ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ രണ്ട് കുട്ടികള്‍ മരിച്ചനിലയില്‍; പിതാവിന്റെ നില അതീവഗുരുതരം

തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ചനിലയിലും പിതാവിനെ അവശനായനിലയിലും കണ്ടെത്തി

വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖറിന്റെ പതിനാലും എട്ടും വയസ്സുള്ള കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടത്. അവശനായനിലയില്‍ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയ ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം.

ലോഡ്ജില്‍ താമസിച്ചിരുന്ന ചന്ദ്രശേഖറും കുട്ടികളും ചൊവ്വാഴ്ച ഉച്ചയ്ക്ക് മുറി വിടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക്ശേഷവും ഇവരെ മുറിയില്‍നിന്ന് പുറത്തുകാണാതായതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചപ്പോളാണ് കുട്ടികളെ മരിച്ചനിലയില്‍ കണ്ടത്.

ഒരുകുട്ടിയെ കിടക്കയിലും മറ്റൊരു കുട്ടിയെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയതെന്നാണ് വിവരം. വായില്‍നിന്ന് നുരയും പതയുംവന്ന നിലയിലാണ് പിതാവിനെ കണ്ടത്. ജീവനുണ്ടെന്ന് മനസിലായതോടെ ലോഡ്ജ് ജീവനക്കാര്‍ ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.