കാലൻ റോഡുകളിൽ കാവലിരിക്കുന്നു.

ഒരു വർഷം റോഡിൽ മരിച്ചു വീണത് ഒന്നേമുക്കാൽ ലക്ഷം പേർ.

രണക്കാരും രാഷ്ട്രീയക്കാരും രാപകൽ വിളിച്ചു കൂവുന്നത് രാജ്യം മുന്നോട്ട് കുതിക്കുന്നു എന്നാണ്. ഇന്ത്യയിലെ റോഡുകളെല്ലാം വിദേശ സമ്പന്ന രാജ്യങ്ങളെ കാൾ മുന്നിലാണ് എന്ന് പറയുന്ന ഭരണക്കാരും ഉണ്ട്. അങ്ങനെ നമ്മുടെ പൊതുജനങ്ങൾക്കായുള്ള ഗതാഗത സംവിധാനങ്ങൾ വലിയ മാറ്റങ്ങളിലേക്കും വികസനങ്ങളിലേക്കും കുതിക്കുമ്പോൾ അതിനൊപ്പം മരണവും കുതിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞവർഷം ഉണ്ടായ റോഡപകടങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് എല്ലായിടത്തുമായി കഴിഞ്ഞവർഷം റോഡ് അപകടങ്ങളിൽ മരണമടഞ്ഞത് 1 72 690 മനുഷ്യജീവനകൾ ആണ് .കേന്ദ്രസർക്കാരിന്റെ കീഴിലെ ഉപരിതല ഗതാഗത വകുപ്പ് പുറത്തുവിട്ട 2023ലെ കണക്കുകളിൽ ആണ് ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. രാജ്യത്ത് ഒരു മണിക്കൂറിൽ റോഡുകളിൽ അപകടങ്ങളിൽ പെടുന്നവരിൽ 20 പേർ വീതം മരിച്ചു കൊണ്ടിരിക്കുന്നു എന്നും റിപ്പോർട്ടിലുണ്ട്.

രാജ്യത്ത് ഉണ്ടാകുന്ന റോഡ് അപകടങ്ങളിൽ വലിയൊരു പങ്ക് ഇരുചക്രവാഹനക്കാർ ഉണ്ടാക്കുന്നതാണ്. ഇന്ത്യയിൽ എല്ലായിടത്തുമായി കഴിഞ്ഞ ഒരു വർഷം അഞ്ചുലക്ഷത്തോളം റോഡ് അപകടങ്ങൾ ഉണ്ടായതായി പോലീസ് തയ്യാറാക്കിയിട്ടുള്ള കണക്കുകളിൽ പറയുന്നുണ്ട്. രാജ്യ തലസ്ഥാനമായ ഡൽഹിയാണ് രാജ്യത്ത് അപകടങ്ങളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം. 2022 നെ അപേക്ഷിച്ചു 4. 2 ശതമാനം വർദ്ധനവാണ് കഴിഞ്ഞവർഷം അപകടങ്ങളിൽ ഉണ്ടായത്. കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്ന മറ്റൊരു സംസ്ഥാനം ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഉത്തർപ്രദേശ് ആണ്. ഇവിടെ മണിക്കൂറിൽ 55 റോഡ് അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കിൽ പറയുന്നത്. കഴിഞ്ഞവർഷം ഉത്തർപ്രദേശിൽ 24000 ത്തോളം റോഡ് അപകടങ്ങൾ ഉണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

നമ്മുടെ കൊച്ചു കേരളവും റോഡ് അപകടത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ല. വികസിച്ച സംസ്ഥാനം എന്നും പുരോഗമനമുള്ള സമൂഹം കഴിയുന്ന പ്രദേശം എന്ന് ഒക്കെ ഗമ പറയുമെങ്കിലും കേരളത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലും അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിലും നമ്മുടെ നാട്ടുകാർ ഒരു ഗൗരവവും കാണിക്കുന്നില്ല എന്നാണ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നത്. നമ്മുടെ കേരളത്തിൽ 23652 റോഡ് അപകടങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത്. പതിനെണ്ണായിരത്തിലധികം റോഡപകടങ്ങളുടെ കണക്കാണ് തമിഴ്നാടിന്റെ കാര്യത്തിൽ പുറത്തുവന്നിട്ടുള്ളത്. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽപ്പെടുന്ന മഹാരാഷ്ട്രയിലും ഇതേ കണക്കിന് റോഡപകടങ്ങൾ ഉണ്ടാവുന്നുണ്ട്.കേരളത്തിൽ മാത്രമല്ല രാജ്യത്ത് തന്നെ ഉണ്ടാകുന്ന റോഡ് അപകടങ്ങളിൽ 68 ശതമാനവും അമിതവേഗം വഴി ഉണ്ടാകുന്ന അപകടങ്ങളാണ്. ഇത്തരത്തിൽ റോഡ് അപകടങ്ങളിൽ മരണമടയുന്നവരിൽ 44. 8 ശതമാനം ആൾക്കാർ ബൈക്ക് യാത്രക്കാർ ആണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കഴിഞ്ഞവർഷം രാജ്യത്ത് റോഡ് അപകടങ്ങളിൽ 20ശതമാനം കാൽനടക്കാർ പങ്കാളികളായി എന്നതും ഗൗരവമുള്ള കാര്യമാണ്. അതുപോലെതന്നെ വിവിധ സ്ഥലങ്ങളിൽ ഉണ്ടാകുന്ന റോഡ് അപകടങ്ങളിൽപ്പെട്ട് ദിവസേന 26 കുട്ടികൾ വീതം മരണപ്പെടുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഗ്രാമീണ മേഖലയെ അപേക്ഷിച്ചത് നഗര മേഖലയിലാണ് കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്നത്. നഗരങ്ങളിൽ റോഡ് അപകടങ്ങളുടെ കണക്ക് ഏതാണ്ട് 32 ഓളം ശതമാനമാണ്.

കേരളത്തിലെ ദേശീയപാതകളിലും മറ്റു പ്രധാന റോഡുകളിലും ആണ് കൂടുതലായി റോഡ് അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടുത്ത ദിവസം തൃശൂർ ജില്ലയിൽ ഉണ്ടായ ഒരു മഹാദുരന്തം മലയാളികളുടെ കണ്ണ് നിറച്ചതാണ്. വഴിയോരത്ത് കിടന്നുറങ്ങിയിരുന്ന അന്യസംസ്ഥാനക്കാരായ ആൾക്കാർക്കും പാതിരാത്രിയിൽ പാഞ്ഞു വന്ന ലോറി കയറി അഞ്ചോളം പേർ മരിച്ചിരുന്നു. കേരളത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടി സംസ്ഥാനത്ത് ഒട്ടാകെയായി പ്രമുഖ പാതകളിൽ എ ഐ ക്യാമറകൾ കോടിക്കണക്കിന് രൂപ മുതൽമുടക്കി സ്ഥാപിച്ചു എങ്കിലും സ്ഥാപിച്ച അവസരത്തിൽ മാത്രമാണ് ഇതിൻറെ ഗുണഫലങ്ങൾ ഉണ്ടായത്. പല ക്യാമറകളും പ്രവർത്തിക്കാതെ വരികയും പ്രവർത്തിച്ച ക്യാമറയിൽ ഗതാഗത ലംഘനങ്ങൾ നടത്തിയവർക്ക് നേരെ നടപടിയെടുക്കാനും പിഴ ഈടാക്കാനും കഴിയാതെ വരികയും ചെയ്തതോടുകൂടി ഈ സംവിധാനവും ഇപ്പോൾ തകർന്നുകിടക്കുകയാണ്.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകൾ ആരെയും ആശങ്കപ്പെടുത്തുന്നതാണ്. റോഡുകളിൽ പൊലിയുന്ന മനുഷ്യ ജീവനുകളുടെ എണ്ണം ക്രമാതീതമായി പെരുക്കുകയാണ്. മനുഷ്യജീവൻ തട്ടിയെടുക്കുന്ന കാലൻ്റെ പ്രതിനിധികൾ പ്രധാന റോഡുകളിൽ ചുറ്റിക്കറങ്ങി നടക്കുന്നു എന്ന് പറയേണ്ട സാഹചര്യമാണ് ഇന്ത്യയിലും വിശേഷിച്ചും നമ്മുടെ കേരളത്തിലും ഉള്ളത്. നിത്യേത നടക്കുന്ന നൂറുകണക്കിന് റോഡ് അപകടങ്ങൾ നിരവധി മനുഷ്യ ജീവനുകളെ ഇല്ലാതാക്കുകയാണ്. കേരളത്തിൽ പുതിയ തലമുറ ചെറുപ്പക്കാർക്കിടയിൽ പകർന്നു പിടിച്ചിരിക്കുന്ന ഗതാഗത നിയമലംഘനത്തിൽപ്പെടുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുന്നുണ്ട്. വാഹനങ്ങളുടെ മുകളിൽ കയറിയിരുന്ന് ലഹരിയുടെ ബലത്തിൽ ചുറ്റിക്കറങ്ങുന്ന ചെറുപ്പക്കാരുടെ ചിത്രങ്ങൾ പുറത്തുവരുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ യാതൊരു നിയന്ത്രണവും ഇല്ലാതെ അമിതവേഗത്തിൽ പാഞ്ഞുപോയി മരണത്തെ വിളിച്ചുവരുത്തുന്ന ചെറുപ്പക്കാരുടെ എണ്ണവും കുറവല്ല. ഇതാണ് റോഡുകളുടെ കാര്യത്തിൽ ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന യഥാർത്ഥ ചിത്രം.