രാജ്യത്ത് കസ്റ്റഡി മരണങ്ങൾ കൂടുതൽ ഗുജറാത്തിൽ.

Gujarat has more custodial deaths in the country.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണം സംഭവിച്ചത് ഗുജറാത്തിലാണ്. 2021 2022 വർഷത്തിൽ മാത്രം 24 പ്രതികളാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. 2017 മുതൽ ആകെ 80 പേരാണ് ഗുജറാത്തിൽ കസ്റ്റഡിയിൽ മരിച്ചത്.. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെതാണ് കണക്കുകൾ. 2017 2018 ൽ 14 പേരാണ് കസ്റ്റഡിയിൽ മരിച്ചത്. 2018 19 ൽ 13 പേരും 2019 20ല്‍ 12 പേരും മരിച്ചു. 2020 21 ൽ ഇത് 17 ആയി വർധിച്ചു. ഗുജറാത്തിലെ ജയിലുകളുടെ അവസ്ഥയും വളരെ ദയനീയമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ തെളിയുന്നത്. പരമാവധി 14000 പേരെ ഉൾക്കൊള്ളാവുന്നതാണ് ഗുജറാത്തിലെ ജയിലുകൾ. എന്നാൽ നിലവിൽ 16,597 പേരാണ് ജയിലിൽ കഴിയുന്നത്. ലോകസഭയിലെ ചോദ്യത്തിന് ആഭ്യന്തരസഭ മന്ത്രി അജയ് മിശ്ര നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗുജറാത്തിലെ 745 പോലീസ് സ്റ്റേഷനുകളിൽ 622ൽ മാത്രമാണ് സിസിടിവി ക്യാമറകൾ ഉള്ളത്. 123ല്‍ ക്യാമറ ഇല്ല. പോലീസ് സ്റ്റേഷനുകളുടെ നിലവാരം ഉയർത്താനായി 2020 ലും 21ലും കേന്ദ്രം വകയിരുത്തിയ 25 ദശാംശം 58 കോടി രൂപ ഇതുവരെ നൽകിയിട്ടുമില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗുജറാത്ത് തന്നെയാണ് കസ്റ്റഡി മരണങ്ങളിൽ രാജ്യത്ത് മുൻപന്തിയിൽ ഉള്ളത്. 80 കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. തൊട്ടു പിന്നാലെ മഹാരാഷ്ട്രയും ഉണ്ട്. 76 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശാണ് മൂന്നാം സ്ഥാനത്ത്. 41 ആളുകളാണ് ഇവിടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. തമിഴ്നാട്ടിൽ നാൽപതും ബീഹാറിൽ 38 പേരും ഇത്തരത്തിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവെന്ന് കണക്കുകൾ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് ആണ് കഴിഞ്ഞ ഇടയ്ക്ക് ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ രാജ്യസഭയിൽ പങ്കുവെച്ചത്. 2017 ഏപ്രിൽ ഒന്നിനും 2022 മാർച്ച് 31നും ഇടയിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട കസ്റ്റഡി മരണങ്ങളുടെ വിശദാംശങ്ങളാണ് അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ചത്. ആകെ 669 പോലീസ് കസ്റ്റഡി മരണങ്ങളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2017 18 ൽ 146 കേസുകളും 2018 19 ൽ 136ഉം 2019 20ൽ 112 ഉം 2020 21 ൽ 100 ഉം 2021 22 ൽ 175 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

9 കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. 29 പേർക്കാണ് കസ്റ്റഡി മർദ്ദനത്തെ തുടർന്ന് ഡൽഹിയിൽ ജീവൻ നഷ്ടമായത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ വിവരങ്ങൾ പ്രകാരം 201 കേസുകളിൽ 5,80,74,998 രൂപ ധനസഹായവും ഒന്നിൽ അച്ചടക്ക നടപടിയും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.