ഗോസംരക്ഷകന്‍ മോനുമനേസര്‍ എവിടെ.. പശുക്കള്‍ ചത്തുവീഴുന്നത് കാണുന്നില്ലേ….

‘ഞങ്ങള്‍ ഒന്നേ പറയുന്നുള്ളൂ, പശുവിനെ കൊന്നാല്‍ അതിനുള്ള ശിക്ഷ തീര്‍ച്ചയായും ലഭിക്കും’, പശു സംരക്ഷകന്‍ എന്നറിയപ്പെടുന്ന മോനു മനേസര്‍ തന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് വിവരിക്കുമ്പോള്‍ പറഞ്ഞ വാക്കുകളാണിത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ട് മുസ്ലീം യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മോനു ഒളിവിലാണ്. ഹരിയാനയിലെ നുഹിലും ഗുരുഗ്രാമിലും നടന്ന വര്‍ഗീയ കലാപത്തിന് മുമ്പ് നടത്തിയ പ്രകോപനപരമായ പ്രസ്താവനകളിലൂടെയാണ് മോനു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

രണ്ട് സംസ്ഥാനങ്ങളിലെ (ഹരിയാന, രാജസ്ഥാന്‍) പോലീസിന് ഒളിവില്‍ കഴിയുന്ന മോനുവിനെ കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല, പക്ഷേ അദ്ദേഹം ടിവി ചാനലുകളില്‍ പരസ്യമായി അഭിമുഖങ്ങള്‍ നല്‍കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ആരാണ് മോനുവിനെ സംരക്ഷിക്കുന്നത് എന്ന പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ആരുടെ സഹായത്തോടെയാണ് അദ്ദേഹം ഗോസംരക്ഷണത്തിന്റെ പേരില്‍ ഇത്ര ഭയമില്ലാതെ നിയമം കയ്യിലെടുക്കുന്നത്? എങ്ങനെയാണ് അയാള്‍ ഇതെല്ലാം ചെയ്യുന്നത്?

മോനു മനേസറിനെ ശക്തനാക്കുന്നത് രാജ്യത്തെ ഭരണ സംവിധാനങ്ങളാണ്. ഇയാളുടെ സംസ്ഥാനത്തെ പൊലീസുകാരും ഇയാള്‍ക്ക് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിനുള്ള ഒത്താശ ചെയ്തു നല്‍കുന്നു.

ഇതെല്ലാം പശു സംരക്ഷണത്തിനാണ് എന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ പശു സംരക്ഷണം എന്നത് രാജ്യത്ത് നടപ്പിലാകുന്നുണ്ടോ എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊന്നു തള്ളുക മാത്രമല്ല, പശുക്കളെ ഇതിലേക്ക് വലിച്ചിഴച്ച് ഒടുക്കം അവയും പട്ടിണിയില്‍ ചത്തൊടുങ്ങുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഗോസംരക്ഷണത്തിന്റെ പേരില്‍ ആളെക്കൊല്ലുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ പശുസംരക്ഷണം കൃത്യമായി നടപ്പിലാകുന്നില്ല. യുപിയിലെ ഗോശാലകളിലെ പശുക്കളുടെ ദയനീയ സ്ഥിതി സംബന്ധിച്ച് ‘ദ പ്രിന്റ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി ഉത്തര്‍പ്രദശിലെ തലസ്ഥാന നഗരിയായ ലഖ്നൗവില്‍ നിന്ന് മാറി ഏകദേശം 20 കിലോമീറ്റര്‍ അപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഫറൂഖാബാദ്, പശുജഢങ്ങള്‍ നിക്ഷേപിക്കുന്ന ഒരിടമായി മാറിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം രണ്ടുമുതല്‍ മൂന്നുവരെ പശുജഢങ്ങള്‍ ഇവിടെ വലിച്ചെറിയപ്പെടാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടങ്ങളിലെ മാത്രമല്ല, സമീപത്തുള്ള മറ്റ് ഗ്രാമങ്ങളിലെയും കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന് അനുദിനം ചത്തുവീഴുന്ന പശുക്കളെ ഗ്രാമവാസികള്‍ ഇവിടെക്കൊണ്ട് തള്ളാറാണ് പതിവ്.

പശുസംരക്ഷണം മുന്‍നിര്‍ത്തിയാണ് യോഗി ആദിത്യനാഥ് 2017ല്‍ അധികാരത്തിലേറിയത്. തുടര്‍ന്ന് 2020ഓടെ പശുസംരക്ഷണ ബില്‍ പാസാക്കുകയും അതിനാവശ്യമായ ഹെല്‍പ്പ് ഡസ്‌കുകള്‍ സംസ്ഥാനത്തൊട്ടാകെ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പശുസംരക്ഷണം നടപ്പാകുന്നത് സംബന്ധിച്ച് ജനങ്ങളില്‍ ഇന്നും ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പശുസംരക്ഷണം സംബന്ധിച്ചുള്ള എല്ലാ വെല്ലുവിളികള്‍ക്കും പരിഹാരം കാണുമെന്ന് മോഡി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇതിനായി കൊണ്ടുവന്ന പദ്ധതികളെല്ലാം പാളിയമട്ടാണ്. ഇത് സ്ഥിരീകരിക്കുന്ന രണ്ട് വീഡിയോയും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഗോശാലയില്‍ പശുക്കള്‍ക്ക് വേണ്ടത്ര തീറ്റ ലഭിക്കുന്നില്ല. ദിവസത്തില്‍ ഒരു തവണ മാത്രമാണ് പശുക്കള്‍ക്ക് വെള്ളം പോലും കൊടുക്കുന്നത്. ഗോശാലയില്‍ നിന്ന് വെളിയില്‍പോകുന്ന പശുക്കള്‍ വിഷംതീണ്ടിയും ചാകാറുണ്ട്. പശുക്കള്‍ക്ക് തീറ്റ വാങ്ങാനുള്ള പണമില്ലെന്നാണ് പശുക്കള്‍ക്കുവേണ്ടി ബജറ്റില്‍ നീക്കിയിരുപ്പ് വരെ കണക്കാക്കിയ സര്‍ക്കാരിന്റെതന്നെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ കുറവാണ് ഭൂരിഭാഗം ഗോശാലകളിലും. 102 ഓളം പശുക്കളെ നോക്കാന്‍പോലും ഒരാളാണുള്ളത്. ഇത് എല്ലാ പശുക്കള്‍ക്കും കൃത്യ സമയത്ത് തീറ്റകൊടുക്കുന്നതിന് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ശരിയായ മതില്‍ക്കെട്ടില്ലാത്തതിനാല്‍ പുറത്തുചാടുന്ന പശുക്കള്‍ തൊട്ടടുത്ത കൃഷിയിടങ്ങളിലെ വിളനാശം വരുത്തുന്നതും പതിവാണ്. പാലുല്പാദനം നടത്താന്‍ കഴിവില്ലാത്ത പശുക്കളെ ഗോവധനിരോധനം ഏര്‍പ്പെടുത്താത്ത സംസ്ഥാനങ്ങളിലേക്ക് അയക്കാമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞിട്ടുണ്ടെങ്കിലും ഗോസംരക്ഷകരുടെ അമിതാവേശം കന്നുകാലികളെ കയറ്റി അയക്കുന്നതിനും തടസമാകുന്നുണ്ട്.

ചത്ത പശുക്കളുടെ ജഢം എങ്ങനെ സംസ്‌കരിക്കണമെന്ന പ്രോട്ടോക്കോളും ഇവിടെ പാലിക്കപ്പെടുന്നില്ല. അതിരൂക്ഷമായ ദുര്‍ഗന്ധത്തിനുപുറമെ രോഗബാധയ്ക്കും ചത്തപശുക്കളുടെ മാലിന്യം കാരണമാകുന്നതായാണ് പ്രദേശവാസികളുടെ ആശങ്ക.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (202122) സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് മൊത്തം 1,369 കോടി രൂപ ചെലവഴിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബജറ്റ് വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഈ പണമെല്ലാം ഏത് വഴിക്കാണ് ചെലവായതെന്നതിന് കൃത്യമായ കണക്കുകള്‍ എവിടെയും ലഭ്യമല്ല.
ഉത്തര്‍പ്രദേശിലുടനീളം ആകെ 5,173 ഗോശാലകളാണുള്ളത്. 187 സ്ഥിരം ഗോശാലകള്‍, 4,485 താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, 172 ‘കന്‍ഹ’ ഗോശാലകള്‍ (യുപിയിലെ ഏറ്റവും വലിയ പശുസംരക്ഷണ കേന്ദ്രം), 329 ‘കഞ്ചി ഹൗസ്’, തുടങ്ങി നിലവില്‍ 7,14,506 കന്നുകാലികളെ പാര്‍പ്പിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
പര്യാപ്തമല്ലെങ്കില്‍ക്കൂടി സംസ്ഥാന സര്‍ക്കാര്‍ ഗോശാലകള്‍ക്ക് അവയുടെ പരിപാലനത്തിനായി ഒരു മൃഗത്തിന് പ്രതിദിനം 30 രൂപ നല്‍കുന്നുമുണ്ട്. എന്നാല്‍ അത്രപോലും കന്നുകാലികള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു വാസ്തവം.
ഗോശാലയിലെ ആരോപണങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിട്ടുണ്ടെന്നും ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെറ്ററിനറി ഓഫീസറെ അയച്ചിട്ടുണ്ടെന്നുമാണ് സംഭവത്തെക്കുറിച്ച് ലഖ്‌നൗവിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡി കെ ശര്‍മ്മയുടെ പ്രതികരണം.
പശുക്കള്‍ക്കെതിരെ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുപിയില്‍ പതിവാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപുറമെയാണ് ഗോശാലകളിലെ ദയനീയ സ്ഥിതികൂടി പുറത്തുവന്നിരിക്കുന്നത്. പശുസംരക്ഷണം ജനങ്ങളുടെ കണ്ണില്‍പൊടിയിടാനും മതവര്‍ഗീയത ആളിക്കത്തിക്കാനുമുള്ളതാണെന്നതിന് കൂടുതല്‍ വ്യക്തത കൈവന്നിരിക്കുകയാണ് ഇതിലൂടെയെന്നാണ് മാധ്യമനിരീക്ഷകരുടെ വിലയിരുത്തലുകള്‍.