ലോണ്‍ ആപ്പ് തട്ടിപ്പ്: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് പോലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പോലീസ് 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുത്തു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും.
നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചത്. ലോണ്‍ ആപ്പ് കേസുകളില്‍ ഇതുവരെ രണ്ട് എഫ്ഐആര്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സൈബര്‍ പോലീസ് പറയുന്നു. എറണാകുളത്തും വയനാട്ടിലും. കഴിഞ്ഞ ദിവസം ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ അറിയിക്കാന്‍ 9497980900 എന്ന നമ്പര്‍ പോലീസ് നല്‍കിയിരുന്നു. ഇതില്‍ ലഭിച്ച 5 സംഭവങ്ങള്‍ തുടര്‍നടപടികള്‍ക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങള്‍ പരിശോധിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.