എടപ്പാള്‍: കെ.എസ്.ആര്.ടി.സി. ബസില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസില്‍ അടുത്തിരുന്ന യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. കോഴിക്കോട് കൊടുവള്ളി കച്ചേരി കുന്നുമ്മല്‍ റിഷാദിനെയാണ് (28) അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസെത്തിയത്. ഇയാള്‍ ജനുവരിയില്‍ വയനാട് അമ്പലവയലിലെ ഒരു വീട്ടില്‍നിന്ന് കാപ്പിക്കുരു ചാക്കുകള്‍ കവര്‍ന്ന കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ അമ്പലവയല്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.