അഭിനയത്തിന്റെ തീവ്രമായ ജ്വലന സ്പർശങ്ങൾ മുഖഭാവങ്ങളിൽ ലയിപ്പിച്ചു ചേർത്ത് കഥാപാത്രങ്ങളുടെ അത്ഭുതകരമായ ജീവിതപരിണാമങ്ങളെ അഭ്രപാളികളിൽ അവതരിപ്പിക്കുന്ന മഹാമാന്ത്രികനാണ് മമ്മൂട്ടി എന്ന ചലച്ചിത്ര നടൻ. മലയാള സിനിമയിൽ ഭാവ അഭിനയ ചക്രവർത്തി ആയി കഴിഞ്ഞ കാലമത്രയും വിശേഷിപ്പിച്ചിരുന്നത് അനശ്വരനായ സത്യനെ ആയിരുന്നെങ്കിൽ ഇപ്പോൾ ആ മഹാപ്രതിഭയായ സത്യന്റെ അഭിനയ വൈഭവത്തെ പോലും മറികടന്നു കൊണ്ട് മമ്മൂട്ടി എന്ന സിനിമാ നടൻ മലയാള സിനിമയിൽ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ഭ്രമയുഗം എന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം ലോക സിനിമയുടെ ശ്രദ്ധ കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു
സാധാരണ ഗതിയിൽ ഒരു സിനിമ പുറത്തുവന്നാൽ അതിൻറെ കളക്ഷൻ റെക്കോർഡുകളെ അളന്നു തൂക്കി വിലയിരുത്തുന്ന ഏർപ്പാട് മാത്രമാണ് പൊതു ചർച്ചയിൽ വരാറുള്ളത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമ യുഗം കളക്ഷന്റെ കാര്യത്തിൽ മാത്രമല്ല മലയാള സിനിമയിൽ ചരിത്രത്തെ തിരുത്തി എഴുതി ഒരു അഭിനേതാവിന്റെ അസാധാരണമായ നിറഞ്ഞാട്ടം കൊണ്ട് ശ്രദ്ധേയമായിരിക്കുന്നു മലയാളത്തിൽ നിരവധി ഹൊറർ സിനിമകൾ ഇതിനുമുമ്പും വന്നിട്ടുണ്ട് എന്നാൽ ആ ചിത്രങ്ങളുടെ എല്ലാം കഥ കൂട്ടുകൾക്കപ്പുറം സിനിമയിലെ മുഖ്യ കഥാപാത്രം പുതിയ ലോകത്തേക്ക് കാണികളെ കൊണ്ടുപോയി അവിശ്വസനീയമായ അഭിനയ മുഹൂർത്തത്തിന്റെ അത്യാത്ഭുതകരമായ ലയങ്ങളിൽ താഴ്ത്തുന്നു എന്നതാണ് ഈ മമ്മൂട്ടി ചിത്രത്തിൻറെ പ്രത്യേകത
ബഹുവർണ്ണ ചിത്രം സിനിമ ലോകത്ത് കടന്നുവന്നു അതിൻറെ മാസ്മരീകമായ വശീകരണ ശക്തിയിൽ കാണികളെ പിടിച്ചിരുത്തിയ കാലം ഉണ്ടായിരുന്നു. ഇത്തരം ബഹുവർണ്ണ ചിത്രങ്ങൾ നിറക്കൂട്ടുകളുടെ ആകർഷണീയതയിൽ കാണികളുടെ കണ്ണുകളിൽ ആസ്വാദ്യത പകർന്നു എങ്കിൽ ഭ്രമയുഗം അതിനെയെല്ലാം തിരുത്തി എഴുതിക്കൊണ്ട് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് ചെയ്തത്
ചരിത്രത്തിൻറെ ഏതോ ദിശകളിൽ ദുരൂഹവും അവ്യക്തവുമായ പ്രാകൃത അന്തരീക്ഷത്തിന്റെ ചായയിൽ ഒതുങ്ങി നിൽക്കുന്ന ചലച്ചിത്ര പശ്ചാത്തലം. കൊടുമൺ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രം അത്ഭുതകരമായ ഭാവാഭിനയത്തിലൂടെ ഈ ചലച്ചിത്രത്തെ ലോക സിനിമയുടെ മുകൾത്തട്ടിലേക്ക് ഉയർത്തിയിരിക്കുന്നു എന്നതാണ് വാസ്തവം സാധാരണ കഥാപാത്രങ്ങൾ സിനിമയിൽ മുഖത്ത് പ്രകടമാക്കുന്ന അഭിനയ ശൈലിയുടെ സിറ്റി കൊണ്ടാണ് കാണികളെ ആകർഷിക്കുന്നത് ഇവിടെ മമ്മൂട്ടി നിറക്കൂട്ടുകൾ ഇല്ലാതെ ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ കൊടുമൺ പോറ്റി യുടെ ഭീകരവും ശാന്തവും താത്വികവും അതിലുപരി അമാനുഷികവുമായ ഭാവങ്ങളെ അനാവരണം ചെയ്തുകൊണ്ട് കാണികളിൽ അത്ഭുതം നിറയ്ക്കുകയാണ്
മലയാളത്തിൽ ഇപ്പോൾ സൂപ്പർതാരങ്ങളായി ഒന്നിൽ കൂടുതൽ ആൾക്കാർ രംഗത്തുണ്ട് എന്നാൽ ഏത് സൂപ്പർതാരത്തേക്കാളും അപ്പുറത്ത് വിശദീകരിക്കാനാവാത്ത വശ്യമായ അഭിനയയിലൂടെ മമ്മൂട്ടി മായാലോകം സൃഷ്ടിച്ചിരിക്കുന്ന സിനിമയാണ് ഭ്രമയുഗം
മലയാളത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തുന്ന ഭ്രമയുഗം എന്ന സിനിമയെപ്പറ്റി ലോകപ്രശസ്തർ വരെ അഭിനന്ദനങ്ങൾ ചൊരിഞ്ഞു കൊണ്ടിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ വിക്രമാദിത്യ ഈ ചിത്രം കണ്ട ശേഷം തൻറെ ചലച്ചിത്ര ജീവിതത്തിൽ അവിശ്വസനീയമായ അനുഭവമായി മമ്മൂട്ടിയുടെ വേഷം മാറിക്കഴിഞ്ഞു എന്നാണ് അഭിപ്രായപ്പെട്ടത് സംവിധായകനായ സെൽവ രാഘവൻ ഈ ചിത്രത്തെപ്പറ്റി പറഞ്ഞത് തൻറെ സിനിമ ജീവിതത്തിൽ ഇത്ര പുതുമയാർന്ന ആവിഷ്കാരവും അഭിനയവും മറ്റൊരിടത്തും കണ്ടിട്ടില്ല എന്നാണ്
1971 ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന സത്യൻ ചിത്രത്തിൽ ഒരു മിനിറ്റ് പോലും ദൈർഘ്യമില്ലാത്ത വേഷം അഭിനയിച്ചു സിനിമയിൽ ചുവടുവെച്ച് മമ്മൂട്ടി എന്ന നടൻ 450 ൽ പരം ചിത്രങ്ങളിലൂടെ ഒരു അജയ്യത നേടി കഴിഞ്ഞു 1980 നു ശേഷമാണ് മമ്മൂട്ടി മലയാള സിനിമയുടെ ഒഴിവാക്കാനാവാത്ത ഘടകമായി വളർന്നത് അദ്ദേഹം സൂപ്പർ സ്റ്റാർ മെഗാസ്റ്റാർ തുടങ്ങിയ ആരാധകരുടെ ആദര വാക്യങ്ങൾ കൊണ്ട് മൂടി നിൽക്കുമ്പോഴും തന്നെ തേടിയെത്തുന്ന പുതിയ കഥാപാത്രങ്ങളെ സ്വന്തം ശരീരത്തിലും മനസ്സിലും നിറയ്ക്കാൻ മാത്രം ശ്രദ്ധിക്കുകയാണ് ചെയ്തിരുന്നത് മലയാളത്തിലെ പ്രഗൽഭരും പ്രശസ്തരുമായ സംവിധായകർക്കെല്ലാം ഇഷ്ട നടനായി മാറി മമ്മൂട്ടി എം ടി വാസുദേവൻ നായർ പത്മരാജൻ ഭരതൻ കെ മധു ജോഷി പി ജി വിശ്വംഭരൻ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരെല്ലാം മമ്മൂട്ടിയുടെ മുഖത്ത് ചായം തേച്ചു സ്വന്തം കഥാപാത്രങ്ങളെ ജീവസുറ്റതാക്കി മാറ്റി രാജ്യം പത്മശ്രീ നൽകി ആദരിച്ച മമ്മൂട്ടി എന്ന നടൻ മൂന്ന് തവണ അഭിനയത്തിനുള്ള ദേശീയ അവാർഡുകളും ഏഴ് തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കി കഴിഞ്ഞു
മലയാളികളുടെ പ്രിയ നടനായി വളർന്ന മമ്മൂട്ടി ഇപ്പോൾ അവക്കെല്ലാം ഉപരിയായി വളർന്ന് മലയാളികളുടെ എല്ലാം അഭിമാനമായി മാറിയിരിക്കുന്നു എന്നതാണ് ഭ്രമയുഗം എന്ന സിനിമ വെളിപ്പെടുത്തുന്നത്. സിനിമയിലെ അപൂർവമായ അഭിനയ ശൈലി മാത്രമല്ല അഭിനയിച്ച ചിത്രം സാമ്പത്തികമായി റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു എന്നതും മമ്മൂട്ടിയെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നതിന് കാരണം ആകുന്നു. ഈ പുതിയ സിനിമയും അതിലെ അസാധാരണ കഥാപാത്രവും ലോക സിനിമയ്ക്ക് പഠിക്കാനും അനുകരിക്കാനും കഴിയുന്ന അത്ഭുതമായി വളർന്നപ്പോൾ ആഹ്ലാദത്തിലും അഭിമാനത്തിലും മമ്മൂട്ടിക്ക് ഒപ്പം ഓരോ മലയാളിയും പങ്കെടുക്കുക തന്നെ ചെയ്യും