ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ! “നമുക്കുമുണ്ട് കുടുംബവും കുട്ടികളും”

കെ എസ് ആർ ടി സി യിൽ ഒരു വിഭാഗം ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക് നീങ്ങുകയാണ് . ബിജെപി യുടെ തൊഴിലാളി വിഭാഗമായ ബിഎം എസ് ആണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കി 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കോടതി ഉത്തരവ് ഉണ്ടായിട്ടും പ്രതിമാസം കൃത്യമായ ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലാണ് ഒരു ഗത്യന്തരവുമില്ലാതെ സമരത്തിലേക്ക് പോകുന്നതെന്നാണ് സംഘടനയുടെ വാദം.

ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ എന്നും നമുക്കും കുടുംബവും കുട്ടികളും ഉണ്ടെന്നു അധികാരികൾ ഓർക്കണമെന്നും പണിമുടക്കുന്ന തൊഴിലാളികൾ പറഞ്ഞു. അതേസമയം  സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു മുന്നറിയിപ്പ് നൽകി. മാത്രമല്ല തനിക്കെതിരായ സിഐടിയു നേതാക്കളുടെ ആരോപണങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് അർധരാത്രി മുതൽ ബിഎംഎസ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങും. കഴിഞ്ഞ മാസത്തെ ശമ്പളത്തിലെ ആദ്യഗഡു മാത്രമാണ് കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളികള്‍ക്ക് ഇതുവരെ ലഭിച്ചത്. അഞ്ചാം തീയതിക്ക് മുന്‍പ് മുഴുവന്‍ ശമ്പളമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടക്കാതായതോടെയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിനിറങ്ങിയത്. എന്നാല്‍ സമരം അംഗീകരിക്കില്ലെന്നും മൂന്നുദിവസത്തെ സര്‍വീസിനെ ബാധിക്കുമെന്നും  തൊഴിലാളികൾക്ക് വേണ്ടി കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് എന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.

കെഎസ്‌ആര്‍ടിസി യെ കട്ടുമുടിച്ചും നശിപ്പിച്ചും തൊഴിലാളികളെ മുഴുവൻ ദുരിതത്തിലാക്കിയതാണോ മാനേജ്‌മന്റ് ചെയ്ത സഹായമെന്ന് തൊഴിലാളികൾ മറുവാദം ഉന്നയിച്ചു. വർഷങ്ങളായി നടക്കുന്ന സമരത്തിന്റെ ഒത്തുതീർപ്പാണ്ന്നു പറഞ്ഞു കൂടുന്ന ചർച്ചകളിൽ ഇനി മുതൽ എല്ലാമാസവും 5ന് ശമ്പളം എന്ന പൊള്ളയായ ഉറപ്പു നൽകി തൊഴിലാളികളെ കബളിപ്പിക്കുന്നതാണോ മാനേജിമെന്റിനെ നയമെന്നും സമരക്കാർ കുറ്റപ്പെടുത്തി.  കെഎസ്‌ആര്‍ടിസി യുടെ അധപതനം ഏതാണ്ട് പൂർത്തിയായി എന്നിട്ടും എന്തിനാണ് ഈ നാടകം മെന്നും കുറ്റപ്പെടുത്തി.