ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു; ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

കൊച്ചി: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കത്തിക്കയറുന്നു. 10 ദിവസത്തിനിടയില്‍ ഒരു കിലോ കോഴിയിറച്ചിക്ക്് 70-75 രൂപ വരെ ഉയര്‍ന്നതോടെ ഹോട്ടല്‍ മേഖല പ്രതിസന്ധിയിലായി. നിലവിലെ കോഴിവില കേട്ടാല്‍ നമ്മള്‍ ഞെട്ടും, 250 രൂപയാണ് മാര്‍ക്കറ്റില്‍ ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പല ഹോട്ടലുകളിലും ചിക്കന്‍ വിഭവങ്ങള്‍ക്ക് വര്‍ധിച്ച വിലാണ് ഈടാക്കുന്നത്. പല ഹോട്ടലുകളിലും വ്യത്യസ്ഥ വിഭവങ്ങള്‍ക്ക് സാധാരണ ഈടാക്കുന്നതിനെക്കാള്‍ 10-30 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ചിക്കന്‍ മിശ്രിത വിഭവങ്ങളായ ബിരിയാണി, ഷവര്‍മ എന്നിവയ്ക്കും വില വര്‍ധന ബാധകമായിട്ടുണ്ട്. നോണ്‍ വെജ് ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ ഒരു ദിവസം ശരാശരി 40 കിലോ ചിക്കന്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്ക് അധികമായി നല്‍കേണ്ടത് 3,000-ത്തിലധികം രൂപയാണ്. അതേസമയം, തങ്ങളുടെ ഹോട്ടലുകളില്‍ തത്കാലം വില വര്‍ധിപ്പിക്കേണ്ടെന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മീന്‍ ലഭ്യത കുറയുകയും ചിക്കന്റെ ദിനംപ്രതിയുള്ള ആവശ്യം ഉയരുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വില വീണ്ടും ഉയരാനിടയുണ്ടെന്നാണ് കണക്കുകൂട്ടല്‍. അതേസമയം കേരള ചിക്കന്‍ എന്ന സര്‍ക്കാര്‍ പദ്ധതി ഇപ്പോഴും അവതാളത്തിലാണ്. പൊതു വിപണിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടൊണ് ‘കേരള ചിക്കന്‍’ പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ, കെപ്കോ, ബ്രഹ്‌മഗിരി മാംസ സംസ്‌കരണ ഫാക്ടറി, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എന്നിവരായിരുന്നു നോഡല്‍ ഏജന്‍സികള്‍. ഇതില്‍ ബ്രഹ്‌മഗിരി പിന്മാറി. പദ്ധതി ഫലം കാണാത്തതിനാല്‍ തമിഴ്നാടിന്റെ കൈയിലാണ് പ്പോഴും കേരളത്തിലെ ചിക്കന്‍ വിപണി മുന്നോട്ടു പോകുന്നത്. എന്നാല്‍ ചിക്കന്റെ വിലവര്‍ധന സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.