കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു

കല്ലമ്പലം : വീട് കുത്തിത്തുറന്ന് 35 പവനും 15,000 രൂപയും കവർന്നു. കല്ലമ്പലം-നഗരൂർ റോഡിൽ കാരുണ്യ ആശുപത്രിക്കു സമീപം ഫിസാനമൻസിലിൽ ജാഫറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ കല്ലമ്പലം പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇരുനിലവീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഇതേ അലമാരയിൽത്തന്നെയാണ് 15,000 രൂപയും സൂക്ഷിച്ചിരുന്നത്. മോഷണം നടക്കുമ്പോൾ ജാഫറുദ്ദീനും കുടുംബവും വീട്ടിലുണ്ടായിരുന്നു. ഇവർ വീടിന്റെ ഒന്നാംനിലയിലെ കിടപ്പുമുറിയിലാണ് ഉറങ്ങിയത്. രാവിലെ ഉണർന്ന് താഴെയെത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് കാണുന്നത്. കിടപ്പുമുറിയിലെത്തിയപ്പോൾ അലമാര കുത്തിത്തുറന്ന് സാധനങ്ങൾ പുറത്തിട്ടനിലയിൽ കണ്ടു. ഉടൻതന്നെ കല്ലമ്പലം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അന്വേഷണം തുടങ്ങിയതായി ഇൻസ്പെക്ടർ വിജയരാഘവൻ പറഞ്ഞു. വിരലടയാളവിദഗ്‌ധരും ശാസ്ത്രീയവിദഗ്‌ധരും തെളിവുകൾ ശേഖരിച്ചു.