പഴയത് നല്‍കി പുതിയത് വാങ്ങാന്‍ അ‌വസരമൊരുക്കി ഫ്ലിപ്പ്കാര്‍ട്ട്; വീട്ടില്‍ വന്ന് സാധനമെടുക്കും!

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി ഇ- കൊമേഴ്സ് രംഗത്തെ വമ്ബനായ ഫ്ലിപ്പ്കാര്‍ട്ട്  രംഗത്ത്. ഉപയോക്താക്കള്‍ക്ക് അ‌വര്‍ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഉപകരണങ്ങള്‍ക്ക് പകരം പുതിയ ഉപകരണങ്ങള്‍ സ്വന്തമാക്കാൻ അ‌വസരം നല്‍കുന്ന വിധത്തിലാണ് ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ എക്സ്ചേഞ്ച് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രവര്‍ത്തന രഹിതമായ ഉപകരണങ്ങളും പഴക്കം മൂലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപകരണങ്ങളും ഇത്തരത്തില്‍ മാറ്റി വാങ്ങിക്കാൻ സാധിക്കും. സ്‌മാര്‍ട്ട്‌ഫോണുകള്‍, ഫീച്ചര്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ മുതല്‍ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീൻ, ടെലിവിഷൻ, തുടങ്ങിയ വീട്ടുപകരണങ്ങള്‍ വരെ ഇത്തരത്തില്‍ എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ പുതുക്കി വാങ്ങാം എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് അ‌റിയിക്കുന്നത്.

എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമാകുന്ന ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ബൈബാക്ക് ഓഫറുകള്‍, അപ്‌ഗ്രേഡുചെയ്‌ത ഉല്‍പ്പന്നങ്ങളുടെ കൈമാറ്റം, പ്രവര്‍ത്തിക്കാത്ത വീട്ടുപകരണങ്ങള്‍ വീട്ടില്‍വന്ന് എടുത്തുകൊണ്ടുപോകാനുള്ള സൗകര്യം എന്നിവ ഉണ്ടാകുമെന്ന് ഫ്ലിപ്പ്കാര്‍ട്ട് അ‌റിയിക്കുന്നു. ഉപയോഗശൂന്യമായ വീട്ടുപകരണങ്ങളും സാധനങ്ങളും ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് വിശദീകരിക്കുന്നത്.

ഉപയോഗിക്കാൻ പറ്റാതായ ഉപകരണങ്ങള്‍ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ അ‌നുയോജ്യമായ ആളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരെ രക്ഷിക്കാൻ തങ്ങളുടെ എക്സ്ചേഞ്ച് പ്രോഗ്രാം ഏറെ സഹായകമാകുമെന്ന് ഫ്ലിപ്പ്കാര്‍ട്ട് പറയുന്നു. അ‌തോടൊപ്പം തന്നെ പുതിയ ഉപകരണം വാങ്ങാനും ഫ്ലിപ്പ്കാര്‍ട്ട് സഹായിക്കും. അ‌തിനായി പഴയ ഉപകരണങ്ങള്‍ക്ക് മികച്ച മൂല്യം ഫ്ലിപ്പ്കാര്‍ട്ട് നല്‍കും.