പെൻസിലിന് വില കൂടുന്നു; നരേന്ദ്ര മോദിക്ക് കത്തെഴുതി 6 വയസ്സുകാരി

ന്യൂഡൽഹി: വിലക്കയറ്റത്തിന്‍റെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് ആറ് വയസുകാരി. പെൻസിലുകളുടെയും നൂഡിൽസിന്‍റെയും വില വർധിച്ചത് പരാമർശിച്ചുകൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. തന്നെ ബാധിക്കുന്ന വിഷയമാണ് കുട്ടി കത്തിൽ പരാമർശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തർ പ്രദേശിലെ കനൗജ് ജില്ലയിലെ ചിബ്രമൗ പട്ടണത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ കൃതി ദുബെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കത്തിൽ പറയുന്നത് ഇങ്ങനെ.
“എന്റെ പേര് കൃതി ഡുബെ എന്നാണ്. ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. മോദിജീ, വലിയതോതിൽ വിലക്കയറ്റം ഉണ്ടാകുന്നു. എന്റെ പെൻസിലിനും റബ്ബറിനും (ഇറേസർ) വില കൂടി. മാഗി നൂഡിൽസിന്റെ വിലയും വർധിച്ചു. ഒരു പെൻസിൽ ചോദിക്കുമ്പോൾ ഇപ്പോൾ അമ്മയെന്നെ അടിക്കും. എന്താണ് ഞാൻ ചെയ്യേണ്ടത്? മറ്റു കുട്ടികൾ എന്റെ പെൻസിൽ മോഷ്ടിച്ച് കൊണ്ടു പോകുന്നു.”
ഹിന്ദിയിൽ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകളുടെ ‘മൻ കി ബാത്ത്’ ആണെന്ന് കൃതിയുടെ പിതാവും അഭിഭാഷകനുമായ വിശാൽ ദുബെ പറഞ്ഞു. സ്കൂളിൽ വച്ച് പെൻസിൽ നഷ്ടപ്പെട്ടതിന് കുട്ടിയുടെ അമ്മ ശകാരിച്ചിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി കത്തെഴുതിയതെന്നും പിതാവ് പറഞ്ഞു.