കല്ലെറിഞ്ഞ് കളി കാര്യമായി; പത്താം ക്ലാസുകാരനെ മര്‍ദിച്ച്‌ കൊന്ന് കൂട്ടുകാര്‍.

The game of throwing stones became serious; A 10th class student was beaten to death by his friends

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മുസിരി, ബാലസമുദ്രത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, ഗോപിയുടെ മകനുമായ മൗലീശ്വരനാണ് കൊല്ലപ്പെട്ടത്. ആക്രമിച്ചത് മൂന്ന് വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് പറഞ്ഞു. മുസിരി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ പുറത്തിരുന്ന് പഠിയ്ക്കുന്നതിനിടെയാണ് സംഭവം. സമീപത്തുള്ള കുട്ടികള്‍ പരസ്പരം കല്ലെറിഞ്ഞ് കളിയ്ക്കുകയായിരുന്നു. കല്ലെറിഞ്ഞത് മൗലീശ്വരനാണെന്ന് തെറ്റിദ്ധരിച്ച്‌ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഇയാളെ സ്‌കൂളിനകത്തുവച്ച്‌ മര്‍ദിയ്ക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ മൗലീശ്വരനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് നാമക്കല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്‍പിലെ റോഡ് ഉപരോധിച്ചു. ഇത് ഏറെ നേരം പൊലിസുമായുള്ള വാക്കേറ്റത്തിന് കാരണമായി. മുസിരി ഡി എസ് പി യാസ്മിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സ്‌കൂളിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.