതിയിൽ മുങ്ങിക്കുളിച്ചവരാണ് നല്ലൊരു വിഭാഗം സിപിഎം നേതാക്കൾ എന്ന രീതിയിലുള്ള ധാരണ പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയടക്കം ഗൗരവകരമായ മാറ്റങ്ങൾക്കും തിരുത്തലുകൾക്കും തയ്യാറായില്ല എങ്കിൽ, സിപിഎം എന്ന പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കമായിരിക്കും ഉണ്ടാവുക. താഴെത്തട്ടിലുള്ള സഖാക്കൾ പോലും കോടികളുടെ കണക്കുകൾ പറയാൻ ധൈര്യം കാണിക്കുമ്പോൾ, പാർട്ടിയുടെ സംസ്ഥാന നേതൃനിരയിൽ ആൾക്കാരുടെ സ്വത്തും സമ്പാദ്യവും എത്രയോ വലിയതായിരിക്കും എന്ന് സംശയവും ജനങ്ങൾക്കിടയിൽ പരന്നിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാന ഭാരവാഹിത്വത്തിൽ ഉള്ള പല നേതാക്കളും വൻകിട മുടക്കും മുതലുള്ള വ്യവസായങ്ങളിൽ വരെ പങ്കാളികൾ ആണ്. പല നേതാക്കളും താമസിക്കുന്ന വീടുകൾ കൊട്ടാര സദൃശ്യമായ ബംഗ്ലാവുകളെ പോലെ ഉള്ളതാണ്. കോടിക്കണക്കിന് രൂപ മുതൽമുടക്കി ഇത്തരം ബംഗ്ലാവ് പണിയുന്നതിന് എവിടെ നിന്ന് ഈ നേതാക്കൾക്ക് പണം ലഭിച്ചു എന്ന ചോദ്യം ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ കടന്നു വന്നിട്ടുള്ള ഭൂരിഭാഗം ആൾക്കാരും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും കുടുംബങ്ങളിൽ നിന്നും വന്നവരാണ്. രണ്ടുമൂന്ന് പതിറ്റാണ്ട് കാലം രാഷ്ട്രീയം കളിച്ചു നടന്ന് കഴിഞ്ഞാൽ കോടീശ്വരന്റെ ഉയരത്തിലേക്ക് ഈ നേതാക്കൾ എങ്ങനെ കടന്നു ചെല്ലുന്നു എന്നത് പാർട്ടി തന്നെ അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്. ഒരു കാര്യം ഇന്നത്തെ സാഹചര്യത്തിൽ വളരെ കൃത്യമായി പറയുവാൻ കഴിയും. ഇന്ന് കേരളത്തിലെ സിപിഎമ്മിനെ നയിക്കുന്ന നേതാക്കളും ഇടതുപക്ഷ സർക്കാരിൻറെ ചുക്കാൻ പിടിക്കുന്ന ആൾക്കാരും നിലവിൽ സ്വീകരിച്ചിട്ടുള്ള പ്രവർത്തന ശൈലി മാറ്റുകയും പറ്റിയ തെറ്റുകൾ തിരുത്തുകയും ചെയ്തില്ല, എങ്കിൽ കേരളത്തിൽ സിപിഎം എന്ന പാർട്ടിയുടെ മരണമണി മുഴങ്ങുന്ന സ്ഥിതി ഉണ്ടാകുമെന്ന എം.എ ബേബിയുടെ വാക്കുകൾ ഫലിക്കുന്നതിനാണ് സാധ്യത.