കൊച്ചി :മെയ് 13നാണ് പുറങ്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട നടന്നതുമായി ബന്ധപ്പെട്ട് 25000 കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍, മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച് എന്‍സിബി. കൂടുതല്‍ കടത്തുകാര്‍ രക്ഷപ്പെട്ടത് മദര്‍ഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. രാസലഹരി എത്തിക്കാന്‍ ലക്ഷ്യം വച്ചതില്‍ ഇന്ത്യന്‍ നഗരങ്ങളുമുണ്ടെന്നാണ് വിവരം. കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലും അന്വേഷണം നടത്തും. ഇന്ത്യന്‍ ശൃംഖല കണ്ടെത്തുമെന്ന് എന്‍സിബി വ്യക്തമാക്കി. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ പാകിസ്ഥാന് പൗരന് എന്ന് സംശയിക്കുന്നയാളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുളളില്‍ നടന്നത്. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും കസ്റ്റിഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നാവിക സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തതെന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.