വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ഡൽഹി: തിരുവനന്തപുരത്ത് നിന്നും കാസർഗോഡേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹർജി അനുവദിച്ചാൽ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹർജിയും കോടതിയിലേക്ക് എത്തും. അതിനാൽ ഇപ്പോൾ പോകുന്ന പോലെ ട്രെയിൻ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ പിടി ഷീജിഷ് ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അഭിഭാഷകരായ ശ്രീറാം പറക്കാട്, എംഎസ് വിഷ്ണു ശങ്കർ എന്നിവരാണ് ഹാജരായത്. രാഷ്ട്രീയ കാരണങ്ങള്‍ മൂലമാണ് സ്റ്റോപ്പ് അനുവദിക്കാത്തതെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.