സ്പീക്കര്‍ ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചയുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സി പി എം നേതാവ് പി ജയരാജന്‍.

കണ്ണൂർ : സ്പീക്കര്‍ ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചയുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സി പി എം നേതാവ് പി ജയരാജന്‍.

ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണ്. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയില്‍ ആയിരുന്നു പരാമര്‍ശം.

ജൂലൈ 21ന് കുന്നത്തുനാട് ജി എച്ച്‌ എസ് എസില്‍ നടന്ന വിദ്യജ്യോതി പരിപാടിയില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞിരുന്നു.

മറ്റു മതവിഭാഗങ്ങളുടെ ആരാധനാ സംവിധാനങ്ങളെ ബഹുമാനിക്കാനും പുകഴ്ത്താനും ഷംസീറിന് അറിയാം. എന്നാല്‍ ഹിന്ദു പുരാണങ്ങള്‍ അന്ധവിശ്വാസമാണെന്ന ഷംസീറിന്റെ മനോഭാവം നിയമസഭ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്തതാണ്.

ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്നാണ് ആരോപിച്ച്‌ ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനായിരുന്നു വിശ്വഹിന്ദു പരിഷത്ത് തീരുമാനം. പല സ്റ്റേഷനുകളിലും ഇതിനകം പരാതികള്‍ നല്‍കിയിട്ടുണ്ട്. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിശ്വ ഹിന്ദു പരിഷത്ത് നിവേദനവും നല്‍കും. ഷംസീറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബി ജെ പിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.