കോഴിക്കോട്: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹീറോ സൂപ്പർ കപ്പ് ഇന്ത്യൻ ഫുട്ബോളിലേക്ക് തിരികെ വരുന്നു. കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിലെ മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലുമായാണ് നടക്കുക. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങൾക്ക് വേദിയാകും എന്ന് ദി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 8 മുതൽ 25 വരെയാണ് ടൂർണമെന്റ് അരങ്ങേറുക. ഏപ്രിൽ 3 മുതൽ യോഗ്യത മത്സരങ്ങൾ ആരംഭിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ ക്ലബ്ബുകളും സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടും. ഈ സീസൺ ഐ ലീഗിലെ ജേതാവും നേരിട്ട് യോഗ്യത നേടും. ബാക്കിയുള്ള നാല് സ്ലോട്ടുകൾക്കായി ഐ ലീഗ് ക്ലബ്ബുകൾ യോഗ്യത റൌണ്ട് മത്സരങ്ങൾ കളിക്കും. കൊച്ചിയിലെ മത്സരങ്ങൾ രാത്രി ഏഴ് മണിക്കും മറ്റ് സ്ഥലങ്ങളിൽ വൈകീട്ട് 4 മണിക്കുമാണ് നടക്കുക.