എഴുത്തുകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2010-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഇദ്ദേഹം മഹാരാജാസ് കോളേജില്‍ 23 വര്‍ഷം അധ്യാപകനായിരുന്നു.
നിരവധി ശിഷ്യസമ്പത്തുള്ള സി.ആര്‍. ഓമനക്കുട്ടന്‍ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും 150-ലേറെ കഥകളും എഴുതിയിട്ടുണ്ട്. കോട്ടയം സി.എം.എസ്. കോളേജിലും ചങ്ങാനാശ്ശേരി എസ്.ബി. കോളേജിലും പഠിച്ചിറങ്ങിയ അദ്ദേഹം ആദ്യം അധ്യാപക ജോലി ചെയ്തത് കോഴിക്കോട് മീഞ്ചന്ത കോളേജിലാണ്. അവിടെ ഒരു കൊല്ലത്തിലേറെ പഠിപ്പിച്ച ശേഷം എറണാകുളം മഹാരാജാസിലേക്ക് മാറി. 23 കൊല്ലത്തോളം മഹാരാജാസില്‍ ജോലിചെയ്തു. മഹാരാജാസില്‍വെച്ചാണ് നിരവധി ശിഷ്യസമ്പത്തുണ്ടായത്.
അടിയന്തരാവസ്ഥയില്‍ കൊല്ലപ്പെട്ട രാജനെക്കുറിച്ച് പിന്നീട് ഓമനക്കുട്ടന്‍ എഴുതിയ പുസ്തകമാണ്’ശവംതീനികള്‍’. ഒരുമാസം മുന്‍പ് കൊച്ചിയില്‍വെച്ചാണ് ഈ പുസ്തകത്തിന്റെ പ്രകാശനം നടന്നത്.ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ് മകനാണ്. ഭാര്യ: പരേതയായ ഹേമലത. മരുമകള്‍: നടി ജ്യോതിര്‍മയി.