ഫിനാൻസ് കമ്പനി തട്ടിപ്പ് തുടരുന്നു..

മാണിഗ്രൂപ്പ് കേരള നേതാവും തട്ടി കോടികൾ.

ഫിനാൻസ് കമ്പനി തട്ടിപ്പ് തുടരുന്നു…മാണിഗ്രൂപ്പ് കേരള നേതാവും തട്ടി കോടികൾ..നിക്ഷേപകൻ വീട്ടിലെത്തി മൂക്ക് തല്ലി തകർത്തു..
വലിയ വാഗ്ദാനവും പബ്ലിസിറ്റിയുമായി രംഗത്തു വന്ന് നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങുന്ന ഫിനാൻസ് കമ്പനികളുടെ തുടർക്കഥകൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്നത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സംസ്ഥാന ട്രഷറർ എൻ എം രാജു നടത്തിയ ഫിനാൻസ് കമ്പനി പൊളിഞ്ഞതിന്റെ വാർത്തകളാണ്… കമ്പനിയിൽ നിക്ഷേപം നടത്തി പലിശയില്ലാതെ വന്നപ്പോൾ നിക്ഷേപിച്ച തുക തിരികെ ചോദിക്കുകയും അതു കിട്ടാതെ വന്നപ്പോൾ നിക്ഷേപകൻ രാജുവിന്റെ വീട്ടിലെത്തി രാജുവിനെയും ബന്ധുക്കളെയും കൈകാര്യം ചെയ്തതോടുകൂടിയാണ് സംഭവം പുറത്ത് വന്നത്..
പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനമാണ് നിക്ഷേപകരെ കബളിപ്പിച്ചതിന്റെ പേരിൽ കേസിൽ കുടുങ്ങിയിരിക്കുന്നത് ‘ വലിയ പലിശയും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു കൊണ്ടാണ് കമ്പനി ആൾക്കാരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചു കൊണ്ടിരുന്നത്. നെടുംപറമ്പിൽ ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ച കമ്പനി പിന്നീട് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്നു പേരുമാറ്റി പ്രവർത്തനം നടത്തിവരികയായിരുന്നു. കമ്പനി ഉടമയായ എൻ എം രാജു നേരത്തെ മാണി ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ പത്തനംതിട്ട ജില്ല പ്രസിഡന്റായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് റാന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രാജുവിന്റെ സഹോദരി പുത്രനായ ഒരാളും കമ്പനിയുടെ പങ്കാളിയാണ്. രാജുവിന്റെ ഭാര്യ മരിയ കമ്പനി ഡയറക്ടർ ആണ്..രാജുവിന്റെ കമ്പനിയിൽ 15 ലക്ഷം രൂപ നിക്ഷേപം നടത്തിയ സാം ജോണാണ് പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് രാമഞ്ചിറയിലെ രാജുവിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കൈകാര്യം ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ രാജുവിന്റെ സഹോദരി പുത്രനാണ് തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. മർദ്ദനത്തിൽ രാജുവിന്റെ മൂക്ക് തകർന്നതായി പരാതിയിൽ പറയുന്നുണ്ട്…ഈ പരാതിക്ക് പുറമേ അമേരിക്കൻ മലയാളിയായ മലപ്പുറം സ്വദേശി ചുങ്കത്തറ ജോർജ് ഫിലിപ്പ് എന്നയാളും രാജുവിന്റെ കമ്പനിക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നൽകിയിട്ടുണ്ട്.. ജോർജ് ഫിലിപ്പിൽ നിന്നും 1.43 കോടി രൂപ രാജുവിന്റെ കമ്പനിയിൽ നിക്ഷേപമായി നൽകിയെങ്കിലും നിക്ഷേപകന് യാതൊരു പലിശയും നൽകാത്തതിനെ തുടർന്ന് നിക്ഷേപത്തുക തിരിച്ചു ചോദിച്ചപ്പോൾ കിട്ടാതെ വന്നതിന്റെ പേരിലാണ് ജോർജ്ജും പോലീസിൽ പരാതി നൽകിയത്..ജോർജിനെ വീട്ടിലെത്തി അക്രമിച്ച സാം ജോൺ 2022 ജനുവരി 26ന് 15 ലക്ഷം രൂപ നിക്ഷേപമായി നൽകിയെന്നും ഈ തുകയുടെ പലിശയും തുകയും ലഭിച്ചിട്ടില്ല എന്നുമാണ് സാം ജോണിന്റെ പരാതിയിൽ പറയുന്നത്…വലിയ പബ്ലിസിറ്റികളും മറ്റും നടത്തി ആഘോഷത്തോടെ നടത്തിയ രാജുവിന്റെ കമ്പനിയുടെ ഉദ്ഘാടനത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ അടക്കം നിരവധി നേതാക്കൾ പങ്കെടുത്തിരുന്നു… കമ്പനിയിൽ നിക്ഷേപിക്കപ്പെടുന്ന തുക ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസും വസ്ത്ര വ്യാപാരവും വാഹന കച്ചവടവുമൊക്കെ ആദ്യകാലത്ത് നടത്തിയെങ്കിലും പിന്നീട് ഇതെല്ലാം തകർച്ചയിലേക്ക് നീങ്ങി..ഇതൊക്കെ പറയുമ്പോഴും നിക്ഷേപകർ നൽകിയ വലിയ തുകകൾ എവിടെപ്പോയി എന്ന കാര്യം കമ്പനി ഉടമകൾ വെളിപ്പെടുത്തുന്നില്ല..നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ കമ്പനിയുടെ പത്തനംതിട്ട ഓഫീസിലും മറ്റു ബ്രാഞ്ചുകളിലും നിക്ഷേപം നടത്തിയവർ പണം തിരികെ കിട്ടാതെ വന്നതിന്റെ പേരിൽ പരാതികളുമായി എത്തുന്നുണ്ട് എന്നാണ് അറിയുന്നത്.എന്നാൽ ഇതേവരെ ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും ഒരു നിയമനടപടിയിലേക്ക് പോലീസ് ഇതേവരെ നീങ്ങിയിട്ടുമില്ല . ഭരണകക്ഷിയിൽ പെട്ട പാർട്ടിയുടെ നേതാവ് എന്ന നിലയിൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസൊതുക്കി വച്ചിരിക്കുന്നു എന്നാണ് പരാതി നൽകിയവർ തന്നെ പറയുന്നത്…ഏതായാലും കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പണത്തിനോടുള്ള ആർത്തി അടങ്ങാതെ വരുന്നതിന്റെ ഫലമായിട്ടാണ് ഇത്തരം ധനകാര്യ കമ്പനികളുടെ തട്ടിപ്പുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. നിയമവിധേയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദേശസാൽകൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും സഹകരണ ബാങ്കുകളും വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി 6% മുതൽ 8 ശതമാനം വരെ മാത്രം നിക്ഷേപങ്ങൾക്ക് പലിശ വാഗ്ദാനം ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള തട്ടിപ്പ് ധനകാര്യ കമ്പനികൾ 15 ശതമാനം മുതൽ 20 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തുകൊണ്ട് നിക്ഷേപമായി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. എത്ര അനുഭവങ്ങളുണ്ടായാലും ഇത്തരം കമ്പനികൾ വീണ്ടും വീണ്ടും വരുന്നതിന്

 മറ്റൊരു കാരണം കൂടി ഉണ്ട്. സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും കള്ളപ്പണം കയ്യിലുള്ള ചിലരുണ്ട്. അവരുടെ കള്ളപ്പണം ബാങ്കുകളിൽ നിക്ഷേപിക്കുവാൻ കഴിയില്ല.. . അങ്ങനെ നിക്ഷേപിച്ചാൽ ആ തുക എങ്ങനെ ഉണ്ടായി എന്നതിൻറെ സ്രോതസ്സും അത് വെളിപ്പെടുത്തിയാൽ തന്നെ ഇൻകം ടാക്സും ഒക്കെ അടക്കേണ്ടി വരും , ഇതൊന്നും ഇല്ലാതെ നിക്ഷേപം നടത്താനും പലിശ കിട്ടാനുമുള്ള എളുപ്പവഴി എന്ന നിലയിലാണ് ഇടയ്ക്കിടെ മുളച്ചു പൊന്തുന്ന ഇത്തരത്തിലുള്ള ധനകാര്യ കമ്പനികളിലേക്ക് നിക്ഷേപവുമായി ആൾക്കാർ എത്തിച്ചേരുന്നത്. ഈ വസ്തുത തിരിച്ചറിയാവുന്നതു കൊണ്ട് തന്നെ പുതിയ പുതിയ പേരുകളിലും പുതിയ ഭാവങ്ങളിലും ആയി ഇനിയും കേരളത്തിൽ സ്വകാര്യ ധനകാര്യ തട്ടിപ്പ് സ്ഥാപനങ്ങൾ വരികയും മുങ്ങുകയും ചെയ്യും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട..