പുതുപ്പള്ളിയുടെ പുതുപാഠങ്ങള്‍
ഒടുവിൽ പുതുപ്പള്ളി മനസ്സു തുറന്നു. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ പിൻഗാമി മകൻ ചാണ്ടി ഉമ്മൻ തന്നെ. വിജയം ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഭൂരിപക്ഷത്തിലെ തർക്കത്തിനായിരുന്നു ഫലപ്രഖ്യാപനം യഥാർത്ഥത്തിൽ വിരാമമിട്ടത്. 37,719 വോട്ടിന്റെ ഭൂരിപക്ഷം. പോൾ ചെയ്തതിന്റെ 62.35% വോട്ട് നേടിയായിരുന്നു ഉജ്ജ്വലവിജയം. സ്വന്തം ബൂത്തിൽപോലും പിന്നോട്ടുപോയ ഇടതുസ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് കിട്ടിയത് 42,425 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ 12,000 വോട്ടിന്റെ കുറവോടെ, ഇടതിനു ഗണ്യമായ വോട്ട് ചോർച്ചയുണ്ടായ പ്പോൾ ബി ജെ പിക്ക് കെട്ടിവച്ച തുക നഷ്ടപ്പെട്ടു. സർക്കാരിന്റെ വിധിയെഴുത്തായി ഉപതിരഞ്ഞെടുപ്പിനെ സമീപിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുക്യാമ്പ് തിരഞ്ഞെടുപ്പിനൊരുങ്ങിയത്. ചെറിയ മാർജിനെങ്കിലും ജയിച്ചു കയറാമെന്ന ചിന്തയാലാകണം മണ്ഡലത്തിലെ വികസന മുരടിപ്പിനെ ചർച്ചയാക്കിയതും. എന്നാൽ ഫലം വന്നപ്പോൾ പാർട്ടി സെക്രട്ടറി വാക്ക് മാറ്റി. തിരഞ്ഞെടുപ്പിലെ കനത്ത തോൽവി സർക്കാരിനെതിരായ വികാര പ്രകടനമോ താക്കീതോ അല്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. എങ്കിലും ഇത്രയും വലിയ പരാജയം പാർട്ടി പ്രതീക്ഷിച്ചില്ലെന്നും സമ്മതിച്ചു. അഞ്ച് പതിറ്റാണ്ടിലധികം തുടർച്ചയായി ഒരേ മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയിൽ വിയോഗശേഷവും ഉമ്മൻ ചാണ്ടി തന്നെയാണ് പിന്നിൽ നിന്ന് തിരഞ്ഞെടുപ്പിനെ നയിച്ചതെന്ന് നിസ്സംശയം പറയാം. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവിനെ രാഷ്ട്രീയ കേരളം നെഞ്ചേറ്റിയതെങ്ങ നെയെന്ന് അദ്ദേഹത്തിന്റെ യാത്രാമൊഴി വേളയിൽ പുതുപ്പള്ളി വിതുമ്പലോടെ കണ്ടതാണ്. ആ വികാരമത്രയും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക സ്വാഭാവികം. പ്രത്യേകിച്ച് മകൻ ചാണ്ടി ഉമ്മൻ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ പ്രതി നിധീകരിച്ച് എത്തുമ്പോൾ. അപ്പോഴും ഇത്രയും വലിയ ഭൂരിപക്ഷം ഇടതുമുന്നണി പ്രതീക്ഷിച്ചില്ലെന്നത് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്.
വെറും സഹതാപ തരംഗമായി കണ്ട് ഈ വിജയത്തെ ചെറുതാക്കിയാൽ അത് യാഥാർത്ഥ്യബോധമില്ലാത്ത വിലയിരുത്തലാകുമെന്നുറപ്പാണ്. ധാർഷ്ട്യവും നിഷേധാത്മകതയും കൊടിയടയാളമാക്കിയ ഇടതുപാർട്ടിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാഷ്ട്രീയ ഭേദമെന്യേ പുതുപ്പള്ളിക്കാർ ഒരുമിച്ചെത്തിയപ്പോൾ ചെങ്കൊടി താഴ്ന്നതാണെന്ന് നേതാക്കൾ സമ്മതിച്ചു തുടങ്ങുന്നിടത്താണ് ഈ ആഘാതവിധിയുടെ ശരിയായ വിലയിരുത്തൽ ആരംഭിക്കുന്നത്. രണ്ടാം പിണറായി സർക്കാർ ജനപക്ഷത്തല്ലെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും, അഴിമതി ആരോപണ നിഴലിൽ പാർട്ടി നേതാക്കൾ തന്നെ നിരവധി തവണ നാണംകെട്ട് നിന്നപ്പോഴും പതിവു ന്യായീകരണത്തൊഴിലാളികളെ ഇറക്കി അതൊക്കെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളെ പാർട്ടി അണികൾ പോലും പിന്തുണച്ചില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇടതുക്യാമ്പിലെ ഗണ്യമായ വോട്ട് ചോർച്ച.
പ്രളയം, കോവിഡ് പോലുള്ള അപ്രതീക്ഷിതാഘാതങ്ങളെ ജനങ്ങളോടൊപ്പം നിന്ന് നേരിട്ടതിന്റെ നല്ല ഫലമായിരുന്നു ഭരണത്തുടർച്ച. എന്നാൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കു പോലും നേരിട്ട് പങ്കുള്ള അഴിമതിയാരോപണങ്ങൾ തുടർച്ചയായി ഉയരുമ്പോഴും അതിനൊന്നും മറുപടി നല്കാതെ അവഗണിച്ചൊഴിയുന്ന മുഖ്യമന്ത്രി ആറു മാസമായി പത്രക്കാരെ കണ്ടിട്ടില്ലെന്ന് പോളിംഗ് ബൂത്തിലെത്തിയപ്പോൾ ജനം ഓർമ്മിച്ചു; അവർ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മറുപടികൾ, പ്രതികരിക്കില്ലെന്നുറപ്പുള്ള പാർട്ടി യോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും മാത്രമായൊതുങ്ങിയപ്പോൾ, അനുയോജ്യമായ അവസരം നോക്കി ജനം നല്കിയ മറുപടിയാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം. സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞി മുടക്കിയവർക്ക് ക്ഷേമപദ്ധതികളെക്കുറിച്ച് പറയാൻ അവകാശമില്ലെന്ന് ജനം തീരുമാനിച്ചു. മുദ്രാവാക്യവിളികളെ പൊലീസ് തൊപ്പിവച്ച് മറയ്ക്കുന്നവർക്ക് പൗരാവകാശങ്ങളെക്കുറിച്ച് പറയാനാകില്ലെന്നും.വിയോജിക്കുന്നവർക്കും വിമർശിക്കുന്നവർക്കുമെതിരെ ഭരണഘടനാ സംവിധാനങ്ങളെ മർദകോപകരണമാക്കുന്ന മോദിയിൽ നിന്നും താനും വ്യത്യസ്തനല്ലെന്നു പിണറായിയും തെളിയിച്ചു. അവിടെ E D എങ്കിൽ ഇവിടെ ഇന്റലിജന്റ്‌സ് എന്ന വ്യത്യാസം മാത്രം. കോടതിയിൽ അനുകൂല വിധിയുടെ കൂലിയെഴുത്തുകാരെ വിരമിച്ചശേഷം ഭരണഘടനാ പദവിയിൽ തുടരാൻ അനുവദിക്കുന്നതിൽ രണ്ടു പേരും മത്സരിച്ചു. വിലക്കയറ്റത്തെക്കുറിച്ചും ഇന്ധനനികുതി സർചാർജിനെക്കുറിച്ചും പരാതിപ്പെട്ടവരോട് കേരളത്തിലാണ് ഏറ്റവും വിലക്കുറവെന്ന് പരിഹസിച്ചു. തുടർച്ചയായ കടമെടുപ്പിനെ സുസ്ഥിര വികസനനയമെന്ന് വിശദീകരിച്ചു. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതു പോലും വലിയ വാർത്തയാകുവോളം സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകർന്നു. ഇതിനെല്ലാം കേന്ദ്രത്തെ കുറ്റപ്പെടുത്തി കൈയ്യൊഴിഞ്ഞു. ചെലവു ചുരുക്കണമെന്ന് ആവർത്തിക്കുമ്പോഴും സർക്കാർ ആഡംബരങ്ങളെ അവഗണിച്ചു. ചാണ്ടി ഉമ്മന്റെ ഊജ്ജ്വലവിജയം സഹതാപവോട്ടിന്റെ ബലത്താലെന്ന് സർക്കാർ ഇനിയും കുരുതുന്നുവെങ്കിൽ സഹതാപം, നിരന്തരം ജനകീയ പ്രശ്‌നങ്ങളെ അവഗണിക്കുന്ന സർക്കാരിനോടാണെന്ന് ആരാണവർക്ക് പറഞ്ഞുകൊടുക്കുക?
കെട്ടിവച്ച കാശു പോയ ബി ജെ പി തിരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നുതന്നെ അപ്രത്യക്ഷമായി. മോദി പറയുന്ന വികസനം നാട്ടിൽ കാണുന്നില്ലെന്ന് പറഞ്ഞ് ജനം അവരെ വീട്ടിലിരുത്തി. വർഗീയതയും വിഭാഗീയതയും കേരളത്തിൽ ഇനിയും വോട്ടാകില്ലെന്ന് പുതുപ്പള്ളി ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു. ‘സനാതന ധർമ്മമല്ല’, സമഭാവനയുടെ കർമ്മമാണ് ഭാരതീയ പാരമ്പര്യമെന്ന്, പദ്ധതികളെ പേരുമാറ്റി സ്വന്തമാക്കുന്ന ബി ജെ പി ഇനിയും തിരിച്ചറിയുമോ?
തിരഞ്ഞെടുപ്പു വിജയം കോൺഗ്രസിനെയും ചിലത് പഠിപ്പിക്കുന്നുണ്ട്. ഒരുമയോടെ ഒന്നിച്ചാൽ ഇനിയും വിജയിക്കാം, അധികാരത്തിലേക്ക് മടങ്ങിയെത്താം. ഇലക്ഷനുശേഷം ‘ചിലത് പറയാനൊരുങ്ങുന്നവരുടേതാണ്’ പാർട്ടി യും നേതൃത്വവുമെങ്കിൽ പുതുപ്പള്ളി വിജയം മറന്നേക്കണം.
പുതുപ്പള്ളി ഒരു പാഠപുസ്തകമാണ്. ജനത്തെ മറന്നവരെ ജനം വെറുക്കും എന്നതാണ് പ്രഥമ പാഠം. പ്രതിപക്ഷത്തിന് പ്രതീക്ഷയോടെ പ്രവർത്തിക്കാമെന്നും അപ്പോഴും വർഗീയതയ്ക്കിവിടെ വേരില്ല എന്നതുമാണ് മറ്റൊരു പാഠം. ഒപ്പം P R വർക്കല്ല ഭരണമെന്നും.