നിലയ്ക്കാതെ ലഹരി കടത്ത് : 39.589 ഗ്രാം MDMA യുമായി യുവ എഞ്ചിനീയര്‍ അമരവിള ചെക്ക്പോസ്റ്റില്‍ അറസ്റ്റില്‍.

അമരവിള: അമരവിള എക്സൈസ് ചെക്ക്പോസ്റ്റിലെ സർക്കിൾ ഇൻസ്‌പെക്ടർ സി പി പ്രവീണിന്റെ നിര്‍ദ്ദേശാനുസരണം എക്സൈസ് ഇൻസ്‌പെക്ടർ സജിത്തും പാര്‍ട്ടിയും നടത്തിയ വാഹനപരിശോധനയിൽ ബാംഗ്ലൂരിൽനിന്ന് വന്ന വോൾവോ സ്ലീപ്പർ ബസ്സിലെ യാത്രക്കാരനായ 22 വയസ്സുള്ള നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ എക്സ് സർവീസ് കോളനിയിൽ പച്ച പാലോട് വട്ടക്കരിക്കകം തൊഴിയിൽ വീട്ടിൽ താജുദ്ധീൻ മകൻ മുഹമ്മദ് ഷിജാസ്. റ്റി എന്ന വ്യക്തിയിൽ നിന്നും വ്യാവസായിക അളവിൽ ഉള്ള മാരക മയക്ക്മരുന്നായ 39.589 ഗ്രാം MDMA പിടിച്ചെടുത്തു. ഇയാൾ നാല് ദിവസം മുൻപ് മലപ്പുറം പോകുന്നു എന്ന് വീട്ടിൽ അറിയിച്ചശേഷം ബാംഗ്ലൂരിൽ മടിവാളയിൽ മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന ഒരു വീട്ടിൽ തങ്ങുകയും അവിടെ വച്ച്‌ പരിചയപ്പെട്ട കാസറഗോഡ് സ്വദേശിയായ ശ്രീരാഗ് എന്ന വ്യക്തിയിൽ നിന്നും 39.589 ഗ്രാം MDMA വാങ്ങുകയുമായിരുന്നു. മലയാളികളായ വിദ്യാർത്ഥികൾക്ക് ബാംഗ്ലൂരിൽ MBBS ഉൾപ്പടെയുള്ള കോഴ്‌സുകൾക്ക് അഡ്മിഷൻ എടുത്ത് നൽകുന്ന ജോലിയാണ് ശ്രീരാഗിനെന്നും ഇയാൾ ആണ് ബാംഗ്ലൂരിൽ മലയാളീ വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് എത്തിച്ച് നൽകുന്നതെന്നും പ്രതി പറഞ്ഞു. ഇയാളെ കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. അര ഗ്രാം MDMA കൈവശം വയ്ക്കുന്നത് തന്നെ പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ്. 5 ഗ്രാമിന് മുകളിൽ MDMA യുമായി പിടിക്കപ്പെട്ടാൽ ഏറ്റവും കുറഞ്ഞത് 10 വർഷം മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കും.

എക്സൈസ് ഇൻസ്‌പെക്ടർ സജിത്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്‌, അരുൺ മോഹൻ, വിഷ്ണു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.