കേരളത്തിൽ തെരഞ്ഞെടുപ്പുകൾ പടിവാതുക്കൽ എത്തിയിട്ടും പാർട്ടിയിൽ ഒരുതരത്തിലും ഉള്ള ഐക്യത്തിനും പ്രവർത്തനത്തിനും കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവരാത്തതിൽ മുസ്ലിം ലീഗ് നേതാക്കളെല്ലാം കടുത്ത നിരാശയിലാണ്. പാർട്ടി സ്വന്തം നിലനിൽപ്പിന്റെ കാര്യത്തിൽ പുതിയ ആലോചനകളിലേക്ക് കടക്കേണ്ടി വരുമെന്ന് മുസ്ലിം ലീഗിലെ മുതിർന്ന നേതാക്കൾക്ക് അഭിപ്രായമുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും- തുടർന്ന് സംസ്ഥാന ഭരണം ആർക്ക് എന്ന കാര്യത്തിൽ വിധിയെഴുതുന്ന നിയമസഭ തെരഞ്ഞെടുപ്പും ഒരു വർഷത്തിനകം കടന്നു വരികയാണ്. ഇത്രയും പ്രാധാന്യമുള്ള രാഷ്ട്രീയ സാഹചര്യം മുന്നിൽ നിൽക്കുമ്പോഴും കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ തമ്മിലടി തുടരുന്നത് മുസ്ലിം ലീഗ് പാർട്ടിയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസ് പാർട്ടി മുന്നോട്ടു പോയാൽ- വരാനിരിക്കുന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസും യുഡിഎഫും തോൽവി ഏറ്റുവാങ്ങുന്ന സ്ഥിതി വരുമെന്നാണ്- കുഞ്ഞാലിക്കുട്ടിയും സലാമും മുഹമ്മദ് ബഷീറും അടക്കമുള്ള ലീഗിലെ മുതിർന്ന നേതാക്കൾ ആശങ്കപ്പെടുന്നത്. മുസ്ലിം ലീഗ് പാർട്ടിയും വലിയ പ്രതിസന്ധിയിലൂടെ മുന്നോട്ടു പോവുകയാണ്. ലീഗിലെ പ്രശ്നങ്ങൾ കുറെയൊക്കെ പാണക്കാട് തങ്ങൾ വഴി പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും കോൺഗ്രസ് പാർട്ടിയിലെ പടല പിണക്കങ്ങൾ തെരഞ്ഞെടുപ്പിൽ ബാധിക്കും എന്ന തിരിച്ചറിവാണ് ലീഗ് നേതാക്കളെ വലിയതോതിൽ ആശങ്കപ്പെടുത്തുന്നത്.
കോൺഗ്രസ് പാർട്ടിയിൽ പലതവണ മുസ്ലിംലീഗിന്റെ ഇടപെടൽ നടത്തുകയും, പാർട്ടിയിൽ ഐക്യത്തിന്റെ സ്വഭാവം ഉണ്ടാകണമെന്ന് പാണക്കാട് തങ്ങൾ അടക്കമുള്ളവർ പറഞ്ഞുവെങ്കിലും ഫലപ്രദമായ ഒരു മാറ്റവും നേതാക്കളിൽ കാണുന്നില്ല. ഈ സ്ഥിതിയിൽ കൂടുതൽ അപകടങ്ങൾ ഏറ്റു വാങ്ങണമോ അതോ എന്തെങ്കിലും രാഷ്ട്രീയമായ ബദൽ പരിഹാരം ആലോചിക്കണമോ എന്ന അവസ്ഥയിലേക്കാണ് മുസ്ലിം ലീഗിലെ നേതാക്കൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. യുഡിഎഫിൽ നിന്നുകൊണ്ട് ഇനിയും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി ലീഗിനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ കഴിയുന്ന ഒന്നല്ല. ഇനിയും അഞ്ചു വർഷം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാൽ പാർട്ടിയിൽ വലിയ കൊഴിഞ്ഞ പോക്ക് ഉണ്ടാകുമെന്നും പാർട്ടി തകർച്ചയിലേക്ക് വീഴുമെന്നും ലീഗ് നേതാക്കൾക്ക് ഭയമുണ്ട്.
ഗുരുതരമായ ഇത്തരമൊരു പ്രതിസന്ധി നിലനിൽക്കുന്നത് കൊണ്ടാണ്, കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ സ്വമേധയാ തന്നെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഐക്യപ്പെടുന്നതിനും തയ്യാറായില്ലായെങ്കിൽ മറ്റു മാർഗ്ഗം എന്ന രീതിയിൽ- ലീഗിൻറെ നിലപാടുമായി യോജിക്കുന്ന യുഡിഎഫിലെ മറ്റു കക്ഷികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക മുന്നണിയായി- നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മത്സരിക്കുക എന്ന ആശയത്തിലേക്ക്- ലീഗിലെ ചില നേതാക്കൾ എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ ഈ അഭിപ്രായത്തോട് പാണക്കാട് തങ്ങൾ ഒരു വിധത്തിലും യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയമായി അനുകൂലമായ സാഹചര്യം ഇല്ലായെന്ന് ബോധ്യം വരുന്ന അവസരത്തിൽ, പാണക്കാട് തങ്ങളും മാറി ചിന്തിക്കുമെന്നു ലീഗിലെ ഒരുപറ്റം നേതാക്കൾ കരുതുന്നുണ്ട്.
ഇപ്പോൾ യുഡിഎഫിൽ ഘടകകക്ഷിയായി നിലനിൽക്കുന്ന ആർ എസ് പി, ജോസഫ് കേരള കോൺഗ്രസ്, എൻസിപിയിലെ ഒരു വിഭാഗം, കെ കെ രമയുടെ ആർ എം പി, ജെ എസ് എസ്, ആർ എസ് പി, ഒരു വിഭാഗം ജനതാദൾ തുടങ്ങിയ ചെറു പാർട്ടികളെ ഈ മുന്നണിയിലേക്ക് ഒരുമിപ്പിക്കുന്നതിന് ആ പാർട്ടികളുമായി ചർച്ചകൾ നടത്തുക എന്നതാണ് ലീഗിൻറെ നേതാക്കളുടെ ഇപ്പോഴത്തെ പരിപാടി. മുസ്ലിം ലീഗിലെ മുതിർന്ന നേതാക്കളുടെ ഈ പുതിയ നീക്കങ്ങൾക്ക് കോൺഗ്രസിലെ തന്നെ ചിലർ പ്രോത്സാഹനം നൽകുന്നു എന്നും പറയപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഒരു ചെറു മുന്നണി ഉണ്ടാക്കിയാൽ യുഡിഎഫിന് മുന്നിൽ സീറ്റു കാര്യത്തിലും മറ്റും കൂടുതൽ അവകാശവാദങ്ങൾ ഉയർത്തുവാൻ അവസരം കിട്ടും എന്നും ലീഗ് അടക്കമുള്ളവർ കരുതുന്നുണ്ട്. ഏതായാലും ഒരു കാര്യം ശരിയാണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടി നേതൃത്വം കൊടുക്കുന്ന യുഡിഎഫ് മുന്നണിക്ക് ഫലപ്രദമായ രീതിയിൽ ചലിക്കുവാൻ കഴിയുന്നില്ല-എന്നത് ആരും തള്ളിക്കളയുന്നില്ല. കോൺഗ്രസ് പാർട്ടിക്കകത്തുള്ള നേതാക്കന്മാരുടെ തമ്മിലടി അവസാനിക്കാത്ത സാഹചര്യത്തിൽ- മുന്നണി എങ്ങനെയാണ് ശക്തമായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പുകളെ നേരിടുക എന്ന കാര്യത്തിൽ മറുപടി പറയേണ്ടത് കോൺഗ്രസിന്റെ തന്നെ നേതാക്കളാണ്.