ഇതാണ് മഹത്തായ സാംസ്കാരിക കേരളം

കഴിഞ്ഞവർഷം അക്രമണത്തിന് ഇരയായത് 19000 സ്ത്രീകൾ

ഏതു കാര്യം പറയുമ്പോഴും കേരളം ലോകത്ത് ഒന്നാമതാണ് എന്ന് പറഞ്ഞ് ഗമ കാണിക്കാൻ മലയാളിക്ക് ഒരു മടിയുമില്ല. യഥാർത്ഥത്തിൽ ഇതാണോ കേരളം എന്ന കാര്യത്തിൽ പരിശോധന നടത്തിയാൽ ആണ് വസ്തുത മനസ്സിലാക്കാൻ കഴിയുക. ലോകത്ത് എവിടെ ആയാലും ജനങ്ങൾ ആദ്യം ആഗ്രഹിക്കുന്നത് സമാധാനപരമായി ജീവിക്കാനുള്ള അവസരമാണ് ‘ ഈ ജീവിതസാഹചര്യം ഒരുക്കാനുള്ള ബാധ്യത സർക്കാരിനും സർക്കാർ നിയന്ത്രിക്കുന്ന പോലീസിനും ആണ്. കേരളത്തിലെ പോലീസ് രാജ്യത്തുതന്നെ മികച്ച പോലീസ് സേനയാണ് എന്നാണ് പറയാറുള്ളത്. ഇത് കുറെയൊക്കെ ശരിയാണ് താനും. പക്ഷേ ഈ വലിപ്പം പറച്ചിൽ കൊണ്ട് കാര്യങ്ങൾ നടക്കുന്നുണ്ടോ എന്നത് പോലീസ് സേനയുടെ വെബ്സൈറ്റിൽ പറയുന്ന കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നതാണ്. കഴിഞ്ഞ ഒരു വർഷം കേരളത്തിൽ 18976 സ്ത്രീകളാണ് പലതരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയരായത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും കൂടിയ കണക്കാണ് ഇത് എന്നത് കേരളം എങ്ങോട്ടാണ് പോകുന്നത് എന്ന് കൂടി ആലോചിക്കുന്നതിന് വഴിയൊരുക്കുന്നതാണ്

സ്ത്രീകൾ മാത്രമല്ല കേരളത്തിൽ പിഞ്ചുകുട്ടികൾ വരെ പലതരത്തിലുള്ള പീഡനങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്നു ഇരയായി കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തെ കണക്കിൽ പറയുന്നത് സംസ്ഥാനത്ത് ഒരു ദിവസം ഏഴ് സ്ത്രീകൾ ലൈംഗിക പീഡനത്തിന് ഇരയാവുന്നു എന്നാണ് അതുപോലെ തന്നെ ഓരോ ദിവസവും 52 സ്ത്രീകളെ മറ്റ് അതിക്രമങ്ങൾക്ക് ഇരയാക്കുന്നുമുണ്ട്.കഴിഞ്ഞവർഷത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുടെ പേരിൽ 18976 കേസുകൾ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നാണ് പോലീസ് ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റിൽ തന്നെ പറയുന്നത്

കുട്ടികൾക്കെതിരായഅതിക്രമങ്ങളും ലൈംഗിക അക്രമങ്ങളും കേരളത്തിൽ ഒട്ടും കുറവല്ല എന്നുകൂടി അറിയുമ്പോഴാണ് സംസ്കാര സമ്പന്നർ എന്നൊക്കെ വീമ്പ് പറയുന്ന മലയാളിയുടെ മൃഗങ്ങളെക്കാൾ മോശമായ മാനസികാവസ്ഥ തിരിച്ചറിയുന്നത് ‘ പോലീസ് പുറത്തുവിട്ടിട്ടുള്ള കണക്കുകളിൽ തന്നെ പറയുന്നത് ഒരു ദിവസം 13 കുട്ടികൾ വീതം ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാകുന്നു എന്നാണ് ‘ കുട്ടികളെ പീഡിപ്പിക്കപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞവർഷം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 4641 ആയിരുന്നു പോക്സോ കേസുകൾ ആയിട്ടാണ് ഇതെല്ലാം രജിസ്റ്റർ ചെയ്യപ്പെട്ടത് ഇതല്ലാതെ പിഞ്ചു കുട്ടികളടക്കം മറ്റുതരത്തിൽ പീഡിപ്പിക്കപ്പെട്ടതിന്റെ 5252 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നമ്മൾ ഇടയ്ക്കിടെ പത്രങ്ങളിലൂടെ വായിക്കുന്ന വാർത്തകളിൽ കൊച്ചുകുട്ടികൾ സ്വന്തം മാതാപിതാക്കളിൽ നിന്ന് വരെ ക്രൂരമായ അക്രമത്തിന് വിധേയരാകുന്ന കാര്യം അറിയുന്നുണ്ട് പുതിയ ജീവിതപങ്കാളിയുടെ കൂടെ കഴിയാൻ വേണ്ടി സ്വന്തം കുഞ്ഞിനെ ആക്രമിക്കുന്ന അമ്മമാരുടെ കഥകൾ നാം കേട്ടിട്ടുണ്ട് അതുപോലെതന്നെ ജീവിതപങ്കാളിയായ ഭാര്യയ്ക്ക് നേരത്തെയുള്ള ബന്ധത്തിൽ ഉണ്ടായ കുട്ടിയെ രണ്ടാം അച്ഛൻ ക്രൂരമായി ആക്രമിച്ചതിന്റെ വാർത്തകളും നാം കണ്ടിട്ടുണ്ട് .ഇതെല്ലാം നടക്കുന്നത് വിദ്യാസമ്പന്നരായ ആൾക്കാർ നിറഞ്ഞുനിൽക്കുന്ന സമൂഹത്തിലാണ് എന്ന കാര്യം ഓർക്കുമ്പോഴാണ് നമുക്ക് ഇതിൻറെ നാണക്കേട് മനസ്സിലാകുന്നത്

2020 വർഷത്തിൽ പന്തീരായിരത്തി അറുനൂറ്റി അൻപത്തി ഒമ്പത് സ്ത്രീകൾക്ക് നേരെയാണ് അതിക്രമങ്ങൾ നടന്നത് ഇതിൽ തന്നെ 1880 ലൈംഗിക പീഡന കേസുകൾ ആയിരുന്നു

2023 ആയപ്പോഴേക്കുംസ്ത്രീകൾക്ക് നേരെയുള്ള ആക്രമണം സംബന്ധിച്ച കേസിന്റെ എണ്ണം നേരത്തെ സൂചിപ്പിച്ചതുപോലെ 18976 ആയി ഉയർന്നു. ഇതിൽ 2649 കേസുകൾ ലൈംഗിക പീഡനം സംബന്ധിച്ച് ഉള്ളതായിരുന്നു

എന്തുകൊണ്ടാണ് കേരളത്തിൽ ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നത് എന്ന് ഗൗരവമായി ആലോചിക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളും ആണ് ബന്ധപ്പെട്ട വകുപ്പുകളും ആണ്. സ്ത്രീകളുടെയും കൊച്ചുകുട്ടികളുടെയും നേരെയുള്ള ആക്രമണത്തിന്റെ കാര്യത്തിൽ മാത്രമല്ല സമീപകാലത്തായി കേരളം എല്ലാത്തരത്തിലും ഉള്ള ക്രിമിനൽ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ മിക്കവാറും എല്ലാ പട്ടണങ്ങളും കേന്ദ്രീകരിച്ച് ക്രിമിനൽ പ്രവർത്തനം നടത്തുന്ന ഗുണ്ടാ സംഘങ്ങൾ പ്രവർത്തിച്ചു വരുന്നതായി പോലീസ് തന്നെയാണ് പറഞ്ഞിട്ടുള്ളത്. വലിയ ജാഗ്രതയോടെ പ്രവർത്തിക്കുന്നു എന്ന് പറയുമ്പോൾ പോലും സംഘർഷങ്ങളും അക്രമങ്ങളും പിടിച്ചുപറിയും കൊള്ളയും കൊലപാതകങ്ങളും കൂടിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്

25 കൊല്ലം മുമ്പുള്ള പോലീസ് സേന ഒന്നുമല്ല കേരളത്തിൽ ഉള്ളത്. എവിടെ തെറ്റുകുറ്റങ്ങൾ ഉണ്ടായാലും കുറെയൊക്കെ കണ്ടുപിടിക്കാനുള്ള ക്യാമറ സംവിധാനങ്ങൾ വ്യാപകമായി ഉണ്ട്. കണ്ടുപിടിക്കപ്പെടുന്ന തെറ്റുകുറ്റങ്ങൾ തെളിയിക്കാൻ ആധുനിക സൗകര്യങ്ങൾ പലതും പോലീസ് സേനയ്ക്ക് കൈവശമായി ഉണ്ട്. പുതിയ ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള നിരീക്ഷണവും കുറ്റകൃത്യങ്ങളുടെ അന്വേഷണവും നടത്തുന്നതിന് കാലോചിതമായ പരിശീലനങ്ങൾ പോലീസ് സേനയ്ക്ക് നൽകുന്നതായിട്ടും പോലീസ് മേധാവികൾ പറയുന്നുണ്ട്. ഇതൊക്കെ ഉള്ള ഒരു സംസ്ഥാനത്ത് നാളുകൾ കഴിയുംതോറും കുറ്റകൃത്യങ്ങൾ നടക്കുന്നത് പെരുകി കൊണ്ടിരിക്കുന്നു എന്നത് ‘എന്തുകൊണ്ടാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്

പല പ്രമാദമായ കേസുകളും തെളിവുകൾ സഹിതം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുള്ള കേരള പോലീസിന് അതുപോലെതന്നെ പേരുദോഷം ഉണ്ടാക്കിയിട്ടുള്ള കുറേ ജീവനക്കാരെങ്കിലും ഉണ്ട് എന്നതും മറച്ചുവെക്കേണ്ടതില്ല. തെറ്റുകുറ്റങ്ങൾ തടയുവാനുള്ള ഉത്തരവാദിത്വം പോലീസിൽ ഉണ്ട് ആ പോലീസ് സേനയിൽ തന്നെ കുറ്റവാളികൾ ഉണ്ടാകുന്ന അനുഭവം നാം കണ്ടിട്ടുണ്ട്. പണ്ടുമുതൽ തന്നെ പറഞ്ഞു കേൾക്കുന്ന ചില കാര്യങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ട്. സ്ഥിരം കള്ളന്മാരായ വിദഗ്ധന്മാർ പലരും ചുരുക്കം പോലീസുകാരുടെ സ്വന്തക്കാർ ആയി പ്രവർത്തിക്കുകയാണ്. മോഷ്ടിക്കുന്ന മുതലിന്റെ ഒരു ശതമാനം കള്ളന്മാർ പോലീസിന് കൈമാറുന്നു എന്ന് കാര്യം ഇപ്പോഴും നടക്കുന്നുണ്ടാകും, ഇത്തരം സ്ഥിരം മോഷ്ടാക്കളെ പിടികൂടുകയും കോടതിയിൽ ഹാജരാക്കിയാൽ ജാമ്യക്കാരെ വരെ റെഡിയാക്കി നിർത്തി അവരെ സഹായിക്കുന്ന പോലീസുകാർ തന്നെ ഉണ്ട് എന്നതും പണ്ടുമുതലേ കേൾക്കുന്ന കാര്യമാണ്

ദൈവത്തിൻറെ സ്വന്തം നാട് എന്നാണ് കേരളത്തെപ്പറ്റി നമ്മൾ തന്നെ പുകഴ്ത്തി പറയുന്നത് ‘അങ്ങനെയുള്ള കേരളത്തിൽ ‘ദൈവം പോലും പൊറുക്കാത്ത അതിക്രമങ്ങളും കുറ്റകൃത്യങ്ങളും പെരുകുന്നു എന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല, ശേഷിച്ചും ഇത്തരത്തിലുള്ള ശാരീരികമായി വരെ അക്രമത്തിന് ഇരയാകുന്നത് സ്ത്രീകളും കുട്ടികളും ആകുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം വലുതായി വളരുകയാണ്. ഈ വിധത്തിലുള്ള അതിക്രമങ്ങൾക്ക് ഒരുങ്ങുന്ന ആൾക്കാർക്ക് ഒരു വിധത്തിലും ഉള്ള ദയയും നൽകാതെ കഠിനമായ ശിക്ഷ ലഭിക്കത്തക്ക വിധത്തിൽ കൃത്യതയോടെ പിടികൂടി കുറ്റവാളികളെമാതൃകാപരമായി ശിക്ഷിക്കുന്ന സംവിധാനമായി നമ്മുടെ പോലീസ് സേന മാറണം. പോലീസ് സേനയുടെ ഭാഗത്തുനിന്നും ഈ കൃത്യതയാർന്ന പ്രവർത്തനമാണ് സമൂഹം പ്രതീക്ഷിക്കുന്നത്