സംസ്ഥാനത്ത് ഇറിഗേഷൻ ടൂറിസം നടപ്പിലാക്കും; മന്ത്രി റോഷി അഗസ്റ്റിൻ
വയനാട്: ജലസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം ടൂറിസം പ്രവൃത്തികളും ഉൾപ്പെടുത്തി ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തിരുനെല്ലിയിലെ കൂമ്പാരക്കുനിയിൽ നിർമ്മിക്കുന്ന ചെക്ക് ഡാമിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇറിഗേഷൻ ടൂറിസത്തിനായി ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള സ്ഥലങ്ങൾ പ്രയോജനപ്പെടുത്തും. മാനന്തവാടി മണ്ഡലത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പുതിയതായി നിർമ്മിക്കുന്ന കൂമ്പാരക്കുനി ചെക്ക്ഡാമിന് അനുബന്ധമായി കനാൽ നിർമ്മിക്കണമെന്ന ആവശ്യം പരിഗണനയിലാണെന്നും എസ്റ്റിമേറ്റ് തയ്യാറാക്കാൻ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുനെല്ലി എസ്.എ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ഡി അനിത റിപ്പോർട്ട് അവതരിപ്പിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സുശീല, വാർഡ് മെമ്പർ പി.എൻ ഹരീന്ദ്രൻ, കേരള സിറാമിക് ലിമിറ്റഡ് ചെയർമാൻ കെ.ജെ ദേവസ്യ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.പി വിനോദൻ തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ, എസ്.ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.