കാറിലെത്തിയ യുവതി ഓണംബംപര്‍ ടിക്കറ്റുവാങ്ങിയിട്ട്; പണംനല്‍കാതെ കടന്നതായി പരാതി
ഹരിപ്പാട്: കാറിലെത്തിയ യുവതി 500 രൂപവീതം വിലവരുന്ന രണ്ട് ഓണംബംപര്‍ ടിക്കറ്റുവാങ്ങിയിട്ട് പണംനല്‍കാതെ കടന്നതായി പരാതി. കാര്‍ത്തികപ്പള്ളി-ഡാണാപ്പടി റോഡിലെ വാതല്ലൂര്‍ കോയിക്കല്‍ ക്ഷേത്രത്തിനു തെക്ക് വഴിയോരത്ത് ഭാഗ്യക്കുറി വില്‍ക്കുന്ന വെട്ടുവേനി അനിഴം വീട്ടില്‍ പ്രീതയാണു കബളിപ്പിക്കപ്പെട്ടത്. ബുധനാഴ്ച രാവിലെയാണു സംഭവം. തട്ടിയെടുത്ത ഭാഗ്യക്കുറികള്‍ക്കു സമ്മാനം ലഭിച്ചിട്ടില്ല. കാറില്‍നിന്നിറങ്ങിയ യുവതി പ്രീതയുടെ അടുത്തെത്തി ഓണംബംപര്‍ ടിക്കറ്റുകളെല്ലാം പരിശോധിച്ചു. തുടര്‍ന്ന്, രണ്ടു ടിക്കറ്റുകളെടുത്തിട്ട് കാറിലിരിക്കുന്ന ഭര്‍ത്താവിനെ കാണിച്ച് ഇഷ്ടപ്പെട്ട നമ്പര്‍ തിരഞ്ഞെടുക്കാമെന്നു പറഞ്ഞു. ആദ്യം കാറിനു വെളിയില്‍നിന്ന് വണ്ടിയിലിരുന്ന ആളിനെ ഭാഗ്യക്കുറികള്‍ കാട്ടിക്കൊടുത്തു. പിന്നാലെ പണം എടുത്തുനല്‍കാമെന്നു പറഞ്ഞ് വണ്ടിയിലേക്കു കയറി. അടുത്തനിമിഷം കാര്‍ വിട്ടുപോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ തൃക്കുന്നപ്പുഴ പോലീസില്‍ അറിയിച്ചു. പോലീസ് പ്രീതയുടെ മൊഴിരേഖപ്പെടുത്തി. ഭാഗ്യക്കുറിയുടെ നമ്പരുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി പ്രീത പരാതി നല്‍കിയിട്ടുണ്ട്.