ഒഡിഷ ട്രെയിൻ ദുരന്തം: റെയിൽവേ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ സിബിഐ പിടിച്ചെടുത്തു

ഒഡിഷ:  ഒഡിഷ ട്രെയിന്‍ ദുരന്തത്തിൽ സിബിഐ റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അപകടദിവസം ബഹനാഗ സ്‌റ്റേഷനില്‍ ജോലിയില്‍ ഉണ്ടായിരുന്ന ആറ് ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യലിന് വിധേയമാക്കി. പിടിച്ചെടുത്ത ഫോണുകളിലെ കോള്‍ റെക്കോഡുകള്‍, വാട്‌സ് ആപ്പ് കോളുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയെല്ലാം സിബിഐ പരിശോധിച്ചു വരികയാണ്. കോറമാൻഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിനെ അന്വേഷക സംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും. നിലവിൽ പരിക്കേറ്റ് ഭുവനേശ്വറിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാൾ. സംഭവത്തിൽ കൂടുതൽപ്പേരുടെ മൊഴിയെടുക്കുമെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്റർലോക്കിങ് സിഗ്‌നൽ സംവിധാനത്തിലുണ്ടായ തകരാറ് മാത്രമാണോ അപകടകാരണമായാതെന്ന് പരിശോധിക്കും. വളരെ വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ലക്ഷ്യം. അപകടമുണ്ടായ ബഹനാഗ റെയില്‍വേ സ്‌റ്റേഷനില്‍ സിബിഐ സംഘവും ഫോറന്‍സിക് ടീമും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സിഗ്നല്‍ റൂം പരിശോധിച്ച വിദഗ്ധ സംഘം ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. അട്ടിമറി സാധ്യത ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ സാങ്കേതിക പരിശോധനകളും നടത്തും. ദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടിരുന്നു.