സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ എം.കെ. മുനീര്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെയാണ് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ വേദിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സെക്രട്ടറിയേറ്റ് ഉപരോധത്തിനെത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ തളര്‍ന്ന് വീഴുകയായിരുന്നു. സിഎംപി നേതാവ് സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നില്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണതോടെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയില്‍ ഇരുത്തി.
ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്ന് വേദിയിലെ കസേരയിലേക്ക് മാറ്റി. അല്പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു. മുനീറിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ട്.