നേതാക്കളെ മുൾമുനയിൽ നിർത്തി യൂത്ത് നേതാവ്

നിങ്ങളുടെ മക്കളെയൊന്നും തല്ലുകൊള്ളാൻ കാണുന്നില്ലല്ലോ

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ശക്തിയുള്ള ഒരു ജില്ലയിലെ നേതാക്കന്മാരുടെ യോഗത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ അപ്രതീക്ഷിതമായ ഒരു ചോദ്യം ഉന്നയിച്ചത്. യൂത്ത് കോൺഗ്രസ് നേതാവിന്റെ ചോദ്യം കേട്ട് മറുപടി പറയാൻ കഴിയാതെ മുതിർന്ന നേതാക്കൾ തലകുമ്പിട്ടിരുന്ന അവസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ വേദിയിൽ നെളിഞ്ഞ് ഇരിക്കുന്ന നേതാക്കളുടെ മക്കളെയാരേയും സമരം നടത്താനും സംഘടന വളർത്താനും തല്ലു കൊള്ളാനും കാണാറില്ലല്ലോ എന്ന ചോദ്യമാണ് ജില്ലാ ഭാരവാഹിയായ യൂത്ത് കോൺഗ്രസ് നേതാക്കൾ മുതിർന്നവരോട് ചോദിച്ചത്. യഥാർത്ഥത്തിൽ ആ ചോദ്യം കേട്ടപ്പോൾ സദസ്സിലുള്ളവരും അത് അംഗീകരിച്ച് വലിയ തോതിൽ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു എന്നാണ് പറഞ്ഞു കേൾക്കുന്നത്.

പത്തനംതിട്ട ജില്ല എല്ലാ കാലത്തും കോൺഗ്രസ് പാർട്ടിക്ക് മേധാവിത്വമുള്ള ജില്ലയാണ്. ഇവിടെ ജില്ലാ നേതാക്കളുടെ യോഗം നടന്നപ്പോഴാണ് യൂത്ത് കോൺഗ്രസിൻറെ ജില്ലാ നേതാവ് സ്വന്തം നേതാക്കളെ ഉത്തരം മുട്ടിച്ച ചോദ്യം ഉയർത്തിയത്. കോൺഗ്രസ് പാർട്ടി പ്രതിപക്ഷത്തായതുകൊണ്ട് നിരവധി സമരങ്ങളാണ് നടന്നുവരുന്നത്. ഇടത് സർക്കാരിൻറെ പോലീസ് പലയിടത്തും സമരക്കാരെ വളഞ്ഞിട്ട് തല്ലുന്നുമുണ്ട്. ഏത് സമരം പ്രതിപക്ഷം പ്രഖ്യാപിച്ചാലും സമരം നടത്താനും തല്ലു കൊള്ളാനും യൂത്ത് കോൺഗ്രസുകാരും കെ എസ് യു കാരും മാത്രമാണ് ഉണ്ടാകാറുള്ളത്. ഇത്തരത്തിൽ നടന്നുവരുന്ന ഒരു സമരത്തിലും ജില്ലയിലെ കോൺഗ്രസിന്റെ നേതാക്കന്മാരുടെ മക്കളെ ആരെയും ഇതുവരെ കണ്ടിട്ടില്ല എന്ന പരാതിയാണ് യൂത്ത് കോൺഗ്രസ് നേതാവ് ഉയർത്തിയത്. ജില്ലയിലെ മാത്രമല്ല കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളിൽ പലരുടെയും മക്കളെല്ലാം എൻജിനീയർമാരും ഡോക്ടർമാരും ഒക്കെയാകാൻ സംസ്ഥാനത്ത് മാത്രമല്ല അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും പോയി പഠിച്ചു കൊണ്ടിരിക്കുകയാണ്. ഈ നേതാക്കൾ ഒന്നും സ്വന്തം മക്കളെ പാർട്ടി വളർത്താനോ രാഷ്ട്രീയം പഠിപ്പിക്കാനോ സമരം നടത്താനോ ഒരിക്കലും തയ്യാറായിട്ടില്ല. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് എന്തോ വലിയ കൊള്ളുവില്ലാത്ത ഏർപ്പാടായിട്ടാണ് നേതാക്കൾ തന്നെ മക്കളോട് പറയുന്നത്. അങ്ങനെയുള്ള നേതാക്കന്മാരുടെ മക്കൾ എങ്ങനെയാണ് രാഷ്ട്രീയത്തിൽ കടന്നു വരികയെന്നും യൂത്ത് നേതാവ് ചോദിച്ചു.

എൻറെ അച്ഛൻ രാഷ്ട്രീയത്തിൽ നിന്നും ഒന്നും നേടാത്ത ജില്ലയിലെ പാർട്ടി പ്രവർത്തകനും നേതാവും ആയിരുന്നു. അദ്ദേഹത്തിൻറെ വാക്കുകളും പ്രവർത്തനങ്ങളും വഴി ഉണ്ടായ താല്പര്യമാണ് എന്നെ കോൺഗ്രസ് പ്രവർത്തകനായി മാറ്റിയത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് പദവി മാന്യമായി കൊണ്ടുനടക്കാനും പ്രവർത്തിക്കാനും ഇപ്പോഴും ശ്രമിക്കുന്ന ആളാണ് ഞാൻ. എന്നാൽ ഞങ്ങളുടെയൊക്കെ സമരങ്ങളിലും പോലീസ് മർദ്ദന നടപടികൾക്കിടയിലും ഒരു നേതാവിന്റെയും മക്കളെ ഇന്നുവരെ കണ്ടിട്ടില്ല എന്നത് വിഷമിപ്പിക്കുന്നുണ്ട് എന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രസ്താവന പുറത്തുവന്നപ്പോൾ വേദിയിലിരുന്ന പല നേതാക്കളും നാണംകെട്ട് തലകുനിച്ചിരിക്കുന്ന സ്ഥിതി ഉണ്ടായി എന്നാണ് പറയപ്പെടുന്നത്.

സ്വന്തം അനുഭവങ്ങൾ നിരത്തികൊണ്ടാണ് യൂത്ത് കോൺഗ്രസിൻറെ ഭാരവാഹിയായ ചെറുപ്പക്കാരൻ നേതാക്കൾക്ക് മുന്നിൽ പാർട്ടിയുടെ യഥാർത്ഥ ചിത്രം വരച്ചുവെച്ചത്. യൂത്ത് കോൺഗ്രസ് നേതാവിന്റെ ഈ പ്രസംഗത്തെ സദസ്സിൽ ഇരുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തോടെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കേരളത്തിലെ മുതിർന്ന പല നേതാക്കന്മാരുടെയും മക്കൾ ഉന്നതമായ ബിരുദം നേടി സ്വന്തം കാര്യം നോക്കി ജീവിക്കുകയാണ്. കഴിവുകെട്ട മക്കളെ ഉന്നത ബിരുദത്തിൽ എത്തിക്കാൻ ചോദിക്കുന്ന ലക്ഷങ്ങൾ സംഭാവന നൽകി അന്യസംസ്ഥാനങ്ങളിൽ അഡ്മിഷൻ സംഘടിപ്പിക്കുന്നത് പോലും ഉണ്ടെന്നത് കോൺഗ്രസിന്റെ പ്രവർത്തകർക്കിടയിൽ സംസാരവിഷയമാണ്. നിലവിലെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ എല്ലാരുടെയും തന്നെ മക്കൾ ഉന്നത ബിരുദങ്ങൾ നേടി സർക്കാർ സർവീസിലടക്കം കടന്നു കയറി സമ്പന്ന ജീവിതം നയിക്കുകയാണ്. ഈ സ്ഥിതി തുടരുമ്പോഴാണ് സാധാരണക്കാരായ കോൺഗ്രസ് നേതാക്കളുടെ മക്കൾ രക്ഷിതാക്കളുടെ പാതയിൽ തന്നെ ആവേശം കൊണ്ട് പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരായ കോൺഗ്രസ് പ്രവർത്തകർക്ക് എന്തെങ്കിലും സഹായം നൽകുവാൻ പോലും പലപ്പോഴും മുതിർന്ന നേതാക്കൾ തയ്യാറാവുന്നില്ല എന്ന പരിഭവവും യൂത്ത് കോൺഗ്രസിൻറെ താഴെത്തട്ടിലുള്ള നേതാക്കൾക്കുണ്ടെന്നതാണ് വാസ്തവം.