വെള്ളരിക്കുണ്ടിൽ തെരുവ് നായ ആക്രമണം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴിയിൽ വീണു, വിദ്യാർത്ഥിനിക്ക് പരിക്ക്

കാസർകോട്: സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ തെരുവുനായകളുടെ ആക്രമണം. രക്ഷപെടാനുള്ള ശ്രമത്തിനിടെ മൂന്നു പെൺകുട്ടികളിൽ ഒരാൾ കുഴിയിലേക്ക് വീണ് പരിക്കേറ്റു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ 8.30 നാണ് സംഭവം. ഭീമനടി കാലിക്കടവിലെ റഷീദിൻ്റെ മകളും വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ നജുല മറിയ(17)ത്തിനാണ് വീണ് പരുക്കേറ്റത്. കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ രക്ഷപെടുത്തുകയായിരുന്നു. പെൺകുട്ടിയെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരുക്കുണ്ട്. കഴിഞ്ഞ ദിവസം ചെറുവത്തൂരിലും തെരുവ് നായയുടെ ആക്രമണമുണ്ടായിരുന്നു. ബസ്‌സ്റ്റാൻഡ് പരിസരത്തെത്തിയ രണ്ടുപേരെ തെരുവായ കടിച്ചു. കടിയേറ്റയാൾ നായയെ പിന്തുടർന്ന് തല്ലിക്കൊന്ന് പഞ്ചായത്ത് കാര്യാലയത്തിന് മുൻപിലിട്ടു.