തൃശ്ശൂരിലെ മേയറും തൃശങ്കുവിലായ കമ്മ്യൂണിസ്റ്റുകാരും

ജയിച്ചു കയറിയ സുരേഷ് ഗോപി നല്ലവൻ എന്ന് പറഞ്ഞാൽ മഹാപാപമാണോ

കോൺഗ്രസ് പാർട്ടിയുടെ നേതാവായിരുന്ന എം കെ വർഗീസ് എന്നയാൾ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയുമായി ഇടഞ്ഞ് ഇടതുപക്ഷത്ത് കയറിയിരുന്നു. അങ്ങനെയാണ് തൃശ്ശൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് കിട്ടിയത്. ഭരണം കിട്ടിയതിന് പ്രതിഫലമായി ഇടതുമുന്നണി വർഗീസിനെ മേയർ ആക്കി മാറ്റി. അങ്ങനെ കമ്മ്യൂണിസ്റ്റുകാർക്കും മറ്റു ഇടത് ഘടകകക്ഷി നേതാക്കൾക്കും പ്രിയങ്കരനും ഉറ്റ മിത്രവും ഒക്കെയായി മാറിയ വർഗീസ് ഇപ്പോൾ അതേ നേതാക്കളുടെ ആട്ടുംതുപ്പും മേടിച്ചു കൊണ്ടിരിക്കുകയാണ്. എന്താണ് കാരണം എന്നല്ലേ ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയായി മത്സരിച്ചത് ചലച്ചിത്രതാരം സുരേഷ് ഗോപി ആയിരുന്നു. യുഡിഎഫ് – എൽ ഡി എഫ് പ്രമാണിമാരെ ഇടിച്ചു വീഴ്ത്തി തൃശ്ശൂരിനെ എടുത്തു പോക്കറ്റിൽ ഇട്ടു ഡൽഹിക്ക് പാഞ്ഞ സുരേഷ് ഗോപി തിരിച്ചെത്തിയത് കേന്ദ്രമന്ത്രി എന്ന തലപ്പാവും അണിഞ്ഞു കൊണ്ടാണ്. തൃശ്ശൂരിൽ എംപി ആയ സുരേഷ് ഗോപി കേന്ദ്രമന്ത്രി കൂടി ആയതോടെ മണ്ഡലത്തിലെ എല്ലാ ജനങ്ങളും വളരെ ഹാപ്പിയായി കഴിയുകയാണ് മണ്ഡലത്തിൽ എത്തിയ സുരേഷ് ഗോപിക്ക് എല്ലാരും കൂടി വലിയ സ്വീകരണം നൽകി. മേയർ എന്ന നിലയ്ക്ക് വർഗീസിനും സമ്മേളനത്തിൽ പ്രധാന കസേര കിട്ടിയിരുന്നു. പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ ഇടതുപക്ഷ എം കെ വർഗീസ് മൈക്കിനു മുന്നിലെത്തി സുരേഷ് ഗോപി എന്ന ബിജെപി എംപിയെ വാനോളം പൊക്കിവിട്ടു. വർഗീസിൻറെ വാക്കുകളും പ്രസംഗങ്ങളും ചാനലുകളിലൂടെയും മറ്റും പുറത്തുവന്നതോടുകൂടി തൃശ്ശൂരിലെ ഇടതുപക്ഷ നേതാക്കൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതെയായി.

തൃശ്ശൂരിലെ മേയർ കസേരയിൽ ഇരിക്കുന്ന എം കെ വർഗീസിനെ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ആദ്യം പ്രശംസിച്ച സംസാരിച്ചു. ഇത് കഴിഞ്ഞപ്പോഴാണ് മേയർ പ്രസംഗത്തിന് ഒരുങ്ങിയത്. അദ്ദേഹം സുരേഷ് ഗോപിയെയും പറ്റാവുന്ന വിധത്തിൽ പൊക്കി പറഞ്ഞു. എന്നാൽ അവരുടെ വാക്കുകളിൽ പ്രാധാന്യമുള്ള മറ്റു ചില കാര്യങ്ങളും ഉണ്ടായിരുന്നു. തൃശ്ശൂരിന്റെ മേയർ എന്ന നിലയിൽ കേന്ദ്രമന്ത്രിപദത്തിൽ എത്തിയ സുരേഷ് ഗോപി, നേടിയെടുക്കാവുന്ന എല്ലാ വികസന പദ്ധതികളും തൃശ്ശൂരിനായി കൊണ്ടുവരണം എന്നാണ് മേയർ പ്രസംഗത്തിൽ പറഞ്ഞത്. ആത്മാർത്ഥതയുള്ള ഒരു നേതാവ് എന്ന നിലയ്ക്ക് സുരേഷ് ഗോപിയുടെ കഴിവുകളിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും മേയർ പറഞ്ഞുവെച്ചു.

സുരേഷ് ഗോപി എന്ന ബിജെപിക്കാരൻ തോൽപ്പിച്ചത് സിപിഐയുടെ വലിയ ജനകീയ നേതാവായ സുനിൽകുമാറിനെയും, അതുപോലെ തന്നെ കോൺഗ്രസിന്റെ കരുത്തുറ്റ നേതാവായ കെ മുരളീധരനെയും ആയിരുന്നു എന്ന് പറഞ്ഞാൽ ലളിതമായി കാണേണ്ട നിസാര വിജയമായിരുന്നില്ല. സുരേഷ് ഗോപി നേടിയെടുത്തത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മുതൽ തൃശ്ശൂരിൽ സിപിഐക്കാരും സിപിഎമ്മുകാരും പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണ്.

തൃശ്ശൂർ മേയർ വർഗീസിനെ സുരേഷ് ഗോപിയെ പുകഴ്ത്തിയുള്ള പ്രസ്താവന പലതരത്തിൽ വളച്ചൊടിക്കുകയാണ് സിപിഐയുടെ നേതാക്കൾ. മേയറായ വർഗീസ് ബിജെപിയിലേക്ക് കടക്കാനുള്ള നീക്കങ്ങളിൽ ആണ് എന്നു വരെ സിപിഐ നേതാക്കൾ പറയുന്നുണ്ട്. വർഗീസിനെ മേയർ സ്ഥാനത്തു നിന്നും മാറ്റണം എന്ന് ആവശ്യവും സിപിഐ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ഇത് അത്ര എളുപ്പത്തിൽ നടത്തിയെടുക്കാവുന്ന കാര്യമല്ല. തൃശ്ശൂർ നഗരസഭയിൽ മേയർ കസേരയിൽ ഇരിക്കുന്ന വർഗീസ് എന്ന ഒരു ആളിന്റെ ഭൂരിപക്ഷം മാത്രമാണ് ഇടത് മുന്നണിക്ക് ഉള്ളത്. കമ്മ്യൂണിസ്റ്റുകാർ വർഗീസിനെ കൂടുതലായി ശല്യപ്പെടുത്തിയാൽ, അദ്ദേഹം ചിലപ്പോൾ കൂടുമാറുന്ന സ്ഥിതി സ്വീകരിച്ചേക്കും അങ്ങനെ വന്നാൽ ഇടതുമുന്നണിക്ക് ഒരു കോർപ്പറേഷൻ്റെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ആയിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ സിപിഐ നേതാക്കൾ എത്ര മീശ പിരിച്ചാലും സിപിഎം അതിനോട് യോജിക്കാൻ സാധ്യതയില്ല.

ഇവിടെ മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. നിലവിലെ ഇടതുപക്ഷ സർക്കാർ വികസനം കൊണ്ടുവരുന്ന സർക്കാർ എന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്ഥിരമായി അവകാശപ്പെടുന്നത്. ഇതാണ് യാഥാർത്ഥ്യം എങ്കിൽ തൃശ്ശൂരിന്റെ വികസനത്തിനായി അവിടുത്തെ എംപി എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയിലും സുരേഷ് ഗോപി എല്ലാ ശ്രമവും നടത്തണമെന്ന് മേയർ ആയ വർഗീസ് മൈക്കിലൂടെ പറഞ്ഞാൽ എന്ത് അപാകതയാണ് അതിൽ ഉള്ളത്. അപ്പോൾ ഇതൊന്നും അല്ല കാരണം ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ അപ്രതീക്ഷിത പരാജയവും, അതിലൂടെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഉണ്ടായിട്ടുള്ള ക്ഷീണവും മറച്ചുവെക്കാൻ, പുതിയതായി കണ്ടെത്തുന്ന രാഷ്ട്രീയ തന്ത്രങ്ങൾ എന്നതല്ലാതെ സുരേഷ് ഗോപിക്കും മേയർ എം കെ വർഗീസിനും മേലുള്ള ആരോപണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാവുന്ന ഒരു കാര്യമല്ല . എന്തുതന്നെ വീരവാദങ്ങൾ കമ്മ്യൂണിസ്റ്റുകാർ നിരത്തിയാലും തൃശ്ശൂരിലെ ജനങ്ങൾ എല്ലാം മറന്നുകൊണ്ട്, രാഷ്ട്രീയം പോലും മാറ്റിവെച്ചുകൊണ്ട്, സുരേഷ് ഗോപി എന്ന മനുഷ്യനെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്തു എന്നതിൻറെ തെളിവാണ് ആരും പ്രതീക്ഷിക്കാത്ത വമ്പൻ ഭൂരിപക്ഷത്തിൽ അവിടെ സുരേഷ് ഗോപി വിജയം നേടിയതിന്റെ കാരണം. ഈ വസ്തുത തള്ളിക്കളയാൻ കമ്മ്യൂണിസ്റ്റ് നേതാക്കൾ ശ്രമിച്ചാൽ ഭാവിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഈ ദുരന്തം ആവർത്തിക്കപ്പെടുകയായിരിക്കും ചെയ്യുക എന്നത് മറക്കരുത്.