പൂജപ്പുര രവി അന്തരിച്ചു ; വിടവാങ്ങിയത് എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകങ്ങളിലും വേഷമിട്ട പ്രതിഭ
ഇടുക്കി : പ്രശസ്ത നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരില്‍ വച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.ഇന്ന് രാവിലെ ശരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. അഞ്ച് പതിറ്റാണ്ടോളം അഭിനയ രംഗത്ത് സജീവമായിരുന്ന അദ്ദേഹം 800 ഓളം സിനിമകളിലും 4000 ത്തോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു പൂജപ്പുര രവി. നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച അദ്ദേഹം വെള്ളിത്തിരയില്‍ പകര്‍ന്നാടിയത് പകരം വയ്ക്കാനില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ ആയിരുന്നു. കലാനിലയം ഡ്രാമാവിഷൻ എന്ന പ്രശസ്തമായ നാടക കളരിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1970 കളുടെ പകുതിയോടെയാണ് സിനിമയിലേയ്ക്ക് ചുവടുമാറ്റുന്നത്.
പ്രാരംഭ ഘട്ടത്തില്‍ ചെറിയ റോളുകള്‍ മാത്രമാണ് അദ്ദേഹത്തെ തേടിയെത്തിയത്. എന്നാല്‍ പതിയെ മലയാള സിനിമയിലെ പതിവ് മുഖങ്ങളുടെ കൂട്ടത്തില്‍ പൂജപ്പുര രവി എന്ന നടനും ചേര്‍ക്കപ്പെട്ടു. 800ല്‍ അധികം സിനിമകളില്‍ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. ഏതുറോളും അനായാസം ചെയ്യാൻ കഴിയുന്ന മെയ്വഴക്കം തന്നെയാണ് അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കിയത്.
“കള്ളൻ കപ്പലില്‍തന്നെ” എന്ന സിനിമയിലെ അമ്മിണി അമ്മാവൻ എന്ന വേഷമാണ് സിനിമയില്‍ രവിയെ ശ്രദ്ധേയനാക്കിയത്. 1992ല്‍ ഇറങ്ങിയ സുബ്രമണ്യം സ്വാമിയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷമാണ്. 1990കളില്‍ അദ്ദേഹം സീരിയലുകളിലും സജീവമായിരുന്നു.
സ്വന്തം പേരിനോട് ചേര്‍ത്ത് നാടായ പൂജപ്പുരയെ പ്രശസ്തനാക്കിയ ആളാണ് പൂജപ്പുര രവി. എന്നാല്‍ അടുത്തിടെ അദ്ദേഹം മൂന്നാര്‍ മറയൂരിലേക്ക് താമസം മാറിയിരുന്നു. പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗറില്‍ ജനിച്ചുവളര്‍ന്ന കുടുംബ വീടിനുസമീപം പണിത, 40 വര്‍ഷത്തെ ഓര്‍മകള്‍ കുടിയിരിക്കുന്ന വീട്ടില്‍ നിന്നാണ് അദ്ദേഹം മൂന്നാര്‍ മറയൂറിലെ മകള്‍ ലക്ഷ്മിയുടെ കുടുംബത്തിനൊപ്പം ചേക്കേറിയത്.
പൂജപ്പുരയിലെ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകൻ ഹരി കുമാര്‍ അയര്‍ലന്റിലേക്ക് പോയതിനാലാണ് അദ്ദേഹം മകള്‍ക്കൊപ്പം താമസം ആരംഭിച്ചത്. പൂജപ്പുരയില്‍ നിന്ന് പോകവെ അദ്ദേഹത്തിന് യാത്രാ മംഗളങ്ങള്‍ നേരാൻ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സുഹൃത്തുമായ പ്രേം കുമാര്‍ അടക്കമുള്ളവര്‍ വീട്ടിലെത്തിയിരുന്നു. ആറുവര്‍ഷം മുമ്ബാണ് അദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മ വിടപറഞ്ഞത്. കലാനിലയത്തില്‍ നടി ആയിരുന്നു അവര്‍