കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു എന്നാണ് സംസ്ഥാന സർക്കാരും വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞുനടക്കുന്നത്. ഇതൊക്കെ അവർക്ക് അവകാശപ്പെടാവുന്നതാണ്. പലതരത്തിലുള്ള പരിഷ്കരണ പരിപാടികളും വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്നു എന്ന് അവകാശപ്പെടുമ്പോഴും ദേശീയതലത്തിൽ നമ്മുടെ വിദ്യാഭ്യാസ നിലവാരം താഴോട്ട് പോകുന്നു എന്ന കാര്യം മാത്രം ആരും ഗൗരവമായി കാണുന്നില്ല. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിൻറെ കീഴിലുള്ള ഹൈസ്കൂൾ വരെയുള്ള വിദ്യാലയങ്ങളിൽ വലിയ വികസനങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി സ്മാർട്ട് ക്ലാസ് വരെ സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതൊക്കെ വീരവാദങ്ങളായി പറയുമ്പോഴാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും നിരാശരാക്കുന്ന അധ്യാപന രീതികൾ സ്കൂളുകളിൽ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഭൂരിഭാഗം എണ്ണത്തിലും ഇംഗ്ലീഷ് പഠിപ്പിക്കാൻ യോഗ്യരായ ഇംഗ്ലീഷ് അധ്യാപകർ ഇല്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ കാര്യത്തിൽ വളരെ ലാഘവ ബുദ്ധിയോടെ വിദ്യാഭ്യാസ അധികൃതരും വകുപ്പ് മന്ത്രിയും വിശദീകരണം നൽകുന്നത്. ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകർ തന്നെ വേണമെന്നില്ല എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇത് പറയുമ്പോൾ കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഇംഗ്ലീഷ് അധ്യാപകരായി നിയമനം ലഭിക്കുന്നതിന് പി എസ് സി വഴി അപേക്ഷ സമർപ്പിച്ച്- അവർ നിശ്ചയിച്ച ടെസ്റ്റും ഇൻറർവ്യൂവും പാസായി റാങ്ക് ലിസ്റ്റിൽ വന്ന നൂറുകണക്കിന് ഉദ്യോഗാർത്ഥികളെ മനപ്പൂർവ്വം തള്ളിക്കളഞ്ഞു കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രിയും സർക്കാരും മുന്നോട്ടുപോകുന്നത്.
കേരളത്തിലെ സർക്കാർ ഹൈസ്കൂളുകളിൽ മാത്രം 617 ഇംഗ്ലീഷ് അധ്യാപകരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് അറിയുന്നത്. ഈ സ്കൂളുകളിലെല്ലാം വിദ്യാർഥികളെ മറ്റ് ഭാഷാ അധ്യാപകരാണ് ഇംഗ്ലീഷ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഒരു ഭാഷയല്ലെന്നും ആർക്കുവേണമെങ്കിലും ഈ ഭാഷ പഠിപ്പിക്കാം എന്നും പറയുന്ന വകുപ്പ് ഉദ്യോഗസ്ഥർ വരെയുണ്ട്. ഇംഗ്ലീഷ് അധ്യാപകരായി നിയമനം ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം പബ്ലിക് സർവീസ് കമ്മീഷനിൽ അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ കടന്നു കൂടിയ ഉദ്യോഗാർഥികളെ നിയമിക്കാത്തതിൻറെ പേരിൽ ഉദ്യോഗാർത്ഥികൾ സംഘം ചേർന്ന് ഹൈക്കോടതിയിൽ പരാതി സമർപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ അടിയന്തരമായി നിയമിക്കുന്നതിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തതാണ്. ഈ ഉത്തരവ് പോലും സംസ്ഥാന സർക്കാർ അവഗണിച്ചു. കോടതി ഉത്തരവ് വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് പോലും സർക്കാർ തയ്യാറായിട്ടില്ല. ഇതിനെ തുടർന്ന് വീണ്ടും ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതുമാത്രമല്ല, പല മികച്ച സർക്കാർ സ്കൂളുകളിലും ഇംഗ്ലീഷ് അധ്യാപകർ ഇല്ലാതായതോടെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ ആയതിന്റെ പേരിൽ പല സ്കൂളുകളിൽ നിന്നും അധ്യാപക രക്ഷാകർതൃ സംഘടന ഹൈക്കോടതിയിൽ പരാതിയുമായി എത്തിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന ഇംഗ്ലീഷ് അധ്യാപക തസ്തികകളിൽ നിയമനം നടത്തണം എന്നതാണ് ഇവരുടെയും ആവശ്യം.
ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം ഭാവി തന്നെ അപകടത്തിൽ ആകുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. ബിരുദാനന്തര ബിരുദം വരെ ഉന്നത വിദ്യാഭ്യാസം നേടിയ ആൾക്കാരാണ് ഇംഗ്ലീഷ് അധ്യാപക ജോലിക്കായി റാങ്ക് ലിസ്റ്റിൽ എത്തിയിട്ടും നിയമനത്തിനായി ഇപ്പോഴും കാത്തിരിക്കുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി പൂർത്തിയാകാൻ കുറച്ചുനാളുകൾ മാത്രം അവശേഷിക്കുന്നു എന്നതും ഉദ്യോഗാർത്ഥികളെ ഭയപ്പെടുത്തുന്നുണ്ട്. സാധാരണഗതിയിൽ പി എസ് സി യുടെ റാങ്ക് ലിസ്റ്റ് കാലാവധി പൂർത്തിയായാൽ അർഹതപ്പെട്ടവരുടെ നിയമനം ഇല്ലാതാക്കപ്പെടുകയാണ് ചെയ്യുക. ഇത്തരം പ്രതിസന്ധികൾ തുടരുന്നതിനിടയിൽ സർക്കാർ സ്കൂളുകളിലേക്ക് ഇംഗ്ലീഷ് ഭാഷ അധ്യാപകരെ നിയമിക്കുന്നതിന് പി എസ് സി പുതിയതായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു എന്നതും നിലവിൽ റാങ്ക് ലിസ്റ്റിൽപെട്ടവരെ ആശങ്കയിലാക്കുന്നുണ്ട്.
സർക്കാർ കുറെ കാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്നത് കൊണ്ട് പുതിയ നിയമനങ്ങളെല്ലാം തടഞ്ഞു വച്ചിരിക്കുകയാണ്. അത്യാവശ്യ ഒഴിവുകൾ നികത്തുവാൻ പോലും ഒരു വകുപ്പിനും സർക്കാരിൻറെ ധനകാര്യ വകുപ്പ് അനുമതി നൽകുന്നില്ല. വിദ്യാഭ്യാസ വകുപ്പിൽ ഇംഗ്ലീഷ് അധ്യാപകരുടെ നിയമനം തടഞ്ഞുവെച്ചതിലും ഇതേ കാരണമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
സർക്കാരിൻറെ ഇത്തരം മുടന്തൻ ന്യായങ്ങൾ പുറത്തുവരുമ്പോഴും സർക്കാർ സ്കൂളിലെ ഹെഡ്മാസ്റ്റർമാർ അടക്കമുള്ളവരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം, ഇംഗ്ലീഷ് അധ്യാപകരായി താൽക്കാലിക നിയമനം നടത്തുന്നതിനുള്ള സർക്കാരിൻറെ നിർദ്ദേശങ്ങളാണ്. ഇത്തരത്തിൽ കേരളത്തിലൊട്ടാകെ നൂറുകണക്കിന് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചു കഴിഞ്ഞതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. താൽക്കാലിക നിയമനം ലഭിക്കുന്ന അധ്യാപകർക്ക് ദിവസവേതനമായി 750 രൂപ മാത്രമാണ് നൽകിക്കൊണ്ടിരിക്കുന്നതെന്ന ആക്ഷേപവും വ്യാപകമായി നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ കുറഞ്ഞ ചെലവിൽ സ്കൂളുകൾ നടത്തി കൊണ്ടുപോവുക എന്ന തന്ത്രമാണ് വിദ്യാഭ്യാസ വകുപ്പ് പയറ്റുന്നത്. ഇതൊക്കെ നടക്കുമ്പോഴും പുറത്തുവരുന്ന മറ്റൊരു വലിയ യാഥാർത്ഥ്യം സർക്കാർ സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് പിന്നിൽ വലിയ തരത്തിൽ രാഷ്ട്രീയ പാർട്ടിക്കാർ കോഴ വാങ്ങലും അഴിമതിയും നടത്തുന്നു എന്ന വിവരങ്ങളാണ്. ഭരണകക്ഷിയിൽപെട്ട രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ- അതാത് സ്ഥലങ്ങളിലെ സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്ന കാര്യത്തിൽ വലിയ തോതിൽ കോഴ വാങ്ങുന്നതായി സ്കൂൾ അധികൃതർതന്നെ തുറന്നു പറയുന്നുമുണ്ട്.
ഏതായാലും ഉന്നത വിദ്യാഭ്യാസം നേടി സ്ഥിരമായ ഒരു ജോലി പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്ന നൂറുകണക്കിന് ഇംഗ്ലീഷ് അധ്യാപക ഉദ്യോഗാർത്ഥികളെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് സർക്കാർ അവരുടെ ഭാവിയെ ഇല്ലാതാക്കിയിരിക്കുന്നത്. 2500 ലധികം ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവുകൾ കേരളം ഒട്ടാകെയായി ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്രയധികം ഒഴിവുകൾ ഉണ്ടായിട്ടും പി എ സ് സിയുടെ റാങ്ക് ലിസ്റ്റ് പരിഗണിച്ച് അർഹരായവർക്ക് ജോലി കൊടുക്കാൻ സർക്കാർ തയ്യാറാവാത്തത് തികഞ്ഞ അനീതിയാണ്. മാത്രവുമല്ല ഹൈക്കോടതിയുടെ വിധിയെപോലും മാനിക്കാത്ത സർക്കാർ നിലപാട് സ്വാഭാവികമായും കോടതി അലക്ഷ്യത്തിന്റെ ഭാഗമാണ് എന്നുകൂടി പറയാതിരിക്കാൻ വയ്യ.