ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പി.എം. ശ്രീനാഥ്
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പി.എം. ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് പാലക്കാട് തെക്കേ വാവന്നൂര്‍ പൊട്ടക്കുഴി മന വൃന്ദാവനത്തില്‍ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ക്ഷേത്രം തന്ത്രി പി.സി. ദിനേശന് നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് ശ്രീനാഥ് നമ്പൂതിരിയെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.
മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരില്‍ 41 ഹാജരായിരുന്നു. ഇവരില്‍ നിന്നും യോഗ്യത നേടിയ 40 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. നിലവിലെ മേല്‍ശാന്തി തോട്ടം ശിവകരന് നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്. തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും.