തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം. മണിപ്പൂര്‍ സ്വദേശിയായ യുവാവാണ് ആശുപത്രിയില്‍ അക്രമാസക്തനായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസെത്തി ഇയാളെ കീഴ്‌പ്പെടുത്താന്‍ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ ഡോക്ടര്‍മാരുടെ സഹായത്തോടെ മയങ്ങാനുള്ള മരുന്ന് കുത്തിവെച്ചു. തുടര്‍ന്ന് ശാന്തനായ യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരട് റോഡില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റനിലയിലാണ് റോഡരികില്‍ കണ്ടെത്തിയത്.
എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ യുവാവ് ബോധം വീണ്ടെടുത്തു. തുടര്‍ന്ന് അക്രമാസക്തനാകുകയും ഡോക്ടര്‍മാരെയും ജീവനക്കാരെയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ലഹരി ഉപയോഗിച്ചാണ് യുവാവ് പരാക്രമം കാട്ടിയതെന്നാണ് പോലീസിന്റെ സംശയം. ഇതോടെയാണ് ഡോക്ടര്‍മാര്‍ മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച് യുവാവിനെ ശാന്തനാക്കിയത്. തുടര്‍ന്ന് ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മണിപ്പൂര്‍ സ്വദേശിയായ യുവാവ് കൊച്ചിയിലെ ഒരു ഷോപ്പിങ് മാളിലാണ് ജോലിചെയ്യുന്നത്. വിവരമറിഞ്ഞ് ഇയാളുടെ സഹപ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിരുന്നു. യുവാവിന്റെ പരാക്രമത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമം തുടങ്ങി. ബലംപ്രയോഗിച്ച് യുവാവിന്റെ കൈയുംകാലും കെട്ടിയിട്ടെങ്കിലും ഇയാള്‍ ഇതെല്ലാം അഴിച്ചുമാറ്റി. ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ പരാക്രമം തുടര്‍ന്നു. ലഹരി ഉപയോഗിച്ചാണ് യുവാവ് പരാക്രമം കാട്ടിയതെന്നാണ് പോലീസിന്റെ സംശയം.