ഒരുവശത്ത് സമരാഗ്‌നി……… മറുവശത്ത് ഭരണാഗ്‌നി

ദുരിതത്തിന്റെ എരിതീയിൽ പൊരിയുന്ന പൊതുജനം

സമരാഗ്‌നിയുമായി കേരളം ചുറ്റി നടക്കുകയാണ് പ്രതിപക്ഷം. ഒന്നും നടത്തിക്കില്ല എന്നതാണ് അവരുടെ വാശി’ മറുവശത്ത് ഒന്നും നടത്താൻ പണമില്ല എന്ന് പറയുന്ന ഭരണക്കാരും ‘ ഇത് രണ്ടിനും ഇടയിൽ പൊറുതിമുട്ടിയ പൊതുജനം അക്ഷരാർത്ഥത്തിൽ എരിതീയിൽ കിടക്കുകയാണ്. ആര് രക്ഷിക്കും – ആര് സഹായത്തിന് എത്തും എന്ന കാര്യത്തിൽ ഒരു സാധ്യതയും കാണാത്ത പൊതുജനം എല്ലാത്തരത്തിലും പൊറുതിമുട്ടി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സ്ഥിതിയിൽ തുടരുകയാണ്

രാഷ്ട്രീയക്കാർ ആണ് ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ സേവകരായി പ്രവർത്തിക്കേണ്ടത്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളെ അവരുടെ കഴിവുകൾ വിലയിരുത്തി ജനം വോട്ട് ചെയ്ത് വിജയിപ്പിച് ഭരണത്തിനുള്ള അവകാശം കൊടുക്കുകയാണ് പതിവ് ‘ കേരളത്തിൽ ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ള നേതാക്കൾ ജനങ്ങളെ മറന്നിരിക്കുന്നു എന്ന് പറഞ്ഞാൽ ഞങ്ങളെ കുറ്റപ്പെടുത്തരുത്

കേരളത്തിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയ രാഷ്ട്രീയ ചേരിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ഈ മുന്നണി നയിച്ച ഒന്നാം പിണറായി സർക്കാർ പൂർണ്ണമായും ജനങ്ങൾക്കൊപ്പം നിന്ന് ഭരണനിർവഹണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് വീണ്ടും അധികാരത്തിൽ വരാൻ കഴിഞ്ഞത്. ഇടതുപക്ഷത്തെപ്പോലെ ജനവികാരം ഉൾക്കൊണ്ട് ഭരിക്കുവാൻ മറ്റൊരു മുന്നണിക്കും കഴിയില്ല എന്ന് ഞങ്ങളും വിശ്വസിക്കുന്നുണ്ട്. എന്നാൽ കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹ്യ അവസ്ഥ ഈ യാഥാർത്ഥ്യങ്ങളെ തള്ളിപ്പറയേണ്ട സ്ഥിതിയിൽ എത്തിച്ചിരിക്കുകയാണ്

ഭരണനിർവഹണം നടത്തി മുന്നോട്ട് പോകണമെങ്കിൽ ഏത് സർക്കാരിനും സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. ഇപ്പോഴത്തെ സർക്കാരിന് ഈ ഭദ്രത ഇല്ല എന്നത് വ്യക്തമായ കാര്യമാണ്. കേന്ദ്രസർക്കാർ സംസ്ഥാനത്തിനുള്ള വിഹിതം തരുന്നില്ല എന്നതൊക്കെ സംസ്ഥാന ധനകാര്യ മന്ത്രി വിളിച്ചുപറയുന്ന ന്യായങ്ങളാണ്. ഒരു കാര്യം ധനകാര്യ മന്ത്രി തിരിച്ചറിയണം. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് ഈ തടസ്സങ്ങൾ ഒന്നും അറിയേണ്ട കാര്യമില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടായാൽ ജനങ്ങളെ ഉപദ്രവിക്കാതെ അതിന് പരിഹാരം കണ്ടെത്താൻ കഴിയുമ്പോഴാണ് മികച്ച ഭരണം എന്ന് പറയാൻ കഴിയുക

രണ്ടാം ഇടതുമുന്നണി സർക്കാരിൻറെ വരവിന് ശേഷം എന്തെല്ലാം തരത്തിലുള്ള സാമ്പത്തിക ശിക്ഷകളാണ് പൊതുജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത് എന്ന് സർക്കാർ ആത്മപരിശോധന നടത്തണം. ഇപ്പോൾ ഏറ്റവും ഒടുവിൽ ജനങ്ങൾക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന സപ്ലൈകോ അടച്ചുപൂട്ടുന്ന സ്ഥിതിയിൽ എത്തി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് സപ്ലൈകോയെ ബാധിച്ചിരിക്കുന്നത്. ഇത് പരിഹരിക്കാൻ സപ്ലൈകോ വില്പന നടത്തുന്ന നിത്യോപയോഗ സാധനങ്ങൾക്കെല്ലാം 30 ശതമാനം വരെ വിലവർധനവ് നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുന്നു. ഇതിന് ഭക്ഷ്യ വകുപ്പ് മന്ത്രി പറയുന്ന ന്യായീകരണം ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. സാധനസാമഗ്രികളുടെ വില വർദ്ധിപ്പിക്കുന്നത് സപ്ലൈകോയെ രക്ഷിക്കാൻ ആണ് എന്നാണ് മന്ത്രി വിശദീകരിക്കുന്നത്.

കഴിഞ്ഞ വർഷത്തിൽ ഉണ്ടായ ഓരോ അനുഭവങ്ങളും കേരളത്തിലെ ജനങ്ങൾ പരിഭവത്തോടെ അനുഭവിച്ചു നടക്കുകയാണ്. കെ എസ് ആർ ടി സി യെ രക്ഷിക്കാൻ ‘ബസ് ചാർജ് വർദ്ധന. ജലസേചന വകുപ്പിന് രക്ഷിക്കാൻ കുടിവെള്ളത്തിന്റെ വില വർദ്ധന. വൈദ്യുതി വകുപ്പിനെ രക്ഷിക്കാൻ വൈദ്യുതി ചാർജ് വർദ്ധന. കാലിയായ ഖജനാവിനെ നിറച്ച് എടുക്കാൻ കെട്ടിട നികുതിയും വസ്തു നികുതിയും സെയിൽസ് ടാക്സും ഇൻകം ടാക്സും അടക്കം സകലമാന വർദ്ധനവും നടപ്പിലാക്കുന്നു. വാഹനനികുതി രജിസ്ട്രേഷൻ ഫീസ്. വസ്തു രജിസ്ട്രേഷൻ ഫീസ് സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ എണ്ണിയാൽ തീരാത്തത്ര വർദ്ധനവുകളുടെ ചരിത്രമാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സർക്കാർ നടത്തിയത്.

ഈ തരത്തിലുള്ള പലതരം ഭാരങ്ങൾ ജനങ്ങൾക്ക് മുകളിലേക്ക് കയറ്റി വയ്ക്കുമ്പോൾ സാധാരണ ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വരുമാനവർദ്ധനവിന് കേരളത്തിൽ സാധ്യത ഉണ്ടായോ എന്നത് സർക്കാർ പരിശോധിക്കേണ്ടതല്ലേ .സർക്കാർ – അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ കഴിഞ്ഞാൽ പിന്നെയുള്ള മുഴുവൻ പൊതുജനവും നിത്യജീവിതം തള്ളിനീക്കാൻ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിലുള്ള വിഷമതകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആശ്രയമില്ലാതെ കഴിയുന്ന ലക്ഷക്കണക്കിന് വരുന്ന ആൾക്കാർക്ക് നൽകിവരുന്ന ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മാസങ്ങളായി കുടിശികയായി കിടക്കുന്നു. തൊഴിലാളികളും സാധാരണക്കാരുമായി ജീവിച്ച് 60 വയസ്സു കഴിഞ്ഞ വാർദ്ധക്യത്തിലേക്ക് എത്തിയ ആൾക്കാരാണ് ഇന്ന് ഏറ്റവും വലിയ ജീവിത ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ജോലിചെയ്ത് വരുമാനം ഉണ്ടാക്കി ജീവിതം കഴിക്കാൻ ആരോഗ്യം അനുവദിക്കാത്ത പതിനായിരക്കണക്കിന് വൃദ്ധർ കേരളത്തിൽ ഉണ്ട് എന്ന കാര്യം സർക്കാർ മറക്കരുത്

ഓരോ വർദ്ധനവ് ഓ

രോ ഇനത്തിലും പ്രഖ്യാപിക്കുമ്പോൾ പ്രഖ്യാപനം നടത്തുന്ന മന്ത്രി കണ്ടെത്തുന്ന പല ന്യായങ്ങളും ഉണ്ടാകും, ചെറിയ വർദ്ധനവ് – നേരിയ വർദ്ധനവ് തുടങ്ങിയ പല ഭാഷകളും ഇതിനായി ഉപയോഗിക്കുന്നു. ഏതു വർദ്ധനവ് വരുമ്പോഴും ഇത്തരം ന്യായം കൊണ്ട് പാവപ്പെട്ടവൻറെ വിശപ്പ് മാറില്ല എന്ന് കേരളത്തിൽ ആദ്യം തിരിച്ചറിയേണ്ടത് ഇടതുപക്ഷ മുന്നണിയും ആ മുന്നണി നയിക്കുന്ന സർക്കാരും ആണ് ഒരു കാര്യം ഞങ്ങൾ വ്യക്തമായും പറയുന്നു. ഓരോ ദിവസം കഴിയുംതോറും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിത ദുരിതങ്ങൾ പരിധിയില്ലാതെ കൂടിക്കൊണ്ടിരിക്കുകയാണ്

ഭരണത്തിൽ ഇരിക്കുന്നവർക്ക് പ്രതിപക്ഷത്തെ വിമർശിക്കാം. പ്രതിപക്ഷത്തിരിക്കുന്നവർക്ക് സർക്കാരിനെയും വിമർശിക്കാം. വർഷത്തിലെ 365 ദിവസവും രാപകൽ ഈ പരസ്പരം ഉള്ള വിമർശനങ്ങളും വാദപ്രതിവാദങ്ങളും തുടരുന്ന ഏർപ്പാട് ജനകീയമല്ല എന്ന കാര്യം പറഞ്ഞാൽ കുറ്റപ്പെടുത്തരുത്. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്ന കാര്യം ഭരണ – പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും മറക്കരുത്. തെരഞ്ഞെടുപ്പ് എന്ന മഹാ ആയുധം ജനങ്ങളുടെ കയ്യിൽ ആണ് ഇരിക്കുന്നത്. സമയമാകുമ്പോൾ തെറ്റ് ചെയ്തവർക്കെതിരെയും ഇഷ്ടപ്പെടാത്തവർക്കെതിരെയും പൊതുജനം ആയുധം പ്രയോഗിക്കും അപ്പോൾ ശിരസ്സറ്റു വീഴുന്നത് മഹാപ്രതാപികളായി വിലസി നടന്ന രണ്ടു പക്ഷത്തെയും നേതാക്കൾ തന്നെ ആയിരിക്കും എന്നതും മറക്കരുത്