റോഡിൽ കുഴികൾ നികത്തിയിട്ടും പൊളിയുന്നു…. ഇത്… മരണത്തിൻ്റെ കരാർ ആണോ…? നാട്ടുകാർ ചോദിക്കുന്നു….

എരുമേലി ശ്രീനിപുരം റോഡിൽ പല തവണ കുഴികൾ നികത്തിയിട്ടും പൊളിയുന്നു. മരണത്തിന്റെ കരാർ ആണോ ഈ പേരിനുള്ള കുഴിയടക്കൽ എന്ന സങ്കടകരമായ ചോദ്യം നിവൃത്തിയില്ലാതെ ഉന്നയിച്ച് നാട്ടുകാർ. ഒപ്പുകൾ ശേഖരിച്ച് വകുപ്പ് മന്ത്രിയെ കണ്ട് പരാതി നൽകാനുള്ള ശ്രമത്തിൽ നാട്ടുകാർ. അപകടം ഒഴിവാക്കാൻ ഒരു മുന്നറിയിപ്പ് ബോർഡ് പോലും മരാമത്ത് ഉദ്യോഗസ്ഥർ വെച്ചിട്ടില്ല. ഈ ജോലിയും നാട്ടുകാർ നടത്തേണ്ടി
വന്നിരിക്കുന്നു. റോഡിലെ കുഴിയിൽ മുന്നറിയിപ്പ് സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോൾ നാട്ടുകാർ. മരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള വഴി വിട്ട ബന്ധം ആണ് ഈ കുഴികൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. എരുമേലി – റാന്നി റോഡിലെ ശ്രീനിപുരം ഭാഗത്ത് രണ്ടാമത്തെ ബസ് സ്റ്റോപ്പിലാണ് അപകടകരമായ കുഴികൾ. നാട്ടുകാരുടെ പരാതികൾ മാധ്യമ വാർത്ത ആകുമ്പോൾ കുഴികൾ നികത്തും. പക്ഷെ, മരാമത്ത്
ഉദ്യോഗസ്ഥർ ആരും അവിടേക്ക് വരില്ല. എരുമേലി മരാമത്ത് സെക്ഷന്റെ പരിധിയിൽ എവിടെയെങ്കിലും വർക്ക് ചെയ്യുന്ന കരാറുകാരനാണ് ശ്രീനിപുരത്തെ കുഴി അടയ്ക്കാൻ വരുന്നത്. ഇയാൾക്ക് ഇതിനുള്ള പ്രതിഫലം കിട്ടില്ല. ചെയ്തു കൊണ്ടിരിക്കുന്ന റോഡിൽ പണികൾക്കിടെ ഉദ്യോഗസ്ഥർ വിളിച്ചിട്ട് പറഞ്ഞത് പ്രകാരം പരാതി ഒഴിവാക്കാൻ ശ്രീനിപുരത്തെ കുഴി അടയ്ക്കുക ആണെന്ന് കരാറുകാർ പറഞ്ഞു എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് തന്നെ പേരിന് കുഴികൾ നികത്തുന്നു എന്നാണ് നാട്ടുകാരുടെ വാദം. ഇക്കാര്യം മന്ത്രിക്ക്‌ നൽകുന്ന പരാതിയിൽ അറിയിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. നല്ല നിലയിൽ കുഴികൾ നികത്തിയാൽ ഇവിടെ വീണ്ടും റോഡിൽ കുഴി ഉണ്ടാവില്ലെന്നിരിക്കെ അത് ചെയ്യുന്നില്ലെന്നാണ് പ്രധാന പരാതി. സമീപത്തുള്ള ഉറവ ജലവും മഴവെള്ളവും റോഡിൽ ഒഴുകിയെത്തി കെട്ടിക്കിടന്നാണ് കുഴികളാകുന്നത്.
വെള്ളം റോഡിൽ എത്താതെ പരിഹരിച്ചാൽ നികത്തിയ കുഴികൾ പൊളിയുകയില്ലന്ന് പ്രദേശവാസികൾ പറയുന്നു. റോഡിൽ നെടുനീളത്തിൽ കുഴികൾ നിറഞ്ഞതോടെ ഇനി അപകടത്തിൽ ആരും മരണപ്പെടരുതെന്ന ആഗ്രഹത്തിലാണ് മുന്നറിയിപ്പ് വെച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. മുമ്പ് ഇവിടുത്തെ കുഴിയിൽ ബൈക്ക് അപകടത്തിൽ പെട്ട് ഒരാൾ മരണപെട്ടതാണ്.